
പുൽപള്ളി ∙ സുപ്രീംകോടതി വിധിയുണ്ടായിട്ടും ഗോത്രകുടുംബങ്ങൾക്ക് ഭൂമി പതിച്ചുകൊടുക്കുന്നത് വൈകുന്നതിനെതിരെ സംഘടനകളും സമരസമിതിയും പ്രതിഷേധം കടുപ്പിക്കുന്നു. ഭൂരഹിത ഗോത്രകുടുംബങ്ങൾക്ക് നൽകാൻ നീക്കിവച്ച മരിയനാട്ടെ ഭൂമിയിൽ 560 ൽപരം കുടുംബങ്ങൾ കുടിൽകെട്ടി താമസമാരംഭിച്ചത് 2022 മേയ് 30 നാണ്.
കേന്ദ്രസർക്കാരിന്റെയും സുപ്രീം കോടതിയുടെയും ഉത്തരവ് പ്രകാരം ഭൂരഹിത പട്ടികവർഗ കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള സ്ഥലത്ത് മറ്റാർക്കും പ്രവേശനമില്ലെന്ന ബോർഡ് മരിയനാട് കാപ്പിത്തോട്ടത്തിൽ സ്ഥാപിച്ചിട്ടും വർഷങ്ങളായി. 233 ഹെക്ടർ തോട്ടമാണ് വനംവകുപ്പ് ഇതിനായി നീക്കിവച്ചത്.
അതിൽ കുറെസ്ഥലത്തിന് ആദ്യഘട്ടമായി കുറച്ചാളുകൾക്ക് കൈവശരേഖ നൽകി. കെഎഫ്ഡിസി കാപ്പിത്തോട്ടത്തിൽ തൊഴിൽ ചെയ്തിരുന്ന തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ നൽകാനുണ്ട്.
അവരുടെ പക്കലും കുറച്ചുഭൂമിയുണ്ട്. തൊഴിലാളികൾക്കായി 5 കോടിയുടെ ഒരു പാക്കേജ് സർക്കാർ തയാറാക്കിയിട്ടുണ്ട്.
ആനുകൂല്യങ്ങൾ നൽകി തൊഴിലാളികളുടെ കൈവശത്തിലുള്ള ഭൂമിയും തിരിച്ചെടുത്ത് ഗോത്രവിഭാഗക്കാരക്ക് നൽകുമെന്നു പറയുന്നു.
മുത്തങ്ങ ഭൂസമരത്തിൽ പങ്കെടുത്ത 15 കുടുംബങ്ങൾക്ക് ഭൂമി നൽകണമെന്ന ഹൈക്കോടതി ഉത്തരവുമായി കഴിഞ്ഞദിവസം ഭൂമി അളക്കാൻ ഉദ്യോഗസ്ഥരെത്തിയിരുന്നു. കുടിൽകെട്ടി കഴിയുന്നവരുടെ എതിർപ്പിനെ തുടർന്ന് അവർ മടങ്ങി.
തുടർന്ന് എഡിഎമ്മിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നെങ്കിലും തീരുമാനമായില്ല. എല്ലാ കുടുംബങ്ങൾക്കും ഉടൻ പട്ടയം നൽകുമെന്ന് പ്രിൻസിപ്പൽ ഫോറസ്റ്റ് കൺസർവേറ്റർ രാജേഷ് രവീന്ദ്രന്റെ നേതൃത്വത്തിൽ പരിശോധനയ്ക്കെത്തിയ സംഘം ഉറപ്പുനൽകിയിരുന്നു.
നരകതുല്യമായ ജീവിതമെന്ന് ഭൂസമരസമിതി
മരിനാട് ∙ തിമർത്തു പെയ്യുന്ന മഴയത്ത് നനഞ്ഞൊലിക്കുന്ന കൂരയിൽ കഴിയുന്ന പാവപ്പെട്ടവരുടെ ജീവിതം നരകതുല്യമെന്ന് മരിയനാട്ട് ഭൂസമരം നടത്തുന്നവർ പറയുന്നു.
ആനയും കടുവയും കടന്നുവരുന്ന വനപ്രദേശത്ത് ചോരയൂറ്റികുടിക്കുന്ന അട്ടകളുടെ നടുവിലാണ് ഉടുതുണിക്ക് മറുതുണിയില്ലാത്ത ഗോത്രസമൂഹം അന്തിയുറങ്ങുന്നത്. കുടിവെള്ളം, വെളിച്ചം, പ്രാഥമിക സൗകര്യങ്ങൾ എന്നിവയൊന്നുമില്ല. വനയോരത്തെ നീർചാലുകളിൽ നിന്നാണ് കുടിവെള്ളമെടുക്കുന്നത്.
പുറത്ത് കൂലിപ്പണി പോലുമില്ലാത്തതിനാൽ കുടുംബങ്ങൾ പട്ടിണിയിൽ. കൂരകളുടെ മുകളിലിടാൻ ഒരുപ്ലാസ്റ്റിക് ഷീറ്റുപോലും ആരും കൊടുക്കുന്നില്ല.
പണം നൽകിയാണ് മൊബൈൽഫോൺ ചാർജ് ചെയ്യുന്നത്.
ജനവാസമേഖലയാണെങ്കിലും വെളിച്ചമില്ല. മരിയനാട്ടെ രോഗികളെ ആശുപത്രിയിലെത്തിക്കാൻ ട്രൈബൽവകുപ്പ് ആംബുലൻസ് അനുവദിക്കുന്നില്ലെന്ന പരാതിയും ഇവർ ഉന്നയിക്കുന്നു.
ഇന്നലെ മരിയനാട്ട് കോരിച്ചൊരിയുന്ന മഴയെ അവഗണിച്ചാണ് സമരസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധറാലി നടത്തിയത്. ഭൂമി ലഭിക്കുംവരെ പോരാട്ടം തുടരുമെന്ന് സമരസമിതി നേതാവ് ബി.വി.ബോളൻ അറിയിച്ചു.സമരത്തിന്റെ ഭാഗമായി അടുത്തയാഴ്ച ഗോത്രജനങ്ങൾ ഡൽഹി മാർച്ചും നടത്തുന്നുണ്ട്.
ഭൂമിപ്രശ്നം, വന്യമൃഗശല്യം എന്നീ പ്രശ്നങ്ങളുന്നയിച്ചാണ് ഡൽഹിസമരം. ജില്ലയിൽ നിന്ന് 200 പ്രതിനിധികൾ പങ്കെടുക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]