
കൽപറ്റ ∙ വർഷത്തിൽ ഒരുതവണയെങ്കിലും പഴയ ബസ് സ്റ്റാൻഡിലെ ശുചിമുറി സമുച്ചയം അടച്ചിടുന്ന പതിവ് ഇത്തവണയും അധികൃതർ തെറ്റിച്ചില്ല. ടാങ്കുകളുടെ അറ്റകുറ്റപ്പണിക്കെന്ന പേരിൽ ശുചിമുറി സമുച്ചയം അടച്ചിട്ടിട്ട് ഒരുമാസം കഴിഞ്ഞു.
നഗരമധ്യത്തിൽ തന്നെയുള്ള ശുചിമുറി സമുച്ചയം അടച്ചതോടെ യാത്രക്കാരും സമീപത്തെ വ്യാപാരികളും ദുരിതത്തിലായി. ആവശ്യക്കാർ സമീപത്തെ ഹോട്ടലുകളെയും മറ്റും ആശ്രയിക്കേണ്ട ഗതികേടാണ്.
ജില്ലാ ആസ്ഥാനമായ കൽപറ്റയിൽ പഴയ ബസ് സ്റ്റാൻഡ്, പുതിയ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ മാത്രമാണു പൊതുശുചിമുറികളുള്ളത്.
നഗരസൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായ നടപ്പാതകളുടെ നിർമാണത്തിനായി ബസ് സ്റ്റാൻഡ് ഒരുമാസം മുൻപ് താൽക്കാലികമായി അടച്ചിട്ടിരുന്നു. ബസ് സ്റ്റാൻഡ് തുറക്കുന്നതോടെ, ശുചിമുറി കോംപ്ലക്സും തുറക്കുമെന്നായിരുന്നു യാത്രക്കാരും വ്യാപാരികളും കരുതിയിരുന്നത്. എന്നാൽ,- ബസ് സ്റ്റാൻഡ് കഴിഞ്ഞദിവസം തുറന്നു കൊടുത്തെങ്കിലും ശുചിമുറി കോംപ്ലക്സ അടഞ്ഞുകിടക്കുകയാണ്.
അറ്റകുറ്റപ്പണി തന്നെ…
2019 ഡിസംബർ 27നാണ് 38 ലക്ഷം രൂപ മുടക്കി കെട്ടിടം നവീകരിച്ചത്. നവീകരണത്തിനു ശേഷം 5 ൽ അധികം തവണയാണ് ഇവിടെ അറ്റകുറ്റപ്പണി നടത്തിയത്. ലക്ഷക്കണക്കിനു രൂപ ചെലവാക്കിയിട്ടും ശുചിമുറി സമുച്ചയത്തിൽ നിന്നുള്ള മലിനജലം പരന്നൊഴുകുന്നതിന് ശാശ്വത പരിഹാരമായിട്ടില്ല. പരിസരമാകെ ദുർഗന്ധം പടർന്നിട്ടും അധികൃതർ തിരിഞ്ഞു നോക്കിയിട്ടില്ല.ബസുകൾ കടന്നുപോകുമ്പോൾ, ബസ് കാത്തുനിൽക്കുന്നവരുടെ ദേഹത്തേക്കും സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്കും ചെളി തെറിക്കുകയാണ്.
ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾക്കകം കെട്ടിടത്തിന്റെ പലഭാഗങ്ങളും പൊട്ടിപ്പൊളിഞ്ഞിരുന്നു. ടാങ്കുകൾ ചോർന്ന് മലിനജലം പുറത്തെക്കൊഴുകാനും തുടങ്ങിയിരുന്നു.
പഴയ സ്റ്റാൻഡ് പ്രവർത്തനം തുടങ്ങി
നഗരസൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായ നടപ്പാത നിർമാണത്തിനായി താൽക്കാലികമായി അടച്ചിട്ട
പഴയ ബസ് സ്റ്റാൻഡ് വീണ്ടും തുറന്നു. കഴിഞ്ഞ ഞായറാഴ്ച ബസ് സ്റ്റാൻഡ് തുറന്നുകൊടുത്തിരുന്നുവെങ്കിലും എല്ലാ ബസുകളും അകത്തേക്ക് വന്നിരുന്നില്ല.
എന്നാൽ, തിങ്കളാഴ്ചയോടെ പഴയതുപോലെ എല്ലാ ബസുകളും സ്റ്റാൻഡിലേക്ക് പ്രവേശിച്ചുതുടങ്ങി. മാസങ്ങൾക്കു മുൻപാണ് നടപ്പാത നിർമാണത്തിനായി പഴയ ബസ് സ്റ്റാൻഡ് അടച്ചത്.
ബസ് സ്റ്റാൻഡിനു മുൻപിലെ ഓട്ടോ സ്റ്റാൻഡിൽ പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. 4 ഓട്ടോറിക്ഷകൾക്ക് നിർത്തിയിടാനാണ് നിലവിൽ അനുമതിയുള്ളത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]