
വെളുകൊല്ലിയിൽ പട്ടാപ്പകൽ കടുവ; പരിസരവാസികൾ ആശങ്കയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പുൽപള്ളി ∙ വനയോര ഗ്രാമമായ വെളുകൊല്ലിയിൽ പട്ടാപ്പകൽ കടുവയിറങ്ങി. പ്രദേശവാസിയായ ഡ്രൈവർ ജിത്തു ജീപ്പിൽ വരുമ്പോഴാണ് പാതയോരത്ത് കടുവയെ കണ്ടത്. വനാതിർത്തിയിൽ വനംവകുപ്പ് സ്ഥാപിച്ച ഗേറ്റിനടുത്തായിരുന്നു കടുവ. ജിത്തു ജീപ്പ് നിർത്തിയിട്ടും കടുവ അനങ്ങാതെ നിന്നു. വെളുകൊല്ലിയിൽ പലപ്പോഴും കടുവയെ കാണാറുണ്ടെന്നു പ്രദേശവാസികൾ പറയുന്നു. രണ്ടാഴ്ച മുൻപ് ഓട്ടോഡ്രൈവർ പ്രസാദും കടുവയെ കണ്ടിരുന്നു.
വനാതിർത്തിയിലെ മതിലിനു മുകളിൽ കടുവ കയറിക്കിടക്കാറുണ്ടെന്നു സ്ഥലവാസിയായ വിഥുൻ വിഷ്ണുവും പറയുന്നു.വനത്തിൽ ധാരാളം മൃഗങ്ങളുള്ളതിനാൽ നാട്ടിലിറങ്ങി വളർത്തു മൃഗങ്ങളെയൊന്നും പിടിച്ചിട്ടില്ല. കുറിച്ചിപ്പറ്റ– വെളുകൊല്ലി പാതയിൽ പകൽസമയത്തും കുട്ടികളും സ്ത്രീകളമടക്കമുള്ളവർ നടന്നു പോകുന്നതാണ്. ഈ പാതയിലാണു കടുവയുള്ളത്. പലരും മിക്കവാറും കടുവയെ കാണാറുണ്ടെങ്കിലും ഇതുവരെ ആക്രമണമൊന്നുമുണ്ടായിട്ടില്ല. സന്ധ്യകഴിഞ്ഞാൽ ഇതുവഴി കടന്നുപോകാൻ നാട്ടുകാർക്ക് ഇപ്പോൾ ഭയമാണ്.
ചെട്ടിപാമ്പയിൽ വളർത്തുനായയെ വന്യജീവി കൊന്നു
പുൽപള്ളി ∙ ചീയമ്പം ചെട്ടിപാമ്പ്രയിൽ ചങ്ങലയിൽ കെട്ടിയിരുന്ന വളർത്തുനായയെ വന്യജീവി കൊന്നുതിന്നു. ബൊമ്മൻ കോളനിക്കടുത്ത് പുളിയൻമൂല ശാരദയുടെ 4 വയസ്സുള്ള ലാബ്രഡോർ നായയെയാണു കഴിഞ്ഞ രാത്രി വന്യജീവി ആക്രമിച്ചു കൊന്ന് വനത്തിലേക്കു വലിച്ചു കൊണ്ടുപോയത്. നായയെ കാണാത്തതിനാൽ വീട്ടുകാർ നടത്തിയ തിരച്ചിലിൽ പാതിഭക്ഷിച്ച നിലയിൽ വനത്തിൽ ജഡം കണ്ടെത്തി. ഇരുളം ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നെത്തിയ വനപാലകർ സ്ഥലത്ത് പരിശോധന നടത്തി. ക്യാമറകൾ സ്ഥാപിച്ചു. എന്നാൽ രാത്രി ബാക്കിയുള്ള ജഡാവിഷ്ടവും ഭക്ഷിച്ചു തീർത്തതായി കണ്ടെത്തി. കടുവയും പുലിയുമുള്ള പ്രദേശമായതിനാൽ ഏതുമൃഗമാണ് നായയെ കൊന്നതെന്നു വ്യക്തമായിട്ടില്ല.