മാനന്തവാടി∙ പ്രകൃതിയെ അടുത്തറിയാൻ നഗരമധ്യത്തിൽ നഗരവനം ഒരുക്കി വനം വകുപ്പ്. സംസ്ഥാനത്ത് മറ്റെവിടെയും കാണാത്ത വിധം നഗരപരിധിക്കകത്ത് സമൃദ്ധമായ വനാനുഭവം പകരുകയാണ് നോർത്ത് വയനാട് വനം ഡിവിഷൻ മാനന്തവാടിയിൽ ഒരുക്കിയ നഗരവനം.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ദൂഷ്യഫലങ്ങൾ കുറയ്ക്കുക, ഹരിതാഭ വർധിപ്പിക്കുക, ഉയർന്ന അന്തരീക്ഷ താപനില കുറയ്ക്കുക, വായു-ശബ്ദമലിനീകരണം നിയന്ത്രിക്കുക, കാറ്റിന്റെ വേഗത കുറച്ച് നഗരത്തെ സംരക്ഷിക്കുക, ചെറുജീവജാലങ്ങൾക്ക് വാസസ്ഥലം ഒരുക്കുക, ഭൂഗർഭ ജല സംഭരണം വർധിപ്പിക്കുക തുടങ്ങിയവയാണ് നഗരവനത്തിലൂടെ ലക്ഷ്യമാക്കുന്നത്. പൊതു ജനങ്ങൾക്ക് പ്രകൃതിയുമായി അടുത്തിടപഴകാനും പരിസ്ഥിതി അവബോധം നേടാനും പദ്ധതിയിലൂടെ അവസരമൊരുക്കുന്നു.
വനം വകുപ്പിന്റെ നേതൃത്വത്തിൽ നോർത്ത് വയനാട് വനം ഡിവിഷൻ കോംപൗണ്ടിൽ ആരംഭിച്ച നഗരവനം, ഒന്നര വർഷം പിന്നിടുമ്പോൾ ഒരു ലക്ഷത്തിലേറെ പേരാണ് സന്ദർശിച്ചത്.
അക്വേറിയം, നക്ഷത്ര വനം, ആന്തൂറിയം കോർണർ, ബട്ടർഫ്ലൈ ഗാർഡൻ, ഫേൺസ്, കനോപി വാക്ക്, ഏറുമാടം, ഓക്സിജൻ പാർലർ, വെള്ളച്ചാട്ടം, ഊഞ്ഞാൽ, ഫോട്ടോ പോയിന്റ്, കഫ്റ്റീരിയ, ഇരിപ്പിടങ്ങൾ, ശുചിമുറി എന്നിവയെല്ലാം ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. വിവിധയിനം ഔഷധ സസ്യങ്ങളെയും ചെറു ജീവജാലങ്ങളെയും സംബന്ധിച്ച വിവരണങ്ങൾ, പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ഗ്രാഫുകൾ, വന്യമൃഗങ്ങളുടെ ശിൽപങ്ങൾ, കുട്ടികൾക്കായുള്ള കളി ഉപകരണങ്ങളും നഗരവനത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.
സന്ദർശകർക്കായി മനുഷ്യ നിർമിത വെള്ളച്ചാട്ടവും ഒരുക്കിയിട്ടുണ്ട്.
വിദ്യാർഥികളിൽ പ്രകൃതിയും പരിസ്ഥിതിയും സംബന്ധിച്ച് അവബോധം വർധിപ്പിക്കുകയും പദ്ധതി ലക്ഷ്യങ്ങളിലൊന്നാണ്. ബ്രിട്ടിഷ് കാലഘട്ടത്തിന്റെ സ്മരണകൾ ഉണർത്തുന്ന വനം വകുപ്പ് ഓഫിസ്, വനം വകുപ്പ് ബംഗ്ലാവ് എന്നിവ സന്ദർശകർക്ക് കൗതുക കാഴ്ചകളാണ്.
മരങ്ങൾക്കിടയിലൂടെ ഒരുക്കിയ 800 മീറ്റർ നീളമുള്ള നടപ്പാത ആസ്വാദ്യകരമാണ്. പ്രകൃതിക്ക് കോട്ടം വരുത്താതെ, പ്രകൃതി സംരക്ഷണം ഉറപ്പാക്കിയുള്ള നിർമാണ പ്രവൃത്തികളാണ് നഗരവനത്തിലുള്ളത്.
വൈവിധ്യങ്ങളാൽ സമ്പന്നമായ മനുഷ്യനിർമിത വനം വിനോദസഞ്ചാരികൾക്ക് വേറിട്ട അനുഭവമാണ് നൽകുന്നത്.
രാവിലെ 9.30 മുതൽ 5.30 വരെയാണ് സന്ദർശനം. മുതിർന്നവർക്ക് 40 രൂപയും കുട്ടികൾക്ക് 20 രൂപയും വിദേശികൾക്ക് 50 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
പാർക്കിങ്ങിന് ഇരുചക്ര വാഹനങ്ങൾക്ക് 10 രൂപയും മൂചക്ര വാഹനങ്ങൾക്ക് 15 രൂപയും, നാലു ചക്ര വാഹനങ്ങൾക്ക് 20 രൂപയും, വലിയ വാഹനങ്ങൾക്ക് 30 രൂപയുമാണ് നിരക്ക്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

