ഗോകുലിന്റെ മരണം: നടപടി താഴെത്തട്ടിൽ ഒതുങ്ങിയതിൽ പൊലീസിൽ രോഷം
കൽപറ്റ ∙ ഗോത്രവിഭാഗത്തിൽപെട്ട പതിനേഴുകാരൻ ഗോകുൽ പൊലീസ് സ്റ്റേഷനുള്ളിൽ തൂങ്ങിമരിച്ച സംഭവത്തിലുള്ള നടപടി താഴെത്തട്ടിലുള്ള 2 പൊലീസ് ഉദ്യോഗസ്ഥരിൽ ഒതുക്കിയതിൽ സേനയ്ക്കുള്ളിൽ അമർഷം.
സംഭവദിവസം സ്റ്റേഷനിൽ ജനറൽ ഡയറി(ജിഡി) ചുമതലയിൽ ഉണ്ടായിരുന്ന എഎസ്ഐ ദീപ, പാറാവ് ഡ്യൂട്ടിയിലായിരുന്ന സിവിൽ പൊലീസ് ഓഫിസർ ശ്രീജിത്ത് എന്നിവർക്കാണ് സസ്പെൻഷൻ ലഭിച്ചത്. എന്നാൽ, ഗോകുൽ ശുചിമുറിയിലേക്കു പോകുമ്പോൾ സിഐ, എസ്ഐ റാങ്കിലുള്ള ഉദ്യോഗസ്ഥരടക്കം സ്റ്റേഷനിലുണ്ടായിട്ടും നടപടി 2 കീഴ്ജീവനക്കാർക്കെതിരെ മാത്രമായെന്നാണ് ആരോപണം.
സംഭവദിവസം രാവിലെ തന്നെ മേലുദ്യോഗസ്ഥരും സ്റ്റേഷനിലെത്തിയിരുന്നു. ഗോകുൽ ശുചിമുറിയിലേക്കു പോകുമ്പോൾ എസ്ഐയും സിഐയും ജില്ലാ പൊലീസ് മേധാവിയുമായി വയർലെസ് മീറ്റിങ്ങിലായിരുന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
ഗോകുലിനെ സ്റ്റേഷനിലെത്തിച്ചതു ജനറൽ ഡയറിയിൽ രേഖപ്പെടുത്തിയില്ലെന്നതാണ് ദീപയ്ക്കെതിരായ കണ്ടെത്തൽ. ഗോകുൽ ശുചിമുറിയിലേക്കു പോയപ്പോൾ ഗോകുലിന്റെ ബെൽറ്റ് അഴിച്ചുമാറ്റിയെന്നതല്ലാതെ മറ്റൊരുതരത്തിലും സുരക്ഷ ഉറപ്പാക്കാൻ ശ്രീജിത്ത് ശ്രമിച്ചില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
സ്റ്റേഷനിലുള്ളയാളുടെ സുരക്ഷ ഉറപ്പാക്കേണ്ട പ്രാഥമിക ഉത്തരവാദിത്തം പാറാവുകാരനാണ്.
പുറത്തുനിന്നൊരാൾ അതിക്രമിച്ചു കയറിയോ മറ്റോ സ്റ്റേഷനിലുള്ളയാളുടെ സുരക്ഷയ്ക്ക് ഭംഗം വരുത്തിയാൽ എസ്ഐ, സിഐ റാങ്കിലുള്ളവർക്കു നേരെയും നടപടിയുണ്ടാകാമെന്നും ഗോകുലിന്റെ കേസിൽ പ്രാഥമിക ഉത്തരവാദിത്തമുണ്ടെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് എഎസ്ഐയ്ക്കും സിവിൽ പൊലീസ് ഓഫിസർക്കുമെതിരെ നടപടിയെടുത്തതെന്നും ഉന്നതോദ്യോഗസ്ഥർ പറയുന്നു. ഗോകുലിന്റെ ദേഹത്ത് മൂർച്ചയുള്ള വസ്തു ഉപയോഗിച്ചുണ്ടാക്കിയപോലുള്ള മുറിപ്പാടുകൾ ഏറെയുണ്ടെന്നും ഇത് ആത്മഹത്യാപ്രവണതയുടെ തെളിവാണെന്നുമാണ് പൊലീസ് വാദം.
എന്നാൽ, ഗോകുലിനൊപ്പമുണ്ടായിരുന്ന പെൺകുട്ടിയുടെ പേര് എഴുതിയതാണ് അതെന്ന് ബന്ധുക്കളും സംഘടനാപ്രവർത്തകരും പറയുന്നു. എന്നാൽ, പെൺകുട്ടിയുടെ പേര് എഴുതിയതുകൂടാതെ മറ്റു മുറിവുകളും േദഹത്തുണ്ടെന്നും ഗോകുൽ ഷർട്ടിന്റെ കീശയിൽ സൂക്ഷിച്ചിരുന്ന സേഫ്റ്റി പിന്നോ മറ്റേതെങ്കിലും വസ്തുക്കളോ ഉപയോഗിച്ചാകാം അവയിൽ ചില മുറിവുകളുണ്ടാക്കിയതെന്നും ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു.
ഗോകുലിന്റെ പോസ്റ്റ്മോർട്ടം നടപടികളിൽ മനുഷ്യാവകാശ കമ്മിഷൻ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്. ഗോകുൽ ആത്മഹത്യ ചെയ്യേണ്ട
ഒരു സാഹചര്യവുമില്ല. കെട്ടിത്തൂങ്ങാനാണെങ്കിൽ ഇവിടെ ഞങ്ങളുടെ വീടിനടുത്തും മരങ്ങളൊക്കെയില്ലേ? സ്റ്റേഷനിൽ പോയി ആത്മഹത്യ ചെയ്യേണ്ട
കാര്യമുണ്ടോ? ആത്മഹത്യാപ്രേരണയുള്ളയാളാണെന്ന് പൊലീസുകാർ വെറുതെ പറയുകയാണ്. അവന്റെ ദേഹത്ത് ഒട്ടേറെ മുറിവുള്ളതായാണ് പൊലീസ് പറയുന്നത്.
ഞാൻ അവന്റെ അമ്മയല്ലേ? അങ്ങനെ മുറിവുകളൊന്നും അവന്റെ ശരീരത്തിലില്ല.
ഓമന, ഗോകുലിന്റെ അമ്മ
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]