പുൽപള്ളി ∙ ഫോണിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇടംവലം നോക്കാതെ നടത്തിയ റെയ്ഡും അറസ്റ്റും പൊലീസിനെ വെട്ടിലാക്കി. കോൺഗ്രസ് വാർഡ് പ്രസിഡന്റായ കാനാട്ടുമല തങ്കച്ചന്റെ വീടിനോടുചേർന്ന പോർച്ചിൽ കാറിനടിയിൽ കർണാടകമദ്യവും സ്ഫോടകവസ്തുക്കളും സൂക്ഷിട്ടുണ്ടെന്ന ‘വിശ്വസനീയ കേന്ദ്രത്തിൽ’ നിന്നുള്ള ഒരുഫോൺ കോളാണ് നിരപരാധിയായ കർഷകനെ 17 ദിവസം ജയിലിലടയ്ക്കാൻ ഇടയാക്കിയത്.
പെരിക്കല്ലൂർ– മരക്കടവ് റോഡിനോടുചേർന്ന് മതിലോ ഗേറ്റോ ഇയില്ലാതെ തുറന്നുകിടക്കുന്ന സ്ഥലത്താണ് അർധരാത്രി പൊലീസ് റെയ്ഡുണ്ടായത്.
സാഹചര്യത്തെളിവുകളും കുടുംബത്തിന്റെ മൊഴിയും കണക്കിലെടുക്കാതെ മറ്റാർക്കോ വേണ്ടിയാണ് പൊലീസ് പ്രവർത്തിച്ചതെന്ന ആരോപണം കുടുംബം നേരത്തേ ഉന്നയിടച്ചിരുന്നു. പോർച്ചിലെ കാറിന്റെ പിൻചക്രത്തിനടുത്ത് പ്ലാസ്റ്റിക് സഞ്ചിയിലായിരുന്നു കർണാടക മദ്യവും പാറ പൊട്ടിക്കാനുപയോഗിക്കുന്ന കേപ്പ്, ജലറ്റിൻ സ്റ്റിക് എന്നിവയും. വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന തങ്കച്ചനെ പൊലീസ് വിളിച്ചുണർത്തി മദ്യവും സ്ഫോടകവസ്തുക്കളുമെടുക്കാൻ ആവശ്യപ്പെട്ടെങ്കിലും തങ്കച്ചൻ വഴങ്ങിയില്ല.
സ്ഥലത്തുണ്ടായിരുന്ന ഉദ്യോഗസ്ഥർ തന്നെ സഞ്ചിയെടുത്ത് തങ്കച്ചനെയും കൂട്ടി സ്റ്റേഷനിലേക്കു മടങ്ങുകയായിരുന്നു. പിന്നെ ജാമ്യമില്ലാ വകുപ്പുചുമത്തി ആളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇത് കള്ളക്കേസാണെന്നും പകപോക്കലാണെന്നും കുടുംബാംഗങ്ങളും നാട്ടുകാരും പറഞ്ഞെങ്കിലും ഉദ്യോഗസ്ഥർ തങ്ങളുടെ നിലപാടിലുറച്ചുനിന്നു. പുൽപള്ളി സിഐയുടെ നേതൃത്വത്തിൽ നടത്തിയ തുടരന്വേഷണത്തിലാണ് വഴിത്തിരിവുണ്ടായത്.
പലരേയും ചോദ്യംചെയ്തശേഷം കർണാടകയിൽ നിന്നു മദ്യം വാങ്ങിക്കൊണ്ടുവന്ന മരക്കടവ് സ്വദേശി പ്രസാദിനെ ഇന്നലെ അറസ്റ്റുചെയ്തു.മദ്യം ആരെ ഏൽപിച്ചു, തങ്കച്ചന്റെ വീട്ടിൽ ആരാണ് ഇതെല്ലാം കൊണ്ടുവച്ചത് തുടങ്ങിയ പല കാര്യങ്ങളും പുറത്തുവരാനുണ്ട്. മദ്യം കർണാടകയിൽ നിന്നുകൊണ്ടുവന്നുവെന്ന് വ്യക്തമായെങ്കിലും സ്ഫോടകവസ്തുക്കൾ എവിടെനിന്നു ലഭിച്ചെന്ന വിവരവും പുറത്തുവരാനുണ്ട്.
എതിരാളികളെ ഉന്മൂലനം ചെയ്യാൻ ഇതുപോലുള്ള ഹീന പ്രവൃത്തികൾ ആരും നടത്താൻ പാടില്ലെന്നും കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കണമെന്നുമാണ് തങ്കച്ചന്റെയും കുടുംബത്തിന്റെയും നാട്ടുകാരുടെയും ആവശ്യം.
കഴിഞ്ഞ 17 ദിവസങ്ങൾ തങ്ങൾക്ക് ഇരുണ്ട ദിനങ്ങളായിരുന്നെന്ന് തങ്കച്ചന്റെ കുടുംബം പറയുന്നു. കോൺഗ്രസ് ഗ്രൂപ്പിസത്തിന്റെ ഇരയാണ് തങ്കച്ചനെന്നും അന്വേഷണം വേണമെന്നും അറസ്റ്റ് നടന്നപ്പോൾ തന്നെ സിപിഎം ആവശ്യപ്പെട്ടിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]