
മാനന്തവാടി ∙ ഓണക്കാലത്തേക്കു വാഴക്കൃഷി നടത്തിയ കർഷകർ വിലത്തകർച്ചയെ തുടർന്നു കനത്ത പ്രതിസന്ധിയിൽ. ഒരു കിലോ നേന്ത്രപ്പഴം വാങ്ങാൻ ഇപ്പോൾ കടയിൽ 40 രൂപ കൊടുക്കണം.
എന്നാൽ ഒരു വർഷം അധ്വാനിച്ച് വാഴക്കുല ഉൽപാദിപ്പിക്കുന്ന കർഷകന് ഇതിന്റെ പകുതി വില പോലും ലഭിക്കുന്നില്ല. ഈ വർഷമാദ്യം ഒരു കിലോ നേന്ത്രക്കായയ്ക്ക് 50 രൂപ വരെ ലഭിച്ചിരുന്നു. ഓണക്കാലത്ത് മികച്ച വില പ്രതീക്ഷിച്ച് കടം വാങ്ങി കൃഷിയിറക്കിയ കർഷകരാണ് ഇപ്പോൾ പ്രയാസത്തിലായത്.
ഉൽപാദനം കൂടിയതോടെ ഒരു കിലോയ്ക്ക് ലഭിക്കുന്നത് പലപ്പോഴും 20 രൂപ മാത്രം. ചിലപ്പോൾ ഇതിൽ കുറഞ്ഞ വിലയിലും കായ വിൽക്കേണ്ടി വരുന്നുണ്ട്.
ഇതിനു പുറമേയാണ് സെക്കൻഡ്, തേർഡ് എന്ന് പറഞ്ഞ് കുല തരംതിരിച്ച് വില കുറയ്ക്കുന്നത്.
വിപണിയിൽ ഡിമാൻഡ് ഇല്ലാതായതും അപ്രതീക്ഷിത വിലയിടിവും കർഷകരുടെ നിലനിൽപ് ചോദ്യം ചെയ്യുകയാണ്. മൂപ്പെത്തിയ കുലകൾ യഥാസമയം വെട്ടി വിറ്റില്ലെങ്കിൽ കായ പൊട്ടിയും പഴുത്തും നശിക്കും. അതിനാൽ നഷ്ടം സഹിച്ചും കിട്ടുന്ന വിലയ്ക്ക് വാഴക്കുല വിൽക്കേണ്ട
ഗതികേടിലാണ് കർഷകർ. കുടുംബശ്രീയിൽ നിന്നും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും പണം കടം വാങ്ങിയും സ്വർണാഭരണങ്ങൾ പണയം വച്ചുമാണ് ഒട്ടേറെപ്പേരും കൃഷി ഇറക്കുന്നത്.
സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നവരും ഒട്ടേറെ. കർണാടകയിൽനിന്ന് എത്തുന്ന നേന്ത്രക്കായയ്ക്ക് കച്ചവടക്കാർ കൂടിയ വില നൽകുന്നുണ്ടെന്നും വയനാടൻ കായയുടെ വില ഇടിക്കുന്നത് ബോധപൂർവമാണെന്നും കർഷകർ ആരോപിച്ചു.
നേന്ത്രവാഴക്കൃഷിയിൽ മുടക്കുമുതൽ പോലും ലഭിക്കാത്ത അവസ്ഥയാണ്. ഒരു നേന്ത്രവാഴ വച്ച് പരിപാലിച്ച് വിളവെടുക്കാൻ ചുരുങ്ങിയത് 250 രൂപ ചെലവു വരും.
വാഹനം എത്താത്തയിടത്തും മറ്റുമാണെങ്കിൽ ചെലവ് ഇതിലും കൂടും. വന്യമൃഗ ശല്യവും കാലാവസ്ഥാ വ്യതിയാനവും അതിജീവിച്ചാണ് കൃഷി പരിപാലനം. വിളവെടുക്കുമ്പോൾ ഒരു കിലോ നേന്ത്രക്കായക്ക് ചുരുങ്ങിയത് 35 രൂപയെങ്കിലും തറവില നിശ്ചയിക്കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.
തറ വിലയിൽ കാലോചിത മാറ്റം വേണം
നേന്ത്രക്കായ്ക്ക് 2019 ൽ ഏർപ്പെടുത്തിയ തറ വിലയിൽ നിന്നുകാലോചിത മാറ്റം വേണമെന്ന കർഷകരുടെ ആവശ്യവും അംഗീകരിക്കപ്പെട്ടില്ല. 24 രൂപയാണ് 6 വർഷം മുൻപ് തറവിലനിശ്ചയിച്ചത്.
ഈ വില പോലും പലപ്പോഴും ലഭിക്കുന്നില്ല. ഒന്നാം ഗ്രേഡിൽ നിന്ന് രണ്ടിലേക്ക് എത്തുമ്പോൾ കിലോയ്ക്ക് 10 രൂപയും മൂന്നിലേക്ക് എത്തുമ്പോൾ വീണ്ടും 8 രൂപയും കുറയും.
രണ്ടും മൂന്നും ഗ്രേഡ് തിരിച്ച് കർഷകരിൽനിന്ന് ശഖരിക്കുന്ന നേന്ത്രക്കായകൾ ഒന്നാം ഗ്രേഡിന്റെ വിലയിൽ കച്ചവടക്കാർ വിൽക്കുന്നതായും കർഷകർ പറയുന്നു.
ജില്ലയിൽ വാഴക്കുല കച്ചവടം നടത്തുന്ന ചെറുകിട കച്ചവടക്കാർ നേരിട്ട് വാഴക്കുല കയറ്റുന്നില്ല.
മറിച്ച് ജില്ലയിലെ വൻകിട കച്ചവടക്കാർക്ക് മറച്ചു കൊടുക്കുകയാണ് ചെയ്യുന്നത്. മാനന്തവാടി ഭാഗത്തു വാഴക്കുലക്ക് മറ്റ് പ്രദേശത്തേക്കാൾ എന്നും മൂന്നു മുതൽ 5 രൂപ വരെ വിലകുറച്ചാണ് കച്ചവടം.
സർക്കാർ ഏജൻസിയായ വിഐപിസികെ കർഷകരിൽ നിന്ന് സ്വീകരിക്കുന്ന വാഴക്കുലയും വയനാട്ടിലെ മൊത്ത വ്യാപാരികളാണ് എടുക്കുന്നത്. അവരാണു വില നിശ്ചയിക്കുന്നതും. കുറച്ചു വർഷങ്ങളായിട്ട് വയനാട്ടിലെ കർഷകർക്ക് സീസണിൽ നല്ല വില ലഭിക്കാറില്ല. കേരളത്തിലെ വാഴക്കുലയുടെ താങ്ങുവില പോലും വയനാട് ജില്ലയിൽ കുറവാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.
കച്ചവടക്കാരിൽ നിന്നും സർക്കാർ ഏജൻസികളിൽ നിന്നും കർഷകന് നീതി ലഭിക്കുന്നില്ലെന്നും കൃഷിനാശം സംഭവിച്ച കർഷകർക്ക് കുറച്ചു വർഷങ്ങളായി നഷ്ടപരിഹാരം ലഭിക്കുന്നില്ലെന്നും കൃഷിക്കാർ പരാതിപ്പെട്ടു.
പനമരത്ത് നാളെ കർഷക യോഗം
∙ വ്യാപാരികളുടെ ചൂഷണത്തിനും സർക്കാരിന്റെ അവഗണനയ്ക്കും പരിഹാരം തേടി വയനാടൻ വാഴക്കർഷകർ കർഷക വാട്സാപ് ഗ്രൂപ്പിനു രൂപം കൊടുത്തു – ‘കണ്ണുനീർത്തുള്ളികൾ ഒന്നിക്കുന്നു’. നൂറുകണക്കിന് കർഷകരാണ് നിലവിൽ ഗ്രൂപ്പിലുള്ളത്. കർഷകരുടെ എണ്ണം കൂടിയതോടെ നിലവിൽ 3 ഗ്രൂപ്പുകളായി.
പ്രശ്നങ്ങൾ ചർച്ച ചെയ്യാനും പരിഹാരം കണ്ടെത്താനും നാളെ പനമരം വിജയ അക്കാദമി ഹാളിൽ രാവിലെ 10.30ന് കർഷകരുടെ സംഗമം നടക്കും. വയനാട്ടിൽ സ്വതന്ത്ര വാഴക്കർഷക സംഘടനയ്ക്ക് രൂപം കൊടുക്കുവാനുള്ള നീക്കത്തിലാണ് കൃഷിക്കാർ.
ജില്ലാ കമ്മിറ്റിക്കും നാളെ രൂപം നൽകുമെന്ന് വെള്ളമുണ്ടയിലെ കർഷകനായ പോൾ തലച്ചിറ പറഞ്ഞു.
തൊഴിലാളി ക്ഷാമം,പ്രകൃതിക്ഷോഭം, രാസവളം വില വർധനവ് തുടങ്ങി പല കടമ്പകളും കടന്നാണ് നേന്ത്ര വാഴക്കുല വിളവെടുത്ത് വിപണിയിൽ എത്തിക്കുന്നത്. എന്നാൽ കുത്തക കച്ചവടക്കാർ നിയന്ത്രിക്കുന്ന മാർക്കറ്റ് വില കർഷകരെ വഞ്ചിക്കുകയാണ്.
മാനന്തവാടിയിലെ വിലയേക്കാൾ പലപ്പോഴും കൽപറ്റയിലും ബത്തേരിയിലും 6,7 രൂപ വരെ വില കൂടുതൽ ഉണ്ടാകും. ഇത് ചൂഷണത്തിന്റെ പ്രകടമായ തെളിവാണ്.
സർക്കാർ വയനാടൻ വാഴ കർഷകരോട് കാണിക്കുന്ന നയവും മാറണം. ഇവിടെ തറവില മറ്റുജില്ലകളെ അപേക്ഷിച്ച് കുറവാണ്. പ്രകൃതിക്ഷോഭത്തിൽ വിളനാശം സംഭവിച്ചവർക്ക് 2021 മുതലുള്ള നഷ്ടപരിഹാരം ലഭിക്കാനുണ്ട്.
ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തിയാലും നഷ്ടപരിഹാരം ലഭിക്കാൻ 2 വർഷം വരെ കാത്തിരിക്കേണ്ട അവസ്ഥയുണ്ട്.
ബേബി മൈലാടൂർ, കർഷകൻ, കൊമ്മയാട്
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]