
പിണങ്ങോട് ∙ വെങ്ങപ്പള്ളി പഞ്ചായത്തിൽ ആഫ്രിക്കൻ ഒച്ച് വ്യാപിച്ച 12, 13 വാർഡുകളിൽ നിർമാർജനത്തിന്റെ ഭാഗമായി ജനകീയ തിരച്ചിൽ സംഘടിപ്പിച്ചു. പഞ്ചായത്ത്, കൃഷിഭവൻ എന്നിവയുടെ നേതൃത്വത്തിലാണ് തിരച്ചിൽ നടത്തിയത്.
രാവിലെ 9.30ന് യോഗം ചേർന്നതിനു ശേഷമാണ് സംഘം വിവിധ ഇടങ്ങളിലേക്ക് നീങ്ങിയത്.ഒച്ചുകൾ ഏറെയുള്ള പുഴയ്ക്കൽ മുതൽ ഹൈസ്കൂൾ വരെയുള്ള ഭാഗങ്ങളിലാണ് തിരച്ചിൽ നടത്തിയത്. കെട്ടിടങ്ങളുടെ ചുവരിൽ അടക്കം ഇവയെ കണ്ടെത്തി.
ഉച്ചയ്ക്ക് 2 വരെ നടത്തിയ തിരച്ചിലിൽ രണ്ടായിരത്തോളം ഒച്ചുകളെ പിടികൂടി. തുടർന്ന് ഇവയെ കൂട്ടത്തോടെ വലിയ പാത്രത്തിൽ നിക്ഷേപിച്ച് ഉപ്പ് വിതറി.
ഇന്ന് രാവിലെയോടെ ഇവയുടെ ജീവനും മുട്ടകളും നശിക്കും.
ശേഷിക്കുന്ന പുറന്തോട് കത്തിച്ചു കളയും. ജനകീയ തിരച്ചിലിന്റെ രണ്ടാം ഘട്ടം അടുത്തയാഴ്ച സംഘടിപ്പിക്കുമെന്ന് അധികൃതർ പറഞ്ഞു.
350 ഗ്രാം വരെ തൂക്കം വരുന്നവ ഇക്കൂട്ടത്തിലുണ്ട്. നാട്ടുകാർ, ജനപ്രതിനിധികൾ, വിവിധ സന്നദ്ധ പ്രവർത്തകർ, കുടുംബശ്രീ, തൊഴിലുറപ്പ് ജീവനക്കാർ, കൃഷി വിജ്ഞാൻ കേന്ദ്രം, പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം അധികൃതർ അടക്കം 200ഓളം പേരാണ് തിരച്ചിലിൽ പങ്കെടുത്തത്.
ഭീകരനാണ് ആഫ്രിക്കൻ ഒച്ച്
കാൽസ്യം ലഭിക്കാൻ കല്ല്, സിമന്റ് അടക്കം ഈ ഒച്ച് അകത്താക്കാറുണ്ടെന്ന് അധികൃതർ പറഞ്ഞു.
ഇലകളും കിഴങ്ങുവർഗങ്ങളുമാണു പ്രധാന ആഹാരം. ഇലകൾ തിന്നു ചെടികളെ പൂർണമായും നശിപ്പിക്കും.
വാഴ, ചേമ്പ്, പപ്പായ, കാപ്പിയുടെ ഇല, കിഴങ്ങു വർഗങ്ങൾ എന്നിവയാണ് തിന്നു നശിപ്പിക്കുന്നവയിൽ പ്രധാനം. മനുഷ്യരിൽ വിവിധ ആരോഗ്യ പ്രശ്നത്തിനും ആഫ്രിക്കൻ ഒച്ച് കാരണമാകുന്നതായി അധികൃതർ പറഞ്ഞു.
5 മുതൽ 7 വർഷം വരെയാണ് ഒച്ച് ജീവിക്കുന്നത്. ഇതിനിടെ 1000 മുതൽ 1200 വരെ മുട്ടകൾ ഇടുകയും അതിൽ 1000 എണ്ണം വിരിയുകയും ചെയ്യും.
പിണങ്ങോടിനെകീഴടക്കി ഒച്ചുകൾ
വർഷം മുൻപാണ് പ്രദേശത്ത് ആഫ്രിക്കൻ ഒച്ചുകളുടെ സാന്നിധ്യം കണ്ടെത്തിയത്. പിന്നീട് അവ പെറ്റു പെരുകി ഒരു പ്രദേശമാകെ കീഴടക്കിയ അവസ്ഥയിലായി. വളരെ വേഗത്തിലാണ് വ്യാപനം.
കൃഷിയിടങ്ങളിലേക്ക് എത്തിക്കുന്ന നടീൽ വസ്തുക്കളിലൂടെയാവാം ഇവ പ്രദേശത്ത് എത്തിയത് എന്നാണ് നിഗമനം. വാഹനങ്ങളുടെ ടയറിൽ ഒട്ടിപ്പിടിച്ച് മറ്റ് ദിക്കിലും ഇവ എത്താനുള്ള സാധ്യത ഏറെയാണ്.
ഇങ്ങനെ എത്തുന്നവ ആ പ്രദേശം ഒന്നാകെ കയ്യടക്കും. പിണങ്ങോട് ഭാഗത്ത് ഇതിനെ ആദ്യം കണ്ടെത്തിയപ്പോൾ തന്നെ പ്രതിരോധ നടപടികൾ നടപ്പാക്കിയിരുന്നെങ്കിൽ ഇത്രയധികം വ്യാപിക്കുമായിരുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]