പനമരം∙ പഴശ്ശിയും തലയ്ക്കൽ ചന്തുവും കുറിച്യ പോരാളികളും ബ്രിട്ടിഷുകാർക്കെതിരെ നടത്തിയ ചെറുത്തുനിൽപിന്റെ അടയാളങ്ങളും ആ ഐതിഹാസിക പോരാട്ടങ്ങളുടെ സാക്ഷിയായ മുത്തശ്ശിമരവും സ്ഥിതി ചെയ്യുന്ന മധ്യ വയനാട്ടിൽ പനമരം എന്ന പേരിലുള്ള ബ്ലോക്ക് പഞ്ചായത്ത് നിലവിൽ വന്ന ശേഷമുള്ള നാലാമത്തെ തിരഞ്ഞെടുപ്പാണിത്.
പനമരം, പുൽപള്ളി, മുള്ളൻകൊല്ലി, പൂതാടി, കണിയാമ്പറ്റ പഞ്ചായത്തുകളാണ് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ളത്. പ്രഥമ ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ വനിതാ സംഭരണവും രണ്ടാമൂഴത്തിൽ ജനറലും മൂന്നാമങ്കത്തിൽ പട്ടികവർഗ വനിതയും ആയിരുന്നു.
ഇക്കുറി അധ്യക്ഷ പദവി ജനറൽ ആയതിനാൽ തന്നെ വീറും വാശിയും ഏറിയ പോരാട്ടമാണു നടക്കുന്നത്.
ബ്ലോക്ക് പഞ്ചായത്ത് ഭരണത്തിൽ ഹാട്രിക് അടിക്കുക എന്ന ലക്ഷ്യത്തോടെയാണ് യുഡിഎഫ് പ്രവർത്തനം. ഇക്കുറിയെങ്കിലും ഭരണം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ എൽഡിഎഫ് ശക്തമായി ഗോദയിൽ ഇറങ്ങിയിട്ടുണ്ട്.
ബ്ലോക്ക് പഞ്ചായത്തിൽ അക്കൗണ്ട് തുറക്കാനുള്ള ഒരുക്കത്തിലാണ് എൻഡിഎ. പച്ചിലക്കാട് ഡിവിഷൻ ഒഴിച്ച് ബാക്കി 14 ഡിവിഷനിലും സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്.
കഴിഞ്ഞ 15 വർഷം നടത്തിയ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് യുഡിഎഫ് നാലാം വട്ടവും മത്സരരംഗത്തുള്ളത്.
പനമരം ബ്ലോക്കിന്റെ സുസ്ഥിര വികസനം നടപ്പാക്കുമെന്നാണ് എൽഡിഎഫ് വാഗ്ദാനം. പ്രമുഖ നേതാക്കൾക്ക് അടക്കം പലർക്കും ഇക്കുറി വിമത ഭീഷണിയുള്ളതു യുഡിഎഫിനെ വലയ്ക്കുന്നു.
നേരത്തേ 14 ഡിവിഷൻ ഉണ്ടായിരുന്ന ബ്ലോക്ക് പഞ്ചായത്തിൽ ഇത്തവണ ഒരു ഡിവിഷൻ വർധിച്ചു.
പനമരം പഞ്ചായത്തിലെ ചുണ്ടക്കുന്ന്, അരിഞ്ചേർമല, കൈപ്പട്ടുകുന്ന്, വിളമ്പുകണ്ടം, മലങ്കര, പാലുകുന്ന്, എടത്തുംകുന്ന് എന്നീ വാർഡുകൾ ചേരുന്ന വിളമ്പുകണ്ടം ആണ് പുതിയ ഡിവിഷൻ. കോൺഗ്രസ് 10 ഡിവിഷനുകളിലും മുസ്ലിം ലീഗ് 4 ഡിവിഷനുകളിലും കേരള കോൺഗ്രസ് (ജേക്കബ്) ഒരു സീറ്റിലുമാണ് മത്സരിക്കുന്നത്.
എൽഡിഎഫിൽ സിപിഎം 10 ഡിവിഷനിലും സിപിഐ 2 ഡിവിഷനിലും കേരള കോൺഗ്രസ് (എം), ജനതാദൾ (എസ്) ആർജെഡി എന്നീ ഘടകകക്ഷികൾ ഓരോ സീറ്റിലുമാണ് മത്സര രംഗത്തുള്ളത്.
ഘടകകക്ഷികൾ ഇല്ലാതെയാണ് ബിജെപി 14 ഡിവിഷനിലും ഇക്കുറി മത്സരത്തിനിറങ്ങിയത്.
പനമരം ബ്ലോക്കിലെ പുൽപള്ളി, പാടിച്ചിറ, പൂതാടി ഡിവിഷനുകളിലെ പോരാട്ടം ഇക്കുറി ശ്രദ്ധേയമാണ്. നിലവിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാരിനെതിരെ പൂതാടി ഡിവിഷനിൽ വിമതനായി കണിയാമ്പറ്റ പഞ്ചായത്ത് അംഗമായ ബിനു ജേക്കബ് മത്സര രംഗത്തുണ്ട്.
നിലവിൽ പുൽപള്ളി പഞ്ചായത്ത് പ്രസിഡന്റും യുഡിഎഫ് സ്ഥാനാർഥിയുമായ ടി.എസ്. ദിലീപ് കുമാറിനെതിരെ മുൻ യൂത്ത് കോൺഗ്രസ് ജില്ലാ ഭാരവാഹി ജോഷി കുരീക്കാട്ടിൽ ഇടത് മുന്നണിയുടെ ബാനറിൽ മത്സരിക്കുന്നു.
പാടിച്ചിറയിലും ശക്തമായ മത്സരമാണ്.
കോൺഗ്രസ് മീനങ്ങാടി ബ്ലോക്ക് പ്രസിഡന്റും മുൻ ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്ന വർഗീസ് മുരിയൻകാവിലാണ് യുഡിഎഫ് സ്ഥാനാർഥി. കേരള കർഷക യൂണിയൻ (എം) ജില്ലാ പ്രസിഡന്റ് റെജി ഓലിക്കരോട്ട് ഇടത് സ്ഥാനാർഥി.
എൻഡിഎയിലെ അമൽ കവളക്കാട്ടും ആം ആദ്മി പാർട്ടിക്കുവേണ്ടി റിട്ട. പ്രിൻസിപ്പൽ ലിയോ കൊല്ലവേയിലും മത്സരിക്കുന്നുണ്ട്.
കോൺഗ്രസ് മുൻ മണ്ഡലം വൈസ് പ്രസിഡന്റ് സ്റ്റീഫൻ പുകുടിയിൽ വിമതനായും ഇവിടെ മത്സരിക്കുന്നു. ആനപ്പാറ ഡിവിഷൻ സീറ്റ് അവകാശവാദം ഏറെ തർക്കങ്ങൾക്ക് വഴിവച്ചിരുന്നു.
ചേകാടി വാർഡ് അംഗം രാജു തോണിക്കടവ് പത്രിക നൽകിയിരുന്നു.
ഡിസിസി ജനറൽ സെക്രട്ടറി ഒ.ആർ.രഘുവിന് അവസാന വട്ടം സീറ്റ് നൽകി തർക്കം പരിഹരിക്കുകയായിരുന്നു. കൂടാതെ പാക്കം ഡിവിഷനിൽ നിലവിലെ ബ്ലോക്ക് പഞ്ചായത്തംഗമായ സജേഷ് സെബാസ്റ്റ്യനോട് ഏറ്റുമുട്ടുന്നത് കേരള കോൺഗ്രസ് (ജേക്കബ്) സംസ്ഥാന വർക്കിങ് ചെയർമാനായ എം.സി.സെബാസ്റ്റ്യൻ ആണ്.
കഴിഞ്ഞതവണ കോൺഗ്രസിന് വേണ്ടി പാക്കം ഡിവിഷനിൽ മത്സരിച്ച റീത്ത സ്റ്റാൻലി ഇക്കുറി ജനതാദൾ (എസ് ) സ്ഥാനാർഥിയായി നടവയൽ ഡിവിഷനിൽ കണിയാമ്പറ്റ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷയും യുഡിഎഫ് സ്ഥാനാർഥിയുമായ സന്ധ്യാ ലിഷുവിനോട് ഏറ്റുമുട്ടുന്നു.
അഞ്ചുകുന്ന് ഡിവിഷനിൽ ഗാനമേള ട്രൂപ്പുകളിലെ ഗായികയും നാടൻപാട്ട് കലാകാരിയുമായ പ്രവീണ ബാലനും മത്സര രംഗത്തുണ്ട്.
ഒട്ടേറെ വികസന പ്രവൃത്തികൾ നടത്തിയ യുഡിഎഫിന് വികസന തുടർച്ചയ്ക്ക് ജനങ്ങൾ വഴിയൊരുക്കുമെന്നും യുഡിഎഫ് പറയുന്നു. 3 തവണ ഭരണം ലഭിച്ചിട്ടും കാര്യമായി ഒന്നും ചെയ്യാതിരുന്ന യുഡിഎഫിന് എതിരായുള്ള ജനവിധിയാകും എന്ന് എൽഡിഎഫ് പറയുന്നു. ഇത്തവണ അക്കൗണ്ട് തുറക്കും എന്ന കാര്യത്തിൽ സംശയമില്ലെന്ന് ബിജെപിയും അവകാശപ്പെടുന്നു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

