പനമരം ∙ പനമരം ആസ്ഥാനമായി വയനാട് പോസ്റ്റൽ ഡിവിഷൻ ആരംഭിക്കണമെന്നും നടവയൽ, തരുവണ ബ്രാഞ്ച് പോസ്റ്റ് ഓഫിസുകൾ സബ് പോസ്റ്റ് ഓഫിസുകളായി ഉയർത്തണമെന്നുമുള്ള ആവശ്യം ശക്തമാകുന്നു. ജില്ലയിലുള്ളവർ കോഴിക്കോട്, കണ്ണൂർ പോസ്റ്റൽ ഡിവിഷനുകളെയാണ് നിലവിൽ ആശ്രയിക്കുന്നത്.
ഇതിൽ വൈത്തിരി, ബത്തേരി താലൂക്കിലുള്ളവർ കോഴിക്കോട് ഡിവിഷന്റെ കീഴിലും മാനന്തവാടി താലൂക്കിലുള്ളവർ തലശ്ശേരി ഡിവിഷനിലും ആണ് എത്തേണ്ടത്. ഇത് ജനങ്ങൾക്ക് ഒട്ടേറെ ബുദ്ധിമുട്ടുകളാണ് സൃഷ്ടിക്കുന്നത്.
പനമരത്തുനിന്ന് 5 കിലോമീറ്റർ അകലെയുള്ള കണിയാമ്പറ്റയിലേക്ക് ഒരു കത്തയച്ചാൽ അതു വിലാസക്കാരനു കിട്ടണമെങ്കിൽ ചുരുങ്ങിയത് 3 ദിവസമെടുക്കും.
പനമരം തലശ്ശേരി ഡിവിഷനിലും കണിയാമ്പറ്റ കോഴിക്കോട് ഡിവിഷനിലുമായതാണു കാരണം. പനമരത്തുനിന്നുള്ള തപാൽ ചുരമിറങ്ങി കണ്ണൂരിലെത്തി അവിടെനിന്ന് കോഴിക്കോട് വന്ന് വീണ്ടും ചുരം കയറി കൽപറ്റ പോസ്റ്റ് ഓഫിസിലെത്തി അവിടെ നിന്നു കണിയാമ്പറ്റ എത്തി വേണം മേൽവിലാസക്കാരന്റെ കൈകളിലെത്താൻ.
ജില്ലയിൽ പോസ്റ്റൽ ഡിവിഷൻ ആരംഭിച്ചാൽ ഇതിനെല്ലാം പരിഹാരമാകും.
മറ്റ് ജില്ലകളിൽ ഒന്നിൽ കൂടുതൽ പോസ്റ്റൽ ഡിവിഷൻ ഓഫിസ് പ്രവർത്തിക്കുമ്പോഴാണ് പോസ്റ്റൽ ഡിവിഷൻ ഇല്ലാത്ത ഏക ജില്ലയായി വയനാട് നിലകൊള്ളുന്നത്. പോസ്റ്റൽ ഡിപ്പാർട്മെന്റിനു പനമരം ടൗണിൽ കോടികൾ വിലമതിക്കുന്ന ഭൂമി അര ഏക്കറോളം ഭൂമി സ്വന്തമായി ഉണ്ടെങ്കിലും കാടുപിടിച്ചു കിടക്കുകയാണ്.
നിലവിൽ പോസ്റ്റ് ഓഫിസ് പ്രവർത്തിക്കുന്നത് വാടകക്കെട്ടിടത്തിലെ രണ്ടാം നിലയിലാണ്. വയ്യാത്തവർ ബുദ്ധിമുട്ടിയാണ് ഇവിടേക്ക് എത്തിച്ചേരുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]