
മതി ഊട്ടി കണ്ടത്; കൊമ്പനെ മയക്കുവെടി വയ്ക്കാൻ ഉത്തരവ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഗൂഡല്ലൂർ ∙ ഊട്ടിയിൽ 3 ദിവസമായി ‘സുഖവാസത്തിലായ’ കൊമ്പനെ മയക്കു വെടിവച്ച് പിടികൂടി വനത്തിലേക്ക് മാറ്റാൻ സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടു. താഴ്വാരത്തിൽ നിന്നും കൂട്ടം തെറ്റി മല കയറി എത്തിയ കാട്ടാനയെ തുരത്താനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെ മയക്കു വെടിവച്ച് പിടികൂടാൻ തീരുമാനമായത്. ദൊഡബെട്ട ശിഖരത്തിലെത്തിയ കാട്ടാന വനം വകുപ്പിന്റെ കണ്ണ് വെട്ടിച്ച് ഊട്ടിയുടെ പല ഭാഗത്തായി ഇറങ്ങി. ഇന്നലെ ഉച്ചവരെ തേയില തോട്ടത്തിൽ കിടന്നുറങ്ങി. കാട്ടാനയെ ഭയന്ന് ദൊഡബെട്ട ശിഖരം, ടീ പാർക്ക്,ടീ മ്യൂസിയം,ടീ ഫാക്ടറി എന്നിവ താൽക്കാലികമായി അടച്ചിട്ടു.ഈ ഭാഗത്തേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കുന്നില്ല.
സീസൺ ആരംഭിച്ചതോടെ വിനോദ സഞ്ചാരികളെത്തുന്നതിനാൽ കാട്ടാനയെ തുരത്താനുള്ള എല്ലാ നടപടികളും വനം വകുപ്പ് സ്വീകരിക്കുന്നുണ്ട്. കാട്ടാനയെ നിരീക്ഷിക്കുന്നതിനും തുരത്തുന്നതിനുമായി 50 അംഗ വനപാലക സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. തെർമൽ ഡ്രോൺ ക്യാമറയുടെ സഹായത്തോടെ കാട്ടാനയെ രാത്രിയിലും നിരീക്ഷിക്കുന്നുണ്ട്. ഇന്നലെ വൈകുന്നേരത്തോടെ ചിങ്കോണ ഭാഗത്തേക്ക് കാട്ടാനയിറങ്ങിയിട്ടുണ്ട്. കാട്ടാന വന്ന വഴിയെ തിരിച്ചു വിടാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്.വനത്തിലേക്ക് മടങ്ങാൻ സാധ്യതയില്ലാത്ത സാഹചര്യത്തിൽ മയക്കു വെടിവയ്ക്കാനാണ് വനം വകുപ്പ് തീരുമാനം. മയക്കു വെടിവച്ച് കൊണ്ടു പോകാനുള്ള എല്ലാ സംവിധാനവും വനം വകുപ്പ് ഒരുക്കിയിട്ടുണ്ട്.