പനമരം∙ പരീക്ഷണങ്ങളും കരുതലുമായി കഷ്ടനഷ്ടങ്ങൾ മറന്ന് ജില്ലയിൽ പുഞ്ചക്കൃഷി ആരംഭിച്ചു. ജില്ലയിലെ പല പാടശേഖരങ്ങളിലും നഞ്ചക്കൃഷിയുടെ വിളവെടുപ്പ് തുടങ്ങും മുൻപേയാണ് മാത്തൂർ, കാവടം പോലുള്ള വലിയ പാടശേഖരങ്ങളിൽ പ്രതിസന്ധികളെ തരണം ചെയ്തുള്ള പുഞ്ചക്കൃഷിയുടെ ആരവം തുടങ്ങിയത്.
പുഞ്ചക്കൃഷിക്ക് ആവശ്യമായ വെള്ളം വയലിൽ തടഞ്ഞുനിർത്താനും, വളർത്തു മൃഗങ്ങൾ, വന്യമൃഗങ്ങൾ എന്നിവ വയലിൽ ഇറങ്ങുന്നത് അറിയാനും തടയാനും വയലിനു നടുവിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചും മറ്റുമുള്ള പുതിയ രീതിയിലുള്ള പരീക്ഷണങ്ങൾ നടത്തിയാണ് ചില കർഷകർ കൃഷിയിറക്കുന്നത്.
മാത്തൂർ വയലിൽ ഏഴര ഏക്കറിൽ പുഞ്ചക്കൃഷി നടത്തുന്ന തോട്ടുങ്കൽ ഷെബിനാസ് വയലിലെ വെള്ളം തടഞ്ഞു നിർത്തുന്നതിന് വയൽ വരമ്പുകളിൽ 17.5 കിലോ പ്ലാസ്റ്റിക് ഷീറ്റ് വിരി ശേഷമാണ് ബംഗാളി തൊഴിലാളികളെ ഉപയോഗിച്ചുള്ള നാട്ടി ആരംഭിച്ചത്. പുഞ്ചക്കൃഷിയുടെ നാട്ടി ആരംഭിച്ച ഷെബിനാസ് പറയുന്നത് നഞ്ചക്കൃഷിയെ അപേക്ഷിച്ച് വെള്ളം എത്തിക്കാനുള്ള സൗകര്യം ഉണ്ടെങ്കിൽ പുഞ്ചക്കൃഷി നടത്തിയാലേ ലാഭമുണ്ടാകു എന്നാണ്.
ഇതുകൊണ്ടു തന്നെ കഴിഞ്ഞ 4 വർഷമായി ഇദ്ദേഹം പുഞ്ചക്കൃഷി ഒഴിവാക്കിയിട്ടില്ല. മറ്റ് പാടശേഖരങ്ങളെ അപേക്ഷിച്ച് വന്യമൃഗശല്യമുള്ള പാടശേഖരങ്ങളിലും ചുരുക്കം ചില കർഷകർ നഞ്ച കൊയ്ത്തിന് പിന്നാലെ തന്നെ പുഞ്ചക്കൃഷിക്കായുള്ള ഞാർ പറിച്ചുനടുന്ന തിരക്കിലാണ്.
ഞാർ ഒരുക്കുന്നതിനായി ഇവിടങ്ങളിലെ കർഷകർ മുൻപ് തന്നെ സ്ഥലമൊരുക്കി വിത്ത് പാകും.
വന്യമൃഗശല്യവും വരൾച്ചയും തൊഴിലാളി ക്ഷാമവും മുൻകൂട്ടി കണ്ടാണ് ഇവർ നേരത്തെ കൃഷിയിറക്കുന്നത്. കാലാവസ്ഥയനുസരിച്ചുള്ള കൃഷി ഇറക്കുന്നതിനാൽ വേനൽമഴയ്ക്ക് മുൻപ് തന്നെ വിളവെടുക്കാൻ കഴിയുമെന്ന് ഇവിടത്തെ കർഷകർ പറയുന്നു.
എന്നാൽ പല ജില്ലകളിലും ജനകീയാസൂത്രണ പദ്ധതികൾ പ്രകാരം സൗജന്യമായി വിത്തും ഉഴവുകൂലിയും നൽകി നെൽക്കൃഷി നടത്താൻ പ്രോത്സാഹിപ്പിക്കുമ്പോൾ ജില്ലയിൽ ഇതൊന്നും നടപ്പാക്കാൻ അധികൃതർ തയാറാകുന്നില്ലെന്ന പരാതി ഇവർക്കുണ്ട്.
എന്നാലും ഇവർ നെൽക്കൃഷിക്ക് മുടക്കം വരുത്താറില്ല. നഷ്ടം സഹിച്ചാണ് നഞ്ചക്കൃഷിക്ക് പിന്നാലെ ഇവിടത്തെ ചില കർഷകർ പുഞ്ചക്കൃഷി നടത്തുന്നത്.
കൃഷിക്ക് ആനുകൂല്യങ്ങളൊന്നും നൽകിയില്ലെങ്കിലും വേണ്ടില്ല വന്യമൃഗശല്യത്തിന് എങ്കിലും പരിഹാരം കാണണമെന്ന് പറയുന്നവരുമുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

