ബത്തേരി ∙ കേരള– തമിഴ്നാട് അതിർത്തിയായ താളൂരിൽ കേരളം സ്വാഗത ബോർഡ് സ്ഥാപിച്ചതിനെതിരെ തമിഴ്സംഘടനകളുടെ പ്രതിഷേധം. ബത്തേരിയിൽ നിന്ന് തമിഴ്നാട്ടിലെ ചേരമ്പാടി വഴി പോകുന്ന സംസ്ഥാനാന്തര പാതയിൽ താളൂർ വരെ പണി പൂർത്തിയാക്കിയ ആധുനിക റോഡിന്റെ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നടത്തുന്നതിനു മുന്നോടിയായാണ് കഴിഞ്ഞ ദിവസം പിഡബ്ല്യുഡി സ്വാഗത ബോർഡ് സ്ഥാപിച്ചത്.
നാം തമിഴർ സംഘടനയുടെ ചില പ്രതിനിധികളെത്തി ബോർഡ് വയ്ക്കുന്നതിനെ എതിർത്തെങ്കിലും അതിർത്തി കടന്നല്ല ബോർഡ് വയ്ക്കുന്നതെന്ന് ചൂണ്ടിക്കാണിച്ച് പിഡബ്ല്യുഡി അധികൃതർ ബോർഡ് സ്ഥാപിച്ചു.
എന്നാൽ, ഇന്നലെ രാവിലെ പ്രതിഷേധവുമായെത്തിയ തമിഴ്സംഘടനകൾ വൈകിട്ട് 5ന് മുൻപ് ബോർഡ് മാറ്റണമെന്നും അല്ലാത്തപക്ഷം മൂടിയിടണമെന്നും അന്ത്യശാസനം നൽകി. അതോടെ ഇരു സംസ്ഥാനങ്ങളിലെയും പൊലീസ് സംഘം സ്ഥലത്ത് ക്യാംപ് ചെയ്തു.
തഹസിൽദാർമാർ അടക്കമുള്ള റവന്യു ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. വൈകിട്ട് 5 മണിയായിട്ടും ബോർഡ് മാറ്റാതിരുന്നതോടെ തമിഴ് സംഘടനകൾ റോഡു തടയൽ സമരം നടത്തി.
സമരം അൽപ സമയം നീണ്ടതോടെ തമിഴ്നാട് പൊലീസെത്തി സമരക്കാരെ അറസ്റ്റ് ചെയ്തു.
ഇന്നലെ വൈകിട്ടോടെ ചീഫ് സെക്രട്ടറി തലത്തിൽ ഓൺലൈനായി ചർച്ച നടത്തി. കലക്ടർ തല ചർച്ചയും അടുത്ത ദിവസം നടത്താമെന്ന് ധാരണയായിട്ടുണ്ട്.
റോഡ് നവീകരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ തിങ്കളാഴ്ച സംസ്ഥാനാതിർത്തിയിൽ കേരളത്തിന്റെ സ്ഥലത്തു നിന്ന തമിഴ്നാടിന്റെ സ്വാഗത ബോർഡ് കേരളം നീക്കം ചെയ്തതോടെയാണ് വർഷങ്ങൾക്കു ശേഷം അതിർത്തിത്തർക്കം വീണ്ടും ഉടലെടുത്തത്.
ബോർഡ് പുനഃസ്ഥാപിക്കണമെന്ന് തമിഴ്നാട് അധികൃതർ അന്ന് അതിർത്തിയിലെത്തി ആവശ്യപ്പെട്ടെങ്കിലും സ്വന്തം സ്ഥലത്തുള്ള ബോർഡാണ് നീക്കിയതെന്ന് കേരള അധികൃതർ നിലപാടെടുത്തു. തുടർന്ന് തർക്കം രൂക്ഷമായി.
പിന്നീട് ഉദ്യോഗസ്ഥതല ചർച്ച നടത്തി അന്തിമ തീരുമാനമെടുക്കാമെന്ന ധാരണയിലാണ് അന്ന് തർക്കം അവസാനിപ്പിച്ചത്.
ഒരാഴ്ച പിന്നിടും മുൻപാണ് വീണ്ടും ബോർഡ് തർക്കം ഉടലെടുത്തത്. ഇക്കുറി കേരളം ബോർഡ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ടായിരുന്നെന്നു മാത്രം.
8 വർഷം മുൻപ് ഈ ഭൂമിയിൽ ഉണ്ടായ തർക്കത്തെ തുടർന്ന് നടത്തിയ സംയുക്ത സർവേയിൽ 46 സെന്റ് ഭൂമി കേരളത്തിന്റേതാണെന്ന് അടയാളപ്പെടുത്തുകയും സ്ഥലത്ത് നെൻമേനി പഞ്ചായത്ത് വഴിയോര വിശ്രമ കേന്ദ്രവും ബസ്ഷെൽറ്ററും നിർമിക്കുകയും ചെയ്തിരുന്നു. അതേ സ്ഥലത്താണ് ഇപ്പോൾ തർക്കം രൂക്ഷമാകുന്നത്. തമിഴ്നാട്ടിൽ നിന്നുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥർക്കുമൊപ്പം ബത്തേരി തഹസിൽദാർ എം.എസ്.
ശിവദാസൻ, തഹസിൽദാർ ബി.പ്രശാന്ത്, പഞ്ചായത്ത് പ്രസിഡന്റ് ഗംഗാധരൻ ആത്താർ, സെക്രട്ടറി തുടങ്ങി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും രാത്രി വൈകിയും അതിർത്തിയിൽ ക്യാംപ് ചെയ്യുകയാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

