
ഗുണ്ടൽപേട്ടിൽ പൂക്കാലം വരവായി; സൂര്യകാന്തിപ്പൂക്കൾ വിടർന്നു തുടങ്ങി
ബത്തേരി ∙ വീണ്ടുമൊരു പൂക്കാലത്തിന്റെ വരവറിയിക്കുകയാണ് വയനാടൻ അതിർത്തിയിലെ കർണാടക ഗ്രാമമായ ഗുണ്ടൽപേട്ട്. നോക്കെത്താ ദൂരം പരന്നു കിടക്കുന്ന പാടങ്ങളിൽ അങ്ങിങ്ങ് സൂര്യകാന്തിപ്പൂക്കൾ വിടർന്നു തുടങ്ങി.
ജൂലൈ പകുതിയിലും ഓഗസ്റ്റ് ആദ്യവാരങ്ങളിലും ചെണ്ടുമല്ലിയുടെയും സൂര്യകാന്തിയുടെയും വിസ്മയക്കാഴ്ചകൾ നിറയുന്ന ഗ്രാമമായി ഗുണ്ടൽപേട്ട് മാറും. നേരത്തേ സൂര്യകാന്തിയുടെ കൃഷിയിറക്കിയ പാടങ്ങളാണ് ഇപ്പോൾ പൂത്തു തുടങ്ങിയിട്ടുള്ളത്.
ചെണ്ടുമല്ലിയാകട്ടെ പലയിടത്തും തൈകൾ വളർന്നു വരുന്നതേയുള്ളു. ഓണക്കാലമാകുമ്പോഴേക്കും ചെണ്ടുമല്ലി വിളവെടുപ്പിന്റെ സീസണാകും.
വയനാട് വന്യജീവി സങ്കേതത്തിലൂടെ ദേശീയപാത വഴി വയനാട് അതിർത്തി കഴിഞ്ഞാൽ പിന്നെ 19 കിലോമീറ്റർ കർണാടകയിലെ ബന്ദിപ്പൂർ കടുവാ സങ്കേതമാണ്. അതു കഴിഞ്ഞാൽ ഗുണ്ടൽപേട്ട് ടൗൺ വരെ 15 കിലോമീറ്റർ ദേശീയപാതയ്ക്കിരുവശവുമുള്ള ഗ്രാമങ്ങളിൽ സൂര്യകാന്തിക്കു പുറമേ ചെണ്ടുമല്ലിയും ജമന്തിയും വരും മാസങ്ങളിൽ പൂത്തു വിടരും.
3 മാസത്തേക്കാണ് ഗ്രാമീണരുടെ പൂക്കൃഷി. വിത്തും വളവുമെല്ലാം വിവിധ കമ്പനികളാണ് നൽകുന്നത്.
സൂര്യകാന്തി ഭക്ഷ്യ എണ്ണയ്ക്കും ചെണ്ടുമല്ലി പെയിന്റിനുമാണ് പ്രധാനമായും കയറ്റിപ്പോകുന്നത്. ഓണത്തിന് പൂക്കളമിടാൻ കേരളത്തിലേക്കും ചെണ്ടുമല്ലിയെത്തും.
ജൂലൈ– ഓഗസ്റ്റ് മാസങ്ങളിൽ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ് ഇവിടം.
പൂപ്പാടങ്ങളിൽ കയറി പൂക്കൾക്കിടയിൽ നിന്ന് ചിത്രങ്ങളും റീലുമൊക്കെയെടുക്കാൻ കർഷകർ പ്രത്യേക ഫീസ് തന്നെ ഈടാക്കാറുണ്ട്. പൂക്കൾ പറിച്ചു വിൽക്കുന്നതിനെക്കാൾ വരുമാനം ദേശീയപാതയോരത്തുള്ള പാടങ്ങളിലെ കർഷകർക്കു ഇങ്ങനെ ലഭിക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]