
പിതാവിന് പിന്നാലെ മകനും..; ഉള്ളുലഞ്ഞ് കുളത്താട ഗ്രാമം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വാളാട് ∙ കളിചിരികൾ നിറയുന്ന മധ്യവേനലവധിക്കാലത്ത് കണ്ണീർ കയത്തിലായിരിക്കുകയാണ് തവിഞ്ഞാൽ പഞ്ചായത്തിലെ കുളത്താട ഗ്രാമം.അയൽവാസികളും ബന്ധുക്കളുമായ 2 കൗമാരക്കാരുടെ വിയോഗ വാർത്ത വേദനയോടെയാണ് ഇന്നലെ വൈകിട്ട് നാട് ഏറ്റുവാങ്ങിയത്. വാളാട് പുലിക്കാട്ട് കടവിൽ കുളിക്കാൻ പോയ അജിൻ, ക്രിസ്റ്റി എന്നിവരാണ് പുഴയിൽ മുങ്ങി മരിച്ചത്. വിവരമറിഞ്ഞ ഉടൻ തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡന്റ് എൽസി ജോയി അടക്കമുള്ള ജനപ്രതിനിധികൾ മാനന്തവാടി ഗവ മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിലേക്ക് എത്തി. മൃതദേഹം മോർച്ചറിയിലേക്ക് നീക്കിയപ്പോഴേക്കും മന്ത്രി ഒ.ആർ.കേളുവും സ്ഥലത്തെത്തി.
ഉന്നത റവന്യു, പൊലീസ് അധികാരികളും ആശുപത്രിയിൽ എത്തിയിരുന്നു. പണിക്ക് പോയിരുന്ന ക്രിസ്റ്റിയുടെ പിതാവ് വിനീഷ് മോർച്ചറിക്ക് മുന്നിലെത്തിയപ്പോൾ ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ കൂടി നിന്നവർ കുഴങ്ങി. മോർച്ചറിയിൽ കയറി മകന്റെ ചേതനയറ്റ ശരീരം കണ്ടാണ് വിനീഷ് വീട്ടിലേക്ക് മടങ്ങിയത്.ഇന്നലെ വൈകിട്ട് നാലോടെയാണ് 5 പേരടങ്ങുന്ന സംഘം കുളിക്കാൻ ഇറങ്ങിയത്.
ഇതിൽ 2 പേർ വെള്ളത്തിൽ മുങ്ങിപ്പോവുകയായിരുന്നു. വാളാട്, പുത്തൂർ റെസ്ക്യു ടീം അംഗങ്ങൾ എത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും രക്ഷിക്കാനായില്ല. കുളത്താട ഹെൽത്ത് സെന്ററിന് സമീപത്താണ് അജിന്റെ വീട്. കേവലം അരക്കിലോമീറ്റർ ദൂരമേയുള്ളു ക്രിസ്റ്റിയുടെ വീട്ടിലേക്ക്. ബന്ധുക്കളായ ഇരുവരും ചെറുപ്പം മുതലേ കളിക്കൂട്ടുകാരുമാണ്.
പിതാവിന് പിന്നാലെ മകനും…
കുളത്താട ∙ ക്ഷീര കർഷകനായ വാഴപ്ലാംകുടി ബിനു വാഹനാപകടത്തിൽ മരിച്ചിട്ട് ഏറെ നാളുകൾ ആയിട്ടില്ല. പശുവിന് പുല്ല് മുറിച്ച് ഗുഡ്സ് ഓട്ടോയിൽ കയറ്റി വിട്ട ശേഷം ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ പിക്കപ് ജീപ്പ് ഇടിച്ചായിരുന്നു മരണം. അപ്രതീക്ഷിത മരണത്തിന്റെ ആഘാതത്തിൽ നിന്ന് കുടുംബം കരകയറി വരും മുൻപാണ് ബിനുവിന്റെ മകൻ അജിൻ മരണത്തിന് കീഴടങ്ങിയത്.