കൽപറ്റ ∙ മുട്ടിൽ മരം മുറി കേസിൽ വഞ്ചിക്കപ്പെട്ട കർഷകർക്കു വീണ്ടും പിഴ നോട്ടിസ്.
മുൻപ് 29 കർഷകർക്കു നോട്ടിസ് അയച്ചതിനു പിന്നാലെ കഴിഞ്ഞദിവസങ്ങളിൽ വീണ്ടും നോട്ടിസ് അയച്ചുതുടങ്ങി. ആദിവാസികളുൾപെടെയുള്ളവർക്കാണു നോട്ടിസ്.
ചിലർക്കു 37 ലക്ഷം രൂപ വരെയാണു പിഴയായി നിശ്ചയിച്ചിരിക്കുന്നത്. കേസിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കർഷകർ നൽകിയ അപ്പീൽ റവന്യു വകുപ്പ് തള്ളിയതാണ് കർഷകർക്കു വിനയായത്.
മുട്ടിൽ കേസ് മുഖ്യപ്രതികളായ അഗസ്റ്റിൻ സഹോദരന്മാർ ഈട്ടിത്തടികൾ മുറിച്ചെടുത്തു കടത്തിയതിൽ തങ്ങൾ പിഴ അടയ്ക്കണമെന്ന ഗതികേടിലാണെന്ന് കർഷകർ പറയുന്നു.
നിയമവിരുദ്ധമായ ഉത്തരവിനെ മറയാക്കി കർഷകരെയും ആദിവാസികളെയും തെറ്റിദ്ധരിപ്പിച്ചു മരങ്ങൾ മുറിച്ചുകടത്തിയവർ സുരക്ഷിതരായി തുടരുന്നതിൽ വൻ പ്രതിഷേധമാണുയരുന്നത്.
3 മാസം മാത്രം ആയുസ്സുണ്ടായ സർക്കാർ ഉത്തരവിന്റെ പിൻബലത്തിൽ കർഷകരെയും ആദിവാസികളെയും തെറ്റിദ്ധരിപ്പിച്ച് കോടികളുടെ ഈട്ടിത്തടികളാണു ചുളുവിലയ്ക്ക് അഗസ്റ്റിൻ സഹോദരന്മാർ കൈക്കലാക്കിയത്. മുട്ടിൽ വില്ലേജിലുൾപെടെ മരംകൊള്ളക്കാർ വെട്ടിക്കടത്തിയ ഈട്ടിത്തടികളുടെ പേരിൽ തങ്ങൾ പ്രതിക്കൂട്ടിലാകുന്ന സാഹചര്യമാണിപ്പോഴെന്നു കർഷകർ പറയുന്നു.
ചീഫ് സെക്രട്ടറിയുടെ വിവാദ ഉത്തരവിന്റെ ബലത്തിൽ വ്യാപക മരംകൊള്ളയ്ക്കു പദ്ധതിയിട്ടവരുടെ കെണിയിൽ കർഷകർ വീണുവെന്ന വിലയിരുത്തലിൽ കർഷകരിൽനിന്നു പിഴ ഈടാക്കില്ലെന്നു സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
എന്നാൽ, ഈ തീരുമാനം അട്ടിമറിച്ചുകൊണ്ടാണു വീണ്ടും പിഴ നോട്ടിസ് അയച്ചത്.
മുട്ടിൽ മരം മുറിയുമായി ബന്ധപ്പെട്ട് കർഷകർക്കും ഗോത്രജനവിഭാഗങ്ങൾക്കും നോട്ടിസ് അയയ്ക്കുന്നത് അംഗീകരിക്കാനാകില്ല. ഈട്ടിമരങ്ങൾ വെട്ടിക്കടത്തിയവരിൽനിന്നാണു പിഴ ഈടാക്കേണ്ടത്.
കർഷകർക്കു നാമമാത്രമായ തുക നൽകിയാണു മരംകൊള്ളക്കാർ കോടികൾ വിലമതിക്കുന്ന ഈട്ടിമരങ്ങൾ മുറിച്ചെടുത്തു കടത്തിയത്. അതുകൊണ്ട് തന്നെ മുഴുവൻ പിഴത്തുകയും മരംകൊള്ളക്കാരിൽ നിന്നുമാണ് സർക്കാർ ഈടാക്കേണ്ടത്.
റവന്യു– വനംവകുപ്പുകളുടെ ഗുരുതരമായ അനാസ്ഥയാണ് ഇവിടെയുണ്ടായിരിക്കുന്നത്. മരംമുറി വിവാദമായതിനുശേഷവും ഉദ്യോഗസ്ഥർ ഇതു തുടർന്നു.
പ്രതികളിൽനിന്നു പിഴത്തുക ഈടാക്കാതെ പാവപ്പെട്ടവരെ ബലിയാടാക്കാനുള്ള ശ്രമത്തിനെതിരെ ശക്തമായ പ്രക്ഷോഭപരിപാടികൾക്കു നേതൃത്വം നൽകും.
എൻ.ഡി. അപ്പച്ചൻ എഐസിസി അംഗം
മുട്ടിൽ വില്ലേജിലെ മരംമുറിക്കേസിൽ മുഖ്യപ്രതികളായ ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവരുൾപെടെയുള്ളവരിൽനിന്ന് 8.29 കോടി രൂപ ഈടാക്കാൻ നോട്ടിസ് നൽകി രണ്ടുവർഷമായിട്ടും തുടർനടപടികളുണ്ടായതുമില്ല.
സമയപരിധിക്കുള്ളിൽ പിഴ അടച്ചില്ലെങ്കിൽ പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാമെന്നിരിക്കെയാണ് മുഖ്യപ്രതികൾക്കെതിരായ നടപടികളിൽ റവന്യുവകുപ്പിന്റെ മെല്ലെപ്പോക്ക്. അനധികൃത മരംകൊള്ളയിലൂടെ സർക്കാരിന് 15 കോടി രൂപയുടെ നഷ്ടമുണ്ടായതായി കണ്ടെത്തിയിരുന്നു.
പ്രതികളുടെ വീട്ടുമുറ്റത്തും ഭൂമിയിലും കിടക്കുന്ന ഈട്ടിത്തടികൾ ഇപ്പോഴും വനംവകുപ്പിനു കസ്റ്റഡിയിലെടുക്കാനായിട്ടില്ല.
ഉന്നതവനംവകുപ്പ് അധികാരികൾ മുഖ്യപ്രതികളായ അഗസ്റ്റിൻ സഹോദരന്മാർക്ക് ഇക്കാര്യത്തിൽ ഒത്താശ ചെയ്യുന്നതായി നേരത്തെയും ആരോപണമുയർന്നിരുന്നു. വനംവകുപ്പ് കണ്ടുകെട്ടി കുപ്പാടി ഡിപ്പോയിലേക്കു മാറ്റിയ ഈട്ടിത്തടികൾ സംരക്ഷിക്കണമെന്നു കോടതി ഉത്തരവിട്ടിട്ടും ഉദ്യോഗസ്ഥർ അലംഭാവം തുടരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

