പുൽപള്ളി ∙ സപ്ലൈകോയുടെ നെല്ല് സംഭരണത്തിന് വ്യക്തതയില്ലാത്തതിനാൽ വരവൂർ മൂന്നുപാലം പാടത്ത് കർഷകർ കിട്ടുന്ന വിലയ്ക്ക് നെല്ല് വിൽക്കാൻ നിർബന്ധിതരാകുന്നു. ദിവസങ്ങൾക്കുമുൻപ് കൊയ്തുമെതി നടത്തിയ നെല്ല് ചാക്കിൽ നിറച്ച് വീട്ടുമുറ്റത്തും പാടത്തെ കളങ്ങളിലും സൂക്ഷിച്ചിരിക്കുകയാണ്.
മഴപെയ്യുന്നതിനാൽ നെല്ല് നശിക്കുമോയെന്ന ആശങ്കയും കർഷകരെ അലട്ടുന്നു. ഇക്കൊല്ലം ഉൽപാദനം പകുതിയായി കുറഞ്ഞെന്ന് കർഷകർ പറയുന്നു.മഴ നീണ്ടുനിന്നതാണ് കാരണമായി പറയുന്നത്.
പാടത്ത് വെള്ളക്കെട്ടായതിനാൽ ഭൂരിഭാഗം പേരുടെയും വൈക്കോൽ നഷ്ടമായി.
കിലോയ്ക്ക് 30 രൂപ തോതിൽ സപ്ലൈകോ നെല്ല് സംഭരിക്കുമെന്നാണ് അറിയിപ്പ്. എന്നാൽ സംഭരിക്കാൻ അനുമതിയായില്ല.
കൊയ്തെടുത്ത നെല്ല് സൂക്ഷിക്കാൻ പ്രയാസമായതിനാൽ പലരും സ്വകാര്യ മില്ലുകാർക്ക് ഉൽപന്നം വിൽക്കുന്നു. സ്വകാര്യ ഏജൻസികൾ 26 രൂപയ്ക്കാണ് നെല്ല് വാങ്ങുന്നത്.
പ്രതികൂല കാലാവസ്ഥയും സംഭരണവും നീണ്ടാൽ കൂടുതൽ പേർ നെല്ല് വിൽക്കാനുള്ള തയാറെടുപ്പിലുമാണ്.കഴിഞ്ഞ പുഞ്ചക്കൃഷിയുടെ നെല്ല് വിൽക്കാനും കർഷകർ പാടുപെട്ടു. ദിവസങ്ങളോളം സൂക്ഷിച്ച നെല്ല് മുളച്ചുതുടങ്ങിയപ്പോഴാണ് ഏജൻസി സംഭരിച്ചത്.
ഉൽപന്നം വിൽക്കാൻ കഴിയാത്ത സാഹചര്യം പ്രതിഷേധത്തിനിടയാക്കിയിരുന്നു. കൃഷിമന്ത്രി ഇടപെട്ടാണ് നെല്ല് സംഭരണത്തിനു വഴിയൊരുക്കിയത്.
കബനിക്കരയിലെ വരവൂർ മൂന്നുപാലത്ത് 40 ഏക്കറിൽ നെൽക്കൃഷിയുണ്ട്.
ഇവിടെ നേരത്തെ കൃഷിയിറക്കുന്നതിനാൽ നേരത്തെ വിളയും. നെല്ല് വിളഞ്ഞപ്പോഴും മഴപെയ്തതിനാൽ പാടത്ത് ഇപ്പോഴും നനവാണ്.
ചളിയടിഞ്ഞ ചിലരുടെ പാടത്ത് കൊയ്തുയന്ത്രമിറക്കാനായിട്ടില്ല. മഴപെയ്താൽ ഈ നെല്ല് വീണുനശിക്കുമെന്ന ഭയവും കർഷകരെ അലട്ടുന്നു.നെല്ല് സംഭരണത്തിലെ കാലതാമസമൊഴിവാക്കണമെന്നും സംഭരണവില വേഗത്തിൽ നൽകണമെന്നും കർഷകർ ആവശ്യപ്പെട്ടു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

