മാനന്തവാടി ∙ മെഡിക്കൽ കോളജിൽ നിന്ന് പ്രസവം കഴിഞ്ഞു മടങ്ങിയ യുവതിയുടെ ശരീരത്തിൽ നിന്ന് തുണി പുറത്ത് വന്ന സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് നടത്തിയ സമരം നേരിട്ട പൊലീസ് ഉദ്യോഗസ്ഥർക്ക് ജില്ലാ പൊലീസ് ചീഫിന്റെ വക ‘പണികിട്ടി’. ആന്റി റയറ്റ് ഡ്രില്ലിൽ പങ്കെടുക്കുക എന്നതാണ് ശിക്ഷയായി നൽകിയത്.
കോൺഗ്രസ് പ്രവർത്തകർ നടത്തിയ സമരം പലപ്പോഴും അക്രമാസക്തമായെങ്കിലും പൊലീസ് ഉദ്യോഗസ്ഥർ ആത്മനിയന്ത്രണം പാലിച്ചാണ് നേരിട്ടത്.
സമരക്കാരെ ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത് നീക്കിയെങ്കിലും ആർക്കും പരുക്കേറ്റില്ല. എന്നാൽ സംഘർഷ സാധ്യതയുള്ള സ്ഥലമായിട്ടും ഹെൽമെറ്റും ഷീൽഡും എടുക്കാത്തതിന്റെ പേരിലാണ് ആന്റി റയറ്റ് ഡ്രില്ലിൽ പങ്കെടുക്കണമെന്ന ഉത്തരവ് നൽകിയത്. ജില്ലാ പൊലീസ് ചീഫിന്റെ നടപടിക്ക് എതിരെ പൊലീസ് സേനയ്ക്കിടയിൽ വ്യാപകമായ അമർഷം ഉയർന്നു.
ഇതേ തുടർന്ന് ജില്ലയിലെ മറ്റ് സ്റ്റേഷനുകളിൽ നിന്നും യൂണിറ്റുകളിൽ നിന്നുമുള്ള പൊലീസ് ഉദ്യോഗസ്ഥരെ കൂടി പരിശീലനത്തിൽ പങ്കെടുപ്പിച്ചു.
സംഘർഷ സാധ്യതയുള്ള സ്ഥലങ്ങളിൽ പൊലീസ് ഇടപെടൽ കൂടുതൽ കാര്യക്ഷമവും ക്രമബദ്ധവും ആക്കുന്നതിനായാണ് ആന്റി റയറ്റ് ഡ്രിൽ പരിശീലനം സംഘടിപ്പിച്ചതെന്ന് കാണിച്ച് പൊലീസ് പത്രക്കുറിപ്പ് പുറത്തിറക്കി. പൊതുസമാധാനവും നിയമവ്യവസ്ഥയും നിലനിർത്തുന്നതിനിടെ നേരിടേണ്ടി വരുന്ന അക്രമ സാഹചര്യങ്ങൾ കൃത്യതയോടെ പ്രതിരോധിക്കാനുള്ള പരിശീലനമാണ് നൽകിയത്.
ഇന്നലെ പുത്തൂർവയൽ എആർ ക്യാംപിൽ നടന്ന പരേഡിന് മാനന്തവാടി ഡിവൈഎസ്പി വി.കെ.വിശ്വംഭരൻ നേതൃത്വം നൽകി.
ഡിഎച്ച്ക്യു ജില്ലാ ഹെഡ് ക്വാർട്ടേഴ്സ് സബ് ഇൻസ്പെക്ടർ ജോസ് ജോർജ്, അസി. സബ് ഇൻസ്പെക്ടർ റോയ് എന്നിവർ ക്ലാസുകൾ എടുത്തു.
ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിന്നും യൂണിറ്റുകളിൽ നിന്നുമായി 40 പൊലീസ് ഉദ്യോഗസ്ഥരാണ് പങ്കെടുത്തത്.
മിതമായ ബലപ്രയോഗത്തിലൂടെ അക്രമങ്ങളെയും ക്രമസമാധാന പ്രശ്നങ്ങളെയും നേരിടാൻ പൊലീസ് ഉദ്യോഗസ്ഥരെ പ്രാപ്തരാക്കുന്നതാണ് ഇൗ പരേഡ്. ജനക്കൂട്ട
നിയന്ത്രണം, അപ്രതീക്ഷിത സംഘർഷ സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട നടപടികൾ, നിയമപരമായ ഇടപെടൽ രീതികൾ തുടങ്ങിയ വിഷയങ്ങളിലായിരുന്നു പരിശീലനം.
അക്രമ സാഹചര്യം നേരിടുന്നതിനും പൊതു സമാധാനം നിലനിർത്തുന്നതിനും ഉള്ള പ്രായോഗിക പരിശീലനങ്ങൾ നൽകി. അക്രമ സാഹചര്യങ്ങളിൽ ഇടപെടുമ്പോൾ പൊലീസ് ഉദ്യോഗസ്ഥർ സ്വന്തം സുരക്ഷയ്ക്കും മുൻഗണന നൽകേണ്ടതിന്റെ പ്രാധാന്യവും പരിശീലനത്തിൽ ഉൾപ്പെടുത്തിയിരുന്നു.
ഹെൽമറ്റ്, ഷീൽഡ് ഉൾപ്പെടെയുള്ള സുരക്ഷാ ഉപകരണങ്ങൾ നിർബന്ധമായും ധരിച്ച് മാത്രമേ ഇടപെടൽ നടത്താൻ പാടുള്ളുവെന്ന് പരിശീലനത്തിൽ വിശദീകരിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

