
ഈ ചൂണ്ട അപകടത്തിലേക്ക്; കാരാപ്പുഴയിൽ അപകട
മേഖലകളിൽ മീൻപിടിത്തം തകൃതി അമ്പലവയൽ ∙ വേണ്ടത്ര സുരക്ഷയില്ലാത്ത സാഹചര്യത്തിൽ അപകടകരമായ മീൻപിടിത്തം കാരാപ്പുഴയിൽ തുടരുന്നു. കാരാപ്പുഴ ഡാമിലെ മുൻപിലെ വെള്ളം ഒഴുകിപ്പോകുന്ന ഭാഗത്താണ് സുരക്ഷിതമല്ലാത്ത മീൻപിടിത്തം തകൃതിയായി നടക്കുന്നത്.
മഴ പെയ്ത് സ്പിൽവേയിലൂടെ നീരൊഴുക്ക് വർധിച്ചതോടെ മുൻപിലെ പുഴയിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഇതോടെയാണ് മീൻപിടിക്കാനായി ആളുകളെത്തിയത്. അരിക് ഭാഗങ്ങളിൽ സുരക്ഷാ സംവിധാനങ്ങളൊന്നുമില്ല.
വലവീശിയും ചൂണ്ടയിട്ടുമാണു മീൻപിടിത്തം. മഴയുള്ളപ്പോൾ മീൻപിടിക്കാനെത്തുന്നവരുടെ എണ്ണം വർധിക്കും.
പദ്ധതി പ്രദേശത്തിന്റെ വേലിക്കെട്ടിന് അകത്തുള്ള പ്രവേശനം നിരോധിച്ചതായി കാണിച്ച് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ആളുകൾ അപകടകരമായ സ്ഥലത്തേക്ക് പ്രവേശിക്കുന്നതിന് തടസ്സങ്ങളൊന്നുമില്ല.
നിയന്ത്രിക്കാൻ ആരുമില്ലാത്തതിനാൽ ആർക്കും ഇൗ ഭാഗങ്ങളിൽ പ്രവേശിക്കാമെന്ന സ്ഥിതി. അധികൃതരും ഇൗ ഭാഗത്തേക്ക് തിരിഞ്ഞ് നോക്കാത്തതിനാൽ ഏറ്റവും അപകടകരമായ സ്പിൽവേയുടെ സമീപത്ത് വരെ മീൻപിടിത്തം സജീവമാണ്.
രാത്രികാലങ്ങളിലും അപകടമേഖലയിൽ മീൻപിടിത്തമുണ്ട്. ഡാമിന്റെ പലയിടങ്ങളിലും സുരക്ഷാ ജീവനക്കാരുണ്ടെങ്കിലും ഇൗ ഭാഗങ്ങളിൽ ആരുമില്ല.
ഡാമിന് മുൻപിലെ നിരോധിത മേഖലയിലെല്ലാം ജലസേചന വകുപ്പ് വേലികൾ പണിതിട്ടുണ്ടെങ്കിലും ഇതെല്ലാം തകർന്ന അവസ്ഥയിലാണ്. വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ച വേലികളുടെ ഒട്ടേറെ ഭാഗങ്ങൾ തകർന്നു കിടക്കുകയാണ്. ഇതിലൂടെയാണ് ആളുകൾ പ്രവേശിക്കുന്നത്. കുറെ ഭാഗങ്ങളിൽ കാടുകയറി നശിച്ചു.
ഇത് നന്നാക്കാനും അറ്റകുറ്റപ്പണികൾ നടത്താനും നടപടിയില്ല. പുഴയിലെ താൽക്കാലിക പാലത്തിലെ കൈവരികളും തകർന്ന് പോയി.
ഇൗ ഭാഗത്തും രാത്രികാലങ്ങളിലടക്കം മീൻപിടിത്തമുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]