
20 കോടിയും കുറേ പ്രഖ്യാപനങ്ങളും; റോഡ് തകർച്ചയ്ക്ക് പരിഹാരമില്ല
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പുൽപള്ളി ∙ ജില്ലയിലെ പ്രധാനപാതയും പുൽപള്ളി, മുള്ളൻകൊല്ലി, പൂതാടി പഞ്ചായത്തുകളുടെ ജീവനാഡിയുമായ പെരിക്കല്ലൂർ– പുൽപള്ളി– ബത്തേരി റോഡിന്റെ ശോച്യാവസ്ഥയ്ക്ക് സത്വര പരിഹാരമുണ്ടാക്കണമെന്നു മരം കയറ്റിറക്ക് തൊഴിലാളിയൂണിയൻ ആവശ്യപ്പെട്ടു. ആധുനിക രീതിയിൽ കാൽ നൂറ്റാണ്ടുമുൻപ് നിർമിച്ചറോഡ് ഇപ്പോൾ പൂർണമായി തകർന്നുകിടക്കുകയാണ്. ദിവസേന ഇതുവഴി കടന്നുപോകുന്ന യാത്രാ– ചരക്കുവാഹനങ്ങൾക്കു കണക്കില്ല.റോഡ് നന്നാക്കണമെന്ന മുറവിളി ശക്തമാകുമ്പോൾ പ്രഖ്യാപനങ്ങൾ നടത്തി മരാമത്ത് വകുപ്പ് ജനങ്ങളെ കബളിപ്പിക്കുകയാണ്. 80 കോടി ചെലവിൽ പെരിക്കല്ലൂർ മുതൽ ബത്തേരിവരെ പുനർനിർമിക്കുമെന്നായിരുന്നു ഡിസംബറിലെ പ്രഖ്യാപനം. എന്നാലിപ്പോൾ 20 കോടിയിലൊതുങ്ങി. അതിനുള്ള ഭരണാനുമതി നൽകിയെന്നും മരാമത്ത് വകുപ്പ് പറയുന്നു.
35 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് നവീകരണത്തിനാവശ്യമായ തുക അനുവദിക്കാതെയും നിർമാണം നടത്താതെയും ജനങ്ങളുടെ കണ്ണിൽപൊടിയിടുന്ന സമീപനമാണ് വകുപ്പ് നടത്തുന്നതെന്നും ആരോപിച്ചു. മഴക്കാലമെത്താറായതിനാലും സാമ്പത്തികവർഷം കഴിഞ്ഞതിനാലും ഉടനെയൊന്നും റോഡ് നവീകരണം നടക്കാത്ത അവസ്ഥയാണെന്നും ചൂണ്ടിക്കാട്ടി. ചെറിയൊരു മഴപെയ്താൽ താഴെയങ്ങാടി, എരിയപ്പള്ളി, മുളളൻകൊല്ലി എന്നിവിടങ്ങളിൽ വലിയ വെള്ളക്കെട്ടുണ്ടാവുന്നു. റോഡിലെ പെരുങ്കുഴികൾ നികത്താൻപോലും ബന്ധപ്പെട്ടവർ തയാറാകുന്നില്ല. പലപ്പോഴും ചരക്കു വാഹനങ്ങളും ബസുകളും വഴിയിൽ കിടക്കുന്നു. ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്നവരും ഗതികേടിലാണ്. കെ.കെ.ഏബ്രഹാം അധ്യക്ഷത വഹിച്ചു. സജി പെരുമ്പിൽ, പി.സി.സുനിൽ, പി.യു.ബിനോയി, സുരേഷ് തേക്കട, ടി.ജെ.ജോൺ, സി.വി.രാജേഷ്, ഒ.സി.ജയൻ, കെ.സുരേഷ് എന്നിവർ പ്രസംഗിച്ചു.