പുൽപള്ളി ∙ വീട്ടിലെ കാർ പോർച്ചിൽ നിന്നു സ്ഫോടക വസ്തുക്കളും കർണാടക മദ്യവും പിടികൂടിയ കേസിൽ യഥാർഥ പ്രതി അകത്തായതോടെ കോൺഗ്രസിലെ ഗ്രൂപ്പ് പോര് വഴിത്തിരിവിലേക്ക്. കോൺഗ്രസ് വാർഡ് പ്രസിഡന്റ് കൂടിയായ കാനാട്ടുമല തങ്കച്ചനാണ് കള്ളക്കേസിൽ 17 ദിവസം വൈത്തിരി സബ് ജയിലിൽ കിടന്നത്. രാഷ്ട്രീയ വൈരാഗ്യം തീർക്കാനാണ് കള്ളക്കേസിൽ പെടുത്തിയതെന്ന് ജയിൽമോചിതനായ തങ്കച്ചൻ പറയുന്നു. ചില കോൺഗ്രസ് നേതാക്കളുടെ തെറ്റായ നിലപാടുകളെ ചോദ്യം ചെയ്തതാണു വൈരാഗ്യത്തിനു കാരണം.
ഡിസിസി പ്രസിഡന്റ് എൻ.ഡി.
അപ്പച്ചൻ, സെക്രട്ടറി പി.ഡി.സജി, മണ്ഡലം പ്രസിഡന്റായിരുന്ന ഷിനോ കടുപ്പിൽ, അനീഷ് മാമ്പള്ളിൽ, പഞ്ചായത്ത് അംഗം ജോസ് നെല്ലേടം തുടങ്ങിയവരാണ് ഇതിനു പിന്നിലെന്നും തങ്കച്ചൻ ആരോപിച്ചു. കഴിഞ്ഞ കുറച്ചുനാളുകളായി മുള്ളൻകൊല്ലിയിലെ കോൺഗ്രസിൽ ഗ്രൂപ്പ് പോര് പുകയുകയാണ്.
വയനാട്ടിലെ കോൺഗ്രസിന്റെ ശക്തികേന്ദ്രമായ മുള്ളൻകൊല്ലിയിലെ തമ്മിലടി പരിഹരിക്കുന്നതിൽ നേതൃത്വം പരാജയമാണെന്ന ആരോപണം ശക്തമാകുന്നതിനിടെയാണു വാർഡ് പ്രസിഡന്റിനെത്തന്നെ കള്ളക്കേസിൽ കുടുക്കിയുള്ള രാഷ്ട്രീയവൈരാഗ്യം.
പൊലീസ് അറസ്റ്റ്ചെയ്ത പ്രസാദ് ചൂണ്ടയിലെ ഇര മാത്രമാണെന്നും ചൂണ്ട കൊളുത്തിയതു വേറെ ചിലരാണെന്നും അവരെ പിടികൂടണമെന്നുമാണ് തങ്കച്ചന്റെ ആവശ്യം. മുള്ളൻകൊല്ലി കോൺഗ്രസിലെ വിഭാഗീയതയുടെ ഇരയാണു താനെന്നും പാടിച്ചിറയിലെ പാർട്ടി കൺവൻഷൻ അലങ്കോലപ്പെട്ടതിനെ തുടർന്നാണ് താൻ നേതാക്കളുടെ കണ്ണിലെ കരടായതെന്നും തങ്കച്ചൻ പറയുന്നു. ജയിലിലായപ്പോൾ ഐ.സി.ബാലകൃഷ്ണൻ എംഎൽഎയും ഒട്ടേറെ കോൺഗ്രസ് നേതാക്കളും ജനപ്രതിനിധികളും വന്നുകാണുകയും വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തിരുന്നു.
എന്നാൽ മറുപക്ഷത്തെ ആരും തിരിഞ്ഞുനോക്കിയില്ലെന്നും തങ്കച്ചൻ പറയുന്നു.
തങ്കച്ചന്റെയും കുടുംബത്തിന്റെയും ആരോപണങ്ങൾ ശരിവയ്ക്കും വിധത്തിലാണ് കേസിനു വഴിത്തിരിവുണ്ടായത്. ഇതോടെ മുള്ളൻകൊല്ലിയിലെ കോൺഗ്രസ് വിഭാഗീയതയ്ക്ക് ആഴമേറി.
കെപിസിസി നേതൃത്വം ഇടപെട്ടെങ്കിലും ഒരു തീരുമാനവുമില്ലാതെ പ്രതിസന്ധി രൂക്ഷമാകുന്നു. തിരഞ്ഞെടുപ്പ് അടുത്തപ്പോഴുണ്ടായ പൊട്ടിത്തെറി പാർട്ടിയുടെ സ്വന്തം കേന്ദ്രത്തിലുണ്ടാക്കുന്ന പ്രശ്നങ്ങൾ ചെറുതല്ല.
അറസ്റ്റ് 22ന്
കഴിഞ്ഞമാസം 22നു രാത്രിയാണ് തങ്കച്ചനെ മദ്യവും സ്ഫോടകവസ്തുക്കളുമായി പൊലീസ് അറസ്റ്റ് ചെയ്തത്. ഭർത്താവ് നിരപരാധിയാണെന്നും അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് ഭാര്യ സിനി ജില്ലാ പൊലീസ് മേധാവിക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞദിവസം മരക്കടവ് സ്വദേശി പുത്തൻവീട് പി.എസ്.പ്രസാദിനെ (41) പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് തങ്കച്ചൻ നിരപരാധിയാണെന്നു പൊലീസ് സ്ഥിരീകരിച്ചത്. കർണാടകയിൽ നിന്നുമദ്യം വാങ്ങിക്കൊണ്ടുവന്നത് പ്രസാദാണെന്നു കണ്ടെത്തി.
കള്ളക്കേസുമായി ബന്ധപ്പെട്ട മറ്റുവിവരങ്ങളും പ്രസാദിൽ നിന്നു ലഭിച്ചെന്നാണു വിവരം.
പൊലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തങ്കച്ചൻ ഇന്നലെ ജയിൽ മോചിതനായി. ചുറ്റുമതിലോ, ഗേറ്റോ ഇല്ലാത്ത വീടിന്റെ പോർച്ചിൽ കിടന്ന കാറിനടിയിൽനിന്നു അർധരാത്രി പൊലീസ് തന്നെ തൊണ്ടിയെടുക്കുകയും ഉറങ്ങുകയായിരുന്ന തങ്കച്ചനെ വിളിച്ചുണർത്തി കൊണ്ടുപോയി കേസെടുക്കുകയും ചെയ്തതിൽ പൊലീസിനു ജാഗ്രതക്കുറവുണ്ടായെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
തങ്കച്ചനെ കള്ളക്കേസിൽ കുടുക്കാൻ കൂട്ടുനിന്നവർക്കും അതിനു കുട പിടിച്ച ഉദ്യോഗസ്ഥർക്കെതിരെയും വ്യാപക പ്രതിഷേധമുയർന്നിട്ടുണ്ട്.
പ്രസാദിനെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം മറ്റാളുകളിലേക്കും നീണ്ടതായി അറിയുന്നു.
മദ്യവും തോട്ടയും പിടിച്ചതിൽ കോൺഗ്രസിനു പങ്കില്ല: ഡിസിസി പ്രസിഡന്റ്
കൽപറ്റ ∙ മുള്ളൻകൊല്ലിയിൽ മദ്യവും തോട്ടയും പിടിച്ചതുമായി ബന്ധപ്പെട്ടു വരുന്ന വാർത്തകളിൽ കോൺഗ്രസിനോ നേതൃത്വത്തിനോ പങ്കില്ലെന്ന് ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ. നല്ലനിലയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന മുള്ളൻകൊല്ലി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയെ അപകീർത്തിപ്പെടുത്താൻ കുറെക്കാലമായി കുറച്ചാളുകൾ ശ്രമിക്കുന്നു.
കെപിസിസി പുറത്താക്കിയവരെ കൂട്ടുപിടിച്ച് പാർട്ടിയെയും നേതാക്കന്മാരെയും മോശമാക്കാൻ നടത്തുന്ന ശ്രമത്തിന്റെ ഭാഗമായാണ് ഇപ്പോൾ ഉയരുന്ന ആരോപണങ്ങൾ.
പൊലീസ് കസ്റ്റഡിയിലെടുത്ത പ്രസാദ് എന്ന വ്യക്തിയുമായി പാർട്ടിക്ക് ബന്ധമൊന്നുമില്ല. പാർട്ടിപ്രവർത്തകർ ആർക്കെങ്കിലും പങ്കുണ്ടെങ്കിൽ നടപടി സ്വീകരിക്കുകയും ചെയ്യും. വാർഡ് പ്രസിഡന്റായ കാരാട്ടുമല തങ്കച്ചനെ അകാരണമായി അറസ്റ്റ് ചെയ്തത് ആഭ്യന്തരവകുപ്പിന്റെയും പിണറായി സർക്കാരിന്റെയും വീഴ്ചയാണു തെളിയിക്കുന്നത്. കേരളത്തിലാകെ പൊലീസ് കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ നടത്തുന്ന നരനായാട്ടിന്റെ ഭാഗമാണിതെന്നും അപ്പച്ചൻ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]