
ബത്തേരി ∙ അതിതീവ്രമഴയും കാട്ടിൽനിന്നുള്ള കുത്തൊഴുക്കും ജനവാസ കേന്ദ്രങ്ങളിലെ കൃഷിയിടങ്ങളെയും വയലേലകളെയും റോഡുകളെയും വെള്ളത്തിലാക്കി. ഇന്നലെ ഉച്ചതിരിഞ്ഞു 3 മണിക്കൂറോളം പെയ്ത മഴയെ തുടർന്ന് തോടുകളിലും പുഴകളിലും നീരൊഴുക്ക് ശക്തമായി. ബത്തേരി നഗരസഭയും നൂൽപുഴ പഞ്ചായത്തും ചേർന്നു കിടക്കുന്ന വടക്കനാട്, ചെതലയം, പുതുച്ചോല, വള്ളുവാടി, പള്ളിവയൽ, കുപ്പാടി, ഗ്രീൻവാലി, മൂലങ്കാവ്, വീട്ടിക്കുറ്റി മേഖലകളിലാണ് കനത്ത മഴ പെയ്തത്.
വയനാട് വന്യജീവി സങ്കേതത്തിലെ പഴേരി വനമേഖലയിൽപെട്ട
കുന്നിൻമുകളിൽനിന്നു കുത്തിയൊലിച്ചെത്തിയ വെള്ളം വീട്ടക്കുറ്റി, മൂന്നാംമൈൽ, പുതുച്ചോല, നൊച്ചം ഉന്നതി, ചിമ്പ്രം ഉന്നതി, ഗ്രീൻവാലി എന്നിവിടങ്ങളിലെ താഴ്ന്ന മേഖലകളെ ദുരിതക്കയത്തിലാക്കി. പലയിടങ്ങളിലും വീട്ടുമുറ്റങ്ങളിലേക്ക് വെള്ളം കുതിച്ചെത്തി. തോടുകൾ പലതും കരകവിഞ്ഞു. നെൽപാടങ്ങൾ വെള്ളത്തിലായി.
ദേശീയപാതയിൽ തിരുനെല്ലി മുതൽ കാരശേരി വരെയുള്ള ഭാഗങ്ങളിൽ പലയിടത്തും വെള്ളം കയറി. മൂലങ്കാവ് ടൗണിൽ ഗവ. ഹയർസെക്കൻഡറി സ്കൂളിനു മുൻവശത്ത് ദേശീയപാത വെള്ളക്കെട്ടായി.
പല ഗ്രാമീണ റോഡുകളിലും വെള്ളംകയറി. മഴയുടെ ശക്തി വൈകിട്ടോടെ കുറഞ്ഞെങ്കിലും പൂർണമായി നിലച്ചിട്ടില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]