കൽപറ്റ ∙ തുടർച്ചയായ ദിവസങ്ങളിൽ ജനവാസകേന്ദ്രങ്ങളിൽ പലയിടത്തും പുലിയെ കണ്ടതോടെ ഭീതിയിൽ വയനാട്. കഴിഞ്ഞ 48 മണിക്കൂറിനിടെ വയനാട്ടിൽ 3 ഇടങ്ങളിലാണു പുലി ജനവാസകേന്ദ്രത്തിലിറങ്ങിയത്.
പൊഴുതന അച്ചൂരിൽ ഇറങ്ങിയ പുലി പ്രദേശവാസിയായ കുട്ടിപ്പയുടെ പശുക്കുട്ടിയെ കൊന്നു. മറ്റൊരു പശുവിനെ കടിച്ചു പരുക്കേൽപിക്കുകയും ചെയ്തു.
മുട്ടിൽ മാണ്ടാട് ഇറങ്ങിയ പുലി പ്രദേശവാസിയായ പ്ലാക്കൽ സുരാജിന്റെ വീടിനടുത്തുള്ള കാപ്പിത്തോട്ടത്തിൽ പൂച്ചയെ പിടികൂടുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
കഴിഞ്ഞദിവസം തന്നെ ബീനാച്ചി എസ്റ്റേറ്റിനു സമീപം അരിവയലിലും നാട്ടുകാർ പുലിയെ കണ്ടു. അരിവയലിൽ ഇറങ്ങിയ പുലി നമ്പീശൻകവല കല്ലേക്കുളങ്ങര ഷൈനിന്റെ വളർത്തുനായയെ അടിച്ചുകൊന്നു.
ഈ പുലിയുടെ ദൃശ്യം വനംവകുപ്പ് സ്ഥാപിച്ച ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. നായയുടെ ജഡം പിറ്റേന്നു പുലി വലിച്ചിഴച്ചുകൊണ്ടുപോയി.
കഴിഞ്ഞ കുറെ ദിവസങ്ങളായി പൊഴുതന, അച്ചൂർ പ്രദേശങ്ങളിൽ പുലിയുടെ സാന്നിധ്യമുണ്ട്.
പുലിയെ പിടികൂടുന്നതിനായി ചാത്തോത്ത് കൂട് സ്ഥാപിച്ചെങ്കിലും ഇതുവരെ കൂട്ടിലായിട്ടില്ല. എസ്റ്റേറ്റ് മേഖലയോടു ചേർന്ന് വളരുന്ന കുറ്റിക്കാടുകളാണു പുലികൾ താവളമാക്കുന്നതെന്നു വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
ജനവാസകേന്ദ്രങ്ങളിലെ പുലികളെ എത്രയും വേഗം കൂടുവച്ചു പിടികൂടണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു. പുലിയുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്നും നാട്ടുകാർക്കു മുന്നറിയിപ്പ് നൽകുന്നുണ്ടെന്നും വനപാലകർ പറയുന്നു.
രാത്രികാല പട്രോളിങ്ങും ശക്തമാക്കി. ചെറിയ കാടുകളിൽപ്പോലും സ്വൈരവിഹാരം നടത്തുന്ന ജീവിയായതിനാൽ ഏതുനിമിഷവും പുലി തങ്ങൾക്കുനേരെ ചാടിവീഴാമെന്ന ഭീതിയിലാണു ജനങ്ങൾ.
ഇന്നു സ്കൂൾ തുറക്കുന്ന സാഹചര്യത്തിൽ, സുരക്ഷിതമായി വിദ്യാർഥികൾക്കു സ്കൂളിലെത്താനാകുമോ എന്ന ആശങ്ക രക്ഷിതാക്കൾക്കുമുണ്ട്.
വളർത്തുമൃഗങ്ങളെ ലക്ഷ്യമിട്ടാണു പുലി കാടിറങ്ങുന്നതെന്നതിനാൽ ക്ഷീരകർഷകരും ആശങ്കയിലാണ്. പുലിയെ കണ്ട
പ്രദേശങ്ങളിലെല്ലാം ആളുകൾ അത്യാവശ്യകാര്യങ്ങൾക്കുപോലും പുറത്തിറങ്ങാൻ മടിക്കുന്നു. പശുക്കളെ തൊഴുത്തിൽ കെട്ടാൻ പോലും കർഷകർ ഭയപ്പെടുകയാണ്. വനംവകുപ്പ് ക്യാമറ സ്ഥാപിക്കുകയും രാത്രികാല പട്രോളിങ് ശക്തമാക്കുകയും ചെയ്യുന്നുണ്ടെങ്കിലും കാടിനോട് ചേർന്നുള്ള ജനവാസമേഖലകളിലെ കുറ്റിക്കാടുകൾ വെട്ടിത്തെളിക്കാത്തത് പുലികൾക്ക് ഒളിത്താവളമൊരുക്കുന്നു.
പുലി വളർത്തു പൂച്ചയെ പിടിച്ചു
മാണ്ടാട് ∙ ജനവാസ മേഖലയിലെത്തിയ പുലി വളർത്തു പൂച്ചയെ പിടികൂടി.
കഴിഞ്ഞ ദിവസം രാത്രി എട്ടോടെയാണ് മേഖലയിലെ പ്രവർത്തനം നിലച്ച ക്വാറിക്ക് സമീപം താമസിക്കുന്ന പ്ലാക്കൽ സുരാജിന്റെ വീട്ടുപരിസരത്ത് പുലിയെത്തിയത്. വീടിന് പിറകിൽ നിന്നു പൂച്ചയുടെ കരച്ചിൽ കേട്ട് വീട്ടുകാർ നോക്കിയപ്പോഴാണു പൂച്ചയുടെ കഴുത്തിൽ കടിച്ചു പിടിച്ചിരിക്കുന്ന നിലയിൽ പുലിയെ കണ്ടത്.
വീട്ടുകാർ ബഹളം വച്ചതോടെ പൂച്ചയെ ഉപേക്ഷിച്ച് പുലി ഓടിമറഞ്ഞു. വനംവകുപ്പ് സംഘം പരിശോധന നടത്തി.
കടുവയെക്കാൾ പേടിക്കണം
കടുവകളെപ്പോലെയല്ല പുലികളുടെ സ്വഭാവമെന്നതാണ് ആശങ്ക വർധിപ്പിക്കുന്നത്.
ജനവാസകേന്ദ്രങ്ങളിലെ സാഹചര്യങ്ങളുമായി പുലികൾക്കു കടുവകളെക്കാൾ എളുപ്പത്തിൽ പൊരുത്തപ്പെടാനാകും. ഇരജീവികളുടെ വലിപ്പം കുറഞ്ഞാലും കുഴപ്പമില്ലെന്നതിനാൽ വളർത്തുമൃഗങ്ങൾ ധാരാളമായുള്ള സ്ഥലങ്ങളിൽ പുലികൾക്ക് ഏറെക്കാലം വിഹരിക്കാനാകും.
നായ്ക്കളെ പിടികൂടിയാലും പുലി ഹാപ്പി. വെറും ഒരടി ഉയരമുള്ള കുറ്റിക്കാടുകളിൽ പോലും ഒളിച്ചിരിക്കാൻ പുലിക്കു കഴിയും.
തുടർച്ചയായ ശ്രമത്തിനൊടുവിൽ ഇരകളെ കിട്ടാതാവുകയോ വനംവകുപ്പ് തുരത്തുകയോ ചെയ്യുമ്പോൾ കടുവകൾ സാധാരണയായി കാടിനുള്ളിലേക്ക് പിൻവാങ്ങും.
എന്നാൽ, പുലികൾ കാപ്പിത്തോട്ടങ്ങളിലെയും എസ്റ്റേറ്റുകളിലെയും കുറ്റിക്കാടുകൾ സ്വന്തം സാമ്രാജ്യമാക്കി മാറ്റി ഏറെനാൾ വനത്തിനു പുറത്തു കഴിയും. ജനവാസകേന്ദ്രങ്ങളോടു ചേർന്നുള്ള കുറ്റിക്കാടുകൾ താവളമാക്കി ഇടയ്ക്കിടെ പുറത്തിറങ്ങുന്ന പുലികൾ ഭക്ഷണം കിട്ടുന്ന സ്ഥലമാണെങ്കിൽ പിന്നീട് കാടുകയറുകയേയില്ല.
സാധാരണയായി സന്ധ്യാസമയത്തും പുലർച്ചെയുമാണു പുലികൾ കൂടുതൽ സജീവമാകുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

