ബത്തേരി ∙ തിരുവോണനാളിൽ ഇലയിട്ടു സദ്യയുണ്ണാൻ കാത്തിരുന്നവരെ പട്ടിണിക്കിട്ട് കുടുംബശ്രീ കേറ്ററിങ് യൂണിറ്റ്. നെൻമേനി പഞ്ചായത്തിൽ റജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന യൂണിറ്റാണ് സദ്യയ്ക്കു ബുക്കു ചെയ്തവരെ കോമാളികളാക്കി സദ്യ നൽകാതിരുന്നത്.
കുടുംബശ്രീ വഴിയുള്ള ഓണസദ്യ ബുക്കു ചെയ്ത് കാത്തിരുന്ന നെന്മേനി, ബത്തേരി, പഞ്ചായത്തുകളിലെ ഒട്ടേറെപ്പേർക്കാണ് സദ്യ കിട്ടാതിരുന്നത്.
ജില്ലയിലാകെ ഇത്തവണ ഓണത്തിന് കുടുംബശ്രീ വഴി ഓണസദ്യയെന്ന് ജില്ല കുടുംബശ്രീ മിഷൻ മുൻകൂട്ടി അറിയിപ്പു നൽകിയിരുന്നു. ഇതുപ്രകാരം 4 തരം ഓണസദ്യയുടെ വിവരങ്ങളും അവർ പുറത്തു വിട്ടിരുന്നു.
28 വിഭവങ്ങളടങ്ങുന്ന സദ്യക്ക് 300 രൂപ, 21 വിഭവങ്ങൾക്ക് 250 രൂപ, 18 വിഭവങ്ങൾക്ക് 200 രൂപ, 16 വിഭവങ്ങൾക്ക് 180 രൂപ എന്നിങ്ങനെയായിരുന്നു നിരക്കുകൾ. കൽപറ്റ, മാനന്തവാടി, ബത്തേരി, പനമരം ബ്ലോക്കുകൾക്കു കീഴിൽ സന്നദ്ധയറിയിച്ചെത്തിയ കുടുംബശ്രീ യൂണിറ്റുകൾ വഴിയായിരുന്നു ഓണസദ്യയുടെ വിതരണം.
കോൾസെന്റർ വഴി ഓൺലൈനായി കുടുംബശ്രീ ബുക്കിങ് സ്വീകരിക്കുകയും ചെയ്തു.
പദ്ധതി പ്രകാരം ബത്തേരി ബ്ലോക്കിൽ ഓണസദ്യയുടെ ചുമതല ഏറ്റെടുത്ത യൂണിറ്റുകളിൽ ഒന്നായിരുന്നു നെൻമേനി പഞ്ചായത്തിലെ മഞ്ഞാടി കേന്ദ്രമായി പ്രവർത്തിക്കുന്ന കുടുംബശ്രീ യൂണിറ്റ്. മാധ്യമങ്ങളിലൂടെയും അല്ലാതെയും വിവരങ്ങൾ പരസ്യപ്പെടുത്തുകയും ചെയ്തതോടെ മികച്ച പ്രതികരണമായിരുന്നു ആളുകളിൽ നിന്ന്.
അതുകൊണ്ടു തന്നെ ബത്തേരി നഗരസഭ, നൂൽപുഴ, നെൻമേനി, പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ നിന്ന് വൻതോതിൽ ഓർഡർ ലഭിക്കുകയും ചെയ്തു. ബത്തേരി നഗരസഭയിൽ നിന്ന് സദ്യയ്ക്ക് ആരും ചുമതല ഏൽക്കാതിരുന്നതും മഞ്ഞാടിയിലേക്ക് കൂടുതൽ ഓർഡർ എത്താൻ കാരണമായി.
ഒട്ടേറെ വീട്ടുകാരും കൂട്ടായ്മകളുമൊക്കെ സദ്യ ബുക്കു ചെയ്യുകയും ചെയ്തു. എന്നാൽ തിരുവോണനാളിൽ സദ്യ കാത്തിരുന്നവരെ നിരാശപ്പെടുത്തുക മാത്രമല്ല ഇളിഭ്യരാക്കുകയുമാണ് ചെയ്തത്.
ബുക്കു ചെയ്ത പലരും രാവിലെയും ഉച്ചയ്ക്കും വിളിച്ചപ്പോഴും സദ്യ ഉടൻ എത്തുമെന്നായിരുന്നു മറുപടി.
ഉച്ചയായപ്പോഴേയ്ക്കും ചിലരോട് പാത്രങ്ങളുമായി നേരിട്ടെത്താനായിരുന്നു മറുപടി. പാത്രങ്ങളുമായി ചെന്നവർക്കും പലർക്കും സദ്യ ലഭിച്ചില്ല.
ചിലർക്കു കുറച്ചു വിഭവങ്ങൾ മാത്രം ലഭിച്ചു. പല വീടുകളിലും അതിഥികളായെത്തിവർക്കു മുൻപിൽ വീട്ടുകാർ നാണംകെട്ടു.
പലരും പിന്നീട് ബത്തേരിയിലെ ഹോട്ടലുകളെയാണ് ആശ്രയിച്ചത്. ചിലർ ആരാധനാലയങ്ങളിലും മറ്റുമുള്ള ഭക്ഷണം കഴിച്ച് തൃപ്തിപ്പെട്ടു.
ഭക്ഷണം ബുക്കു ചെയ്തവരെല്ലാം വീടുകളിൽ മറ്റ് ആഘോഷങ്ങളുടെ തിരക്കിലേക്കു നീങ്ങിയിരുന്നു. ഉച്ചയ്ക്ക് വിശന്നു പൊരിഞ്ഞപ്പോൾ പലർക്കും ഭക്ഷണം തേടി അലയേണ്ടി വന്നു.
കാരണമന്വേഷിച്ചു കുടുംബശ്രീയുടെ ഫോൺ നമ്പറിലേക്ക് വിളിച്ചെങ്കിലും സ്വിച്ച്ഡ് ഓഫ് ആയിരുന്നു.
കുടുംബശ്രീയുടെ ശോഭകെടുത്തി ഒരു യൂണിറ്റിലെ പ്രതിസന്ധി
ബത്തേരി ∙ കുടുംബശ്രീയുടെ ഒരു യൂണിറ്റിലുണ്ടായ വീഴ്ച, നല്ല രീതിയിൽ സദ്യ വിളമ്പിയ കുടുംബശ്രീക്കാരെ ഒന്നാകെ വേദനിപ്പിക്കുന്നതായെന്ന് ബത്തേരി ബ്ലോക്ക് കോ– ഓർഡിനേറ്റർ. സദ്യ നൽകുന്നതിന് സന്നദ്ധരായി വന്ന യൂണിറ്റുകളെ പ്രത്യേകം വിളിച്ചു കൃത്യമായ നിർദേശങ്ങൾ നൽകിയിരുന്നു. 10 എണ്ണത്തിനു താഴെയുള്ള ഓർഡർ സ്വീകരിക്കരുതെന്നും നിർദേശം നൽകിയിരുന്നു.
എന്നാൽ അതൊന്നും പാലിക്കപ്പെട്ടില്ല. ജില്ലയിൽ കുടുബശ്രീ ഓണസദ്യക്ക് നല്ല പ്രതികരണം ലഭിച്ചപ്പോൾ ഇതു വലിയ വീഴ്ചയുണ്ടാക്കുന്നതായി.
പ്രശ്നം എന്താണെന്നു പരിശോധിക്കുമെന്നും കോ– ഓർഡിനേറ്റർ പറഞ്ഞു.
തിരുവോണ നാളിൽ ഭക്ഷണം തേടിയലഞ്ഞ് ഒട്ടേറെപ്പേർ
തിരുവോണത്തിന് സദ്യ ബുക്കു ചെയ്ത് കാത്തിരുന്ന ബത്തേരി സ്വദേശികളായ നൂറനാൽ ജോർജ്, ശ്രീഹരിയിൽ ഹരികുമാർ, മാത്യൂസ് തുടങ്ങിയവർക്കുണ്ടായ വിഷമം പറഞ്ഞറിയിക്കാനാവാത്തതാണ്.
ഇവർ ഫോൺ ചെയ്തപ്പോഴൊക്കെ സദ്യ എത്തിക്കുമെന്നായിരുന്നു മറുപടി. എന്നാൽ ഉച്ചയായതോടെ ഫോൺ എടുക്കാതായി.
വീട്ടിലെത്തിയ അതിഥികളോട് എന്തു പറയണമെന്ന് അറിയാതെ വിഷമിച്ച ഇവർ പിന്നീട് ഹോട്ടലുകളിൽ നിന്നും മറ്റും ഭക്ഷണം തരപ്പെടുത്തുകയായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]