ബത്തേരി ∙ കാട്ടാനകളുടെ ഇഷ്ടതാവളമാണു നാലു വശവും വനത്താൽ ചുറ്റപ്പെട്ടതും അയ്യായിരത്തോളം കുടുംബങ്ങൾ അധിവസിക്കുന്നതുമായി വടക്കനാട്, കരിപ്പൂര്, വള്ളുവാട്, പണയമ്പം പ്രദേശങ്ങൾ. ഈ പ്രദേശത്തുകാരുടെ പേടിസ്വപ്നമാണ് മുട്ടിക്കൊമ്പൻ എന്നു നാട്ടുകാർ വിളിക്കുന കാട്ടാന.
വെളിച്ചം കണ്ടാൽ ഓടിയടുക്കുന്ന ഇവൻ കഴിഞ്ഞ 8 വർഷത്തോളമായി നാട്ടിലിറങ്ങി വിലസുകയും വ്യാപകമായി കൃഷി നശിപ്പിക്കുകയും ചെയ്യുന്നു. ചിലപ്പോഴൊക്കെ വീടുകൾക്കു നേരെയും തിരിയും.
2019 ലും അതിനു മുൻപുമായി പിടിയിലായി മുത്തങ്ങ പന്തിയിലെ താപ്പാനകളായി മാറിയ വടക്കനാട് കൊമ്പന്റെയും കല്ലൂർ കൊമ്പന്റെയും (വിക്രം, ഭരത്) സംഘത്തിലുള്ളവനായിരുന്നു മുട്ടിക്കൊമ്പനും.
വടക്കനാട് കൊമ്പൻ കാട്ടാനയായിരിക്കെ നാട്ടിലിറങ്ങി വിലസിയ സമയത്ത് വടക്കനാട് കൊമ്പന്റെ വലംകൈ എന്നാണ് മുട്ടിക്കൊമ്പൻ അറിയപ്പെട്ടിരുന്നത്. അന്ന് ഒതുങ്ങിക്കൂടിയിരുന്ന മുട്ടിക്കൊമ്പൻ, വടക്കനാട് കൊമ്പൻ അകത്തായതോടെയാണ് വില്ലനായി തുടങ്ങിയത്.
ഒപ്പം ചുള്ളിക്കൊമ്പൻ എന്ന മറ്റൊരു ആന കൂടി ഉണ്ടായിരുന്നു. ഇവ രണ്ടും നാട്ടിലെ സ്ഥിരം പ്രശ്നക്കാരാണ്.
വീടുകൾ ആക്രമിക്കുക, ടോർച്ച് അടിക്കുന്നവർക്കു നേരെ ഓടിയടുക്കുക, ബഹളമുണ്ടായാൽ അനങ്ങാതെ നിൽക്കുക, തെങ്ങുകൾ കൂട്ടത്തോടെ പിഴുതെറിയുക, സുരക്ഷാ വൈദ്യുത വേലികൾക്കു മുകളിലേക്ക് മരങ്ങൾ മുറിച്ചിടുക, പകൽ സമയങ്ങളിൽ കാട്ടിലെ ഒളിവുകേന്ദ്രങ്ങളിൽ കഴിയുക എന്നിവയൊക്കെയാണ് മുട്ടിക്കൊമ്പന്റെ വിനോദങ്ങൾ.
നിസ്സംഗത തുടർന്നാൽ പ്രക്ഷോഭം: ഡോ.ഗീവർഗീസ് മാർ ബർന്നബാസ്
ബത്തേരി∙ കാട്ടാനയാക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ മലങ്കര ഓർത്തഡോക്സ് സഭ ബത്തേരി ഭദ്രാസനാധിപൻ ഡോ.ഗീവർഗീസ് മാർ ബർന്നബാസ് പ്രതിഷേധിച്ചു.
വനയോര കർഷകർക്ക് സുരക്ഷയൊരുക്കാത്തത് മനുഷ്യജീവനോടുള്ള വെല്ലുവിളിയാണ്.വന്യജീവി ശല്യം തടയാൻ കോടികൾ ചെലവാക്കുന്നു എന്ന് പറയുമ്പോഴും സാധാരണക്കാരന്റെ ജീവന് സുരക്ഷയൊരുക്കാൻ വനംവകുപ്പിനോ സർക്കാരിനോ കഴിയുന്നില്ല.അധികൃതരുടെ അനാസ്ഥ ഇനിയും അനുവദിക്കാൻ കഴിയില്ല.വന്യജീവികളുടെ സംരക്ഷണത്തിനു നൽകുന്ന പ്രാധാന്യം സ്വന്തം മണ്ണിൽ പണിയെടുത്തു ജീവിക്കുന്ന മനുഷ്യന്റെ കാര്യത്തിൽ സർക്കാർ കാണിക്കുന്നില്ല എന്നത് പ്രതിഷേധാർഹമാണ്.ഓരോ മരണം സംഭവിക്കുമ്പോഴും താൽക്കാലിക ആശ്വാസം പ്രഖ്യാപിച്ച് ജനരോഷം തണുപ്പിക്കാനാണ് അധികാരികൾ ശ്രമിക്കുന്നത്. ഭരണകൂടത്തിന്റെ നിസ്സംഗത ഇനിയും തുടർന്നാൽ ജനകീയ പ്രക്ഷോഭങ്ങൾക്ക് സഭ നേതൃത്വം നൽകും.രജീവിന്റെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നൽകണമെന്നും ദുഃഖത്തിൽ പങ്കു ചേരുന്നതായും ബിഷപ് പറഞ്ഞു.
ശാശ്വത പരിഹാരം വേണം:എസ്എൻഡിപി
ബത്തേരി∙ തുടർക്കഥയായ വന്യജീവി ആക്രമണത്തിനു ശാശ്വത പരിഹാരം കാണാൻ ഇനിയെങ്കിലും ആത്മാർഥ ശ്രമമുണ്ടാകണമെന്ന് എസ്എൻഡിപി യോഗം ആവശ്യപ്പെട്ടു.
രജീവിന്റെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം ഉറപ്പു വരുത്തണം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പ്രത്യേക പദ്ധതികൾ തയാറാക്കണം.
രജീവ് കൊല്ലപ്പെട്ട സംഭവത്തെ അപലപിക്കുന്നതായും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും യോഗം അറിയിച്ചു.
യോഗത്തിൽ യൂണിയൻ ചെയർമാൻ എൻ.കെ. ബാബുരാജ് അധ്യക്ഷത വഹിച്ചു.
കൺവീനർ എൻ.കെ. ഷാജി, പി.സി.
ബിജു, എം.ഡി. ബാബു, രോഹ്ന ബിജുകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
പരിഹാരം വേണം: ചെട്ടി സർവീസ് സൊസൈറ്റി
ബത്തേരി∙ വന്യജീവി പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നും തുടർച്ചയായി മനുഷ്യജീവനുകൾ നഷ്ടപ്പെടുത്തുന്നതിലെ അനാസ്ഥയ്ക്കു അറുതി വരുത്തണമെന്നും എൽജെപി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
മരണ സംഖ്യ കൂടുമ്പോഴും പരിഹാര കാര്യത്തിൽ വനംവകുപ്പ് ഇരുട്ടിൽ തപ്പുകയാണ്.ശാസ്ത്രീയമായ നടപടികളിലൂടെ ശാശ്വത പരിഹാരം കണ്ടെത്തണം.മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ സർക്കാർ തയാറാകണം. രജീവിന്റെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന ട്രഷറർ കെ.കെ. രാജൻ ഉദ്ഘാടനം ചെയ്തു.പി.കെ.വിജയകുമാർ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ഫിലിപ്പോസ്, ജില്ലാ വൈസ് പ്രസിഡന്റ് പി.വി. രാജൻ, ഗിരീഷ്കുമാർ മീനങ്ങാടി, പി.വി.ഉഷ, എം.പ്രകാശൻ, രേവതി പ്രകാശൻ തുടങ്ങിയവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

