
പുൽപള്ളി ∙ മൂന്നു വർഷമായി ഭൂസമരം നടക്കുന്ന മരിയനാട്ട് ഭൂമി അളന്നു തിരിക്കാൻ എത്തിയ ഉദ്യോഗസ്ഥരെ സമരക്കാർ തടഞ്ഞു. വനം വികസന കോർപറേഷൻ ഉടമസ്ഥതയിലുള്ള 238 ഹെക്ടർ, ഭൂരഹിതരായ ഗോത്ര വിഭാഗങ്ങൾക്കു പതിച്ചു നൽകാൻ നീക്കിവച്ചതാണ്.
1995ൽ ഭൂമി നൽകണമെന്നു സുപ്രീം കോടതി വിധിയും ഉണ്ടായി. വിവിധ ഗോത്ര സംഘടനകളുടെ നേതൃത്വത്തിൽ 400ൽ പരം കുടുംബങ്ങൾ തോട്ടത്തിൽ കുടിൽകെട്ടി കഴിയുന്നുണ്ട്.
മുത്തങ്ങ ഭൂ സമരത്തിൽ പങ്കെടുത്ത 15 കുടുംബങ്ങൾക്കു മരിയനാട്ട് ഭൂമി അളന്നു നൽകാനാണു റവന്യു സംഘമെത്തിയത്. എന്നാൽ, ഉദ്യോഗസ്ഥ സംഘത്തെ തടഞ്ഞു.
വർഷങ്ങളായി കുടിൽകെട്ടി സമരം നടത്തുന്നവർക്ക് ആദ്യം ഭൂമി നൽകണമെന്നായിരുന്നു സമരക്കാരുടെ നിലപാട്.
രണ്ടാഴ്ച മുൻപും സർവേ സംഘത്തെ തിരിച്ചയച്ചിരുന്നു. തുടർന്നു കലക്ടറേറ്റിൽ യോഗം വിളിച്ചിരുന്നു.
ഗോത്ര സംഘടനകൾ അന്നും എതിർപ്പ് അറിയിച്ചിരുന്നു. കോടതി വിധി നടപ്പാക്കാനാണു റവന്യു സംഘം വീണ്ടും എത്തിയത്.
പൊലീസ് കാവലിൽ എത്തിയ ഉദ്യോഗസ്ഥർ പ്രതിഷേധം കണക്കിലെടുത്തു മടങ്ങി.
തോട്ടത്തിലെ മുഴുവൻ സ്ഥലവും അളന്ന ശേഷം അർഹത നോക്കി തിരിച്ചു കൊടുക്കണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം. കുടിൽ കെട്ടി ജീവിക്കുന്നവർക്ക് ഓരോ ഏക്കർ വീതം നൽകണമെന്ന ആവശ്യവും ഉന്നയിച്ചു.
12നു മന്ത്രിതല യോഗം ചേരുമെന്നും ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. സമര സമിതി ഭാരവാഹികളായ ബി.വി.ബോളൻ, എ.ചന്തുണ്ണി, ബീന ശ്രീകുമാർ, ചിത്ര മരിയനാട് എന്നിവർ സമരത്തിനു നേതൃത്വം നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]