
ദുരിതാശ്വാസ ക്യാംപുകൾ 251 എണ്ണം കണ്ടെത്തി, പക്ഷേ; സ്കൂളുകൾ അല്ലാത്ത കെട്ടിടങ്ങൾ കണ്ടെത്തണമെന്നു കലക്ടർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൽപറ്റ ∙ മഴക്കാലത്ത് ആളുകളെ സുരക്ഷിത സ്ഥലത്തേയ്ക്കു മാറ്റി പാർപ്പിക്കാൻ 251 ദുരിതാശ്വാസ ക്യാംപുകൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇതിൽ കൂടുതലും സ്കൂളുകൾ ആയതിനാൽ സ്കൂളുകൾ അല്ലാത്തസുരക്ഷിതമായ കെട്ടിടങ്ങൾ പഞ്ചായത്തുകൾ കണ്ടെത്തണമെന്നു കലക്ടർ ഡി.ആർ.മേഘശ്രീ നിർദേശിച്ചു. കലക്ടറേറ്റിൽ ചേർന്ന മഴക്കാല മുന്നൊരുക്കങ്ങളുടെ അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കലക്ടർ.
സ്കൂളുകളിൽ ക്യാംപ് ആരംഭിച്ചാൽ കുട്ടികളുടെ പഠനം മുടങ്ങും. ഇത് ഒഴിവാക്കണം. സുരക്ഷിതമായ മറ്റു കെട്ടിടങ്ങൾ കണ്ടെത്താനായി തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ പഞ്ചായത്തുകളുടെ യോഗം വിളിച്ച ശേഷം റിപ്പോർട്ട് നൽകണമെന്നും കലക്ടർ പറഞ്ഞു. ജില്ലയിലെ പൊതുമരാമത്ത് റോഡുകളിലെ കുഴി അടയ്ക്കുന്ന പ്രവൃത്തി 80% പൂർത്തിയായതായി പൊതുമരാമത്ത് (റോഡ്) വിഭാഗം ഉദ്യോഗസ്ഥ അറിയിച്ചു. ബാക്കി പ്രവൃത്തി മഴയ്ക്കു മുൻപു തീർക്കും.
വൈദ്യുത ലൈനുകൾക്കു മേൽ ചാഞ്ഞ മരങ്ങളും ചില്ലകളും വെട്ടിമാറ്റുന്ന പ്രവൃത്തി ഹൈടെൻഷൻ ലൈനിൽ 80% പൂർത്തിയായതായി കെഎസ്ഇബി ഉദ്യോഗസ്ഥൻ അറിയിച്ചു. കെഎസ്ഇബിയുടെ 18 സെക്ഷനുകളിലും അതതു പഞ്ചായത്ത് പ്രതിനിധികളെ ഉൾപ്പെടുത്തി യോഗം ചേർന്ന് അപകടാവസ്ഥയിലുള്ള മരങ്ങളും ചില്ലകളും മുറിച്ചു മാറ്റി എന്ന് ഉറപ്പാക്കണമെന്നു കലക്ടർ നിർദേശിച്ചു.
അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളുടെ പട്ടികയും പഞ്ചായത്തു തലത്തിൽ ശേഖരിക്കണം. തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി കുളം നവീകരണ പ്രവൃത്തി, ബണ്ട് നിർമാണം എന്നിങ്ങനെ ജലസ്രോതസ്സുകൾ ശുദ്ധീകരിക്കുന്ന 411 പ്രവൃത്തികൾ പൂർത്തിയാക്കിയതായി തൊഴിലുറപ്പു വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു. പടിഞ്ഞാറത്തറ ഡാം അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയതായും ഉദ്യോഗസ്ഥൻ അറിയിച്ചു.
ഗ്രാമീണ റോഡുകൾ ജലവിതരണ പദ്ധതിക്കായി വെട്ടി പൊളിച്ച ശേഷം കുഴി മണ്ണിട്ടു മൂടാത്തതു ഭീഷണിയാണെന്ന് അമ്പലവയൽ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ഹഫ്സത്ത് ചൂണ്ടിക്കാട്ടി. മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിന്റെ അവശിഷ്ടങ്ങൾ മഴക്കാലത്ത് അപകടങ്ങൾ വരുത്താതിരിക്കാൻ മുൻകരുതൽ സ്വീകരിക്കണം. ജില്ലയിലെ 21% പ്രദേശങ്ങൾ ഉരുൾപൊട്ടലിനു സാധ്യതയുള്ള വിഭാഗത്തിലാണ്.
48% പ്രദേശങ്ങൾ ശരാശരി സാധ്യതയുള്ള വിഭാഗത്തിലും 30% പ്രദേശങ്ങൾ സാധ്യത കുറഞ്ഞ വിഭാഗത്തിലുമാണെന്നു ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജി ഡയറക്ടർ സി.കെ. വിഷ്ണുദാസ് ചൂണ്ടിക്കാട്ടി. പഞ്ചായത്ത് പ്രസിഡന്റുമാർ, മറ്റു ജനപ്രതിനിധികൾ, എഡിഎം കെ.ദേവകി, സബ് കലക്ടർ മിസാൽ സാഗർ ഭരത്, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ കെ.കെ.വിമൽരാജ്, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.