മാനന്തവാടി ∙ ജില്ലാ ആശുപത്രി മെഡിക്കൽ കോളജ് ആയി ഉയർത്തിയിട്ട് വർഷങ്ങൾ പിന്നിട്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങളിൽ വേണ്ടത്ര പുരോഗതി ഉണ്ടായിട്ടില്ല. ഏറെ പ്രതീക്ഷയോടെയാണ് ജനം മെഡിക്കൽ കോളജ് പ്രഖ്യാപനത്തെ സ്വാഗതം ചെയ്തത്.
എന്നാൽ പ്രതീക്ഷയ്ക്ക് ഒത്ത് ഉയരാൻ മെഡിക്കൽ കോളജ് സംവിധാനത്തിന് ആയില്ല. മുൻപ് ഉണ്ടായിരുന്ന രോഗ നിർണയ ഉപകരണങ്ങൾ കേടാകുന്നതിന് പകരം പുതിയവ സ്ഥാപിക്കാൻ ആകാത്തത് വലിയ പോരായ്മ ആയി ചൂണ്ടിക്കാണിക്കപ്പെടുന്നു.
മെഡിക്കൽ കോളജ് ആയതോടെ ജില്ലയിലെ വിവിധ ആശുപത്രികളിൽ നിന്നും ഇവിടേക്ക് റഫർ ചെയ്ത് വരുന്ന രോഗികളുടെ എണ്ണം ഉയർന്നു. ഒപിയിൽ എത്തുന്ന രോഗികളുടെ എണ്ണവും കുതിച്ചുയർന്നു. മെഡിക്കൽ കോളജിൽ ചികിത്സ തേടി എത്തുന്ന രോഗികളുടെ വർധനവിന് അനുസരിച്ച് സേവന സൗകര്യങ്ങൾ ഇല്ലാത്തതും അത്യാഹിത വിഭാഗത്തിൽ ആധുനിക സൗകര്യങ്ങൾ ഇല്ലാത്തതും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
ഏറ്റവും കൂടുതൽ ആളുകളെ റഫർ ചെയ്യേണ്ടി വരുന്നത് സൂപ്പർ സ്പെഷ്യൽറ്റി സൗകര്യം ഇല്ലാത്തതിനാലാണ്. കാർഡിയോളജി വിഭാഗം മാത്രമാണ് ആഴ്ചയിൽ 2 ദിവസമെങ്കിലും പ്രവർത്തിക്കുന്നത്. മറ്റ് അടിയന്തിര ആവശ്യമുള്ള വിഭാഗങ്ങളിൽ പോസ്റ്റുകൾ അനുവദിച്ച് സർക്കാർ ഉത്തരവ് ഇറക്കിയെങ്കിലും നിയമനം നടന്നിട്ടില്ല. ഉത്തരവ് പ്രായോഗികമാക്കാനുള്ള കാലതാമസം അധികൃതരുടെ നിരുത്തരവാദിത്വമാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
സ്പെഷ്യൽറ്റി വിഭാഗങ്ങളിൽ തന്നെ ഓർത്തോ, ഇഎൻടി, ത്വക് രോഗ വിഭാഗങ്ങൾ തുടങ്ങിയവ എല്ലാ ദിവസവും ഇല്ലാത്തതും രോഗികൾക്ക് പ്രയാസം ഉണ്ടാക്കുന്നുണ്ട്. അപകടത്തിലും മറ്റും പരുക്ക് പറ്റി വരുന്നവർക്ക് ശസ്ത്രക്രിയ ആവശ്യമാണെങ്കിൽ ദിവസങ്ങൾ കാത്ത് നിൽക്കേണ്ടി വരികയാണ്. ഇതുകൊണ്ട് തന്നെ വളരെയേറെ രോഗികൾക്ക് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരികയാണ്.
ഇതിന് കഴിയാത്തവർ എല്ലാം സഹിച്ച് ഇവിടെ നിന്നും കിട്ടുന്ന സേവനം മാത്രം ആശ്രയിച്ചു സമയബന്ധിതമായ ചികിത്സ കിട്ടാതെ വേദന സഹിച്ചു കഴിയേണ്ടി വരുന്നുണ്ട്. രോഗ നിർണയത്തിന് വേണ്ടത്ര ഉപകരണങ്ങൾ ഇല്ലാത്തതിനാൽ പലപ്പോഴും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരികയാണ്. സിടി സ്കാൻ ഇല്ലാതായതും വലിയ പ്രതിസന്ധിയാണ്.
പുതിയ സിടി സ്കാൻ സ്ഥാപിക്കാൻ സർക്കാർ ഫണ്ട് അനുവദിച്ച് ഒരു വർഷം കഴിഞ്ഞിട്ടും ഇത് സ്ഥാപിക്കാനായിട്ടില്ല.
കേടായ പഴയ എക്സറേ യൂണിറ്റിന് പകരം പുതിയ ആധുനിക യൂണിറ്റ് അനുവദിച്ചെങ്കിലും അത് സ്ഥാപിച്ചിട്ടില്ല. ആവശ്യത്തിന് നഴ്സുമാരും മറ്റ് ജീവനക്കാരും ഇല്ലാത്തതും രോഗികളെ വലയ്ക്കുകയാണ്. ട്രോമാ കെയർ യൂണിറ്റിൽ പ്രത്യേക പരിശീലനം ലഭിച്ച ഡോക്ടർമാർ ഇല്ലാത്തത് രോഗികളെ റഫർ ചെയ്യേണ്ട
സാഹചര്യം ഉണ്ടാക്കുന്നുണ്ട്. ട്രോമാ കെയർ യൂണിറ്റിന് വേണ്ടത്ര ആധുനിക ഉപകരണങ്ങളും ആവശ്യമാണ്.
കാര്യക്ഷമമായ ഭരണ നിർവഹണം നടക്കാത്തതും പോരായ്മയാണ്. ആശുപത്രിയുടെ ദൈനം ദിന പ്രവൃത്തികളെ പോലും ഇത് സാരമായി ബാധിക്കുന്നുണ്ട്.
അത്യാസന്ന നിലയിലായ രോഗികളുമായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് വാഹനങ്ങൾ ചുരമിറങ്ങുന്ന ദുരവസ്ഥയ്ക്ക് ഇനിയെങ്കിലും അടിയന്തര പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

