കൽപറ്റ ∙ തിരഞ്ഞെടുപ്പ് ചുമതലയുള്ള കണ്ണൂർ ജില്ലയിലെ തിരക്കിട്ട പരിപാടികൾക്ക് ഒറ്റദിവസത്തെ അവധി നൽകി വയനാട്ടിലെത്തിയതാണ് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം കെ.കെ.
ശൈലജ. എൽഡിഎഫ് യോഗങ്ങളിലെ ആൾക്കൂട്ടം വോട്ടായി മാറുമെന്നും ഇക്കുറി വയനാട്ടിൽ ജില്ലാ പഞ്ചായത്തിലുൾപ്പെടെ ഭരണം പിടിക്കുമെന്നുമുള്ള ആത്മവിശ്വാസത്തിലാണവർ.
ശൈലജ മന്ത്രിയായ കാലത്താണ് വയനാട് മെഡിക്കൽ കോളജ് ഉദ്ഘാടനം നടന്നത്.
മെഡിക്കൽ കോളജ് ആശുപത്രി വികസനവും തുരങ്കപ്പാതയും മുണ്ടക്കൈ–ചൂരൽമല പുനരധിവാസ പ്രവർത്തനങ്ങളുമെല്ലാം എൽഡിഎഫിന് അനുകൂലമായി മാറുമെന്ന് ശൈലജ പറയുന്നു. മുഖാമുഖത്തിൽനിന്ന്:
പൊതുവെ യുഡിഎഫ് കോട്ടയായാണ് വയനാട് അറിയപ്പെടുന്നത്.
ഇക്കുറി എന്താണ് വയനാട്ടിലെ എൽഡിഎഫ് പ്രതീക്ഷ?
ഇത്തവണ വയനാട് ജില്ലാ പഞ്ചായത്തും നഗരസഭകളുൾപ്പെടെ ബഹുഭൂരിപക്ഷം തദ്ദേശസ്ഥാപനങ്ങളും ഇടതുപക്ഷജനാധിപത്യമുന്നണി പിടിക്കും. നിലവിൽ എൽഡിഎഫ് ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങളിലെ മാതൃകാപരമായ പ്രവർത്തനങ്ങൾ മറ്റിടങ്ങളിലെയും ജനങ്ങൾ വിലയിരുത്തിയിട്ടുണ്ട്. 10 വർഷക്കാലത്തെ എൽഡിഎഫ് ഭരണകാലത്ത് വൻതോതിൽ വികസനപ്രവർത്തനങ്ങൾ വയനാട്ടിലേക്കെത്തിയതും ജനവിധിയിൽ പ്രതിഫലിക്കും.
ഞാൻ ആരോഗ്യമന്ത്രിയായിരിക്കുന്ന കാലത്താണ് വയനാട്ടിൽ മെഡിക്കൽ കോളജ് നിർമാണത്തിനു തീരുമാനമെടുത്തതും തുടർപ്രവർത്തനങ്ങൾ നടത്തിയതും. ഇപ്പോൾ ചികിത്സാരംഗത്തെ കുതിച്ചുചാട്ടത്തിനൊപ്പം കുട്ടികൾക്കു ക്ലാസും തുടങ്ങി.
സ്ത്രീവോട്ടർമാരുടെ പ്രതികരണം എങ്ങനെയാണ്? അവരുടെ പിന്തുണ ആർജിക്കാൻ എൽഡിഎഫിനാകുമോ?
തങ്ങളുടെ ജീവിതപ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നത് ഇടതുപക്ഷമാണെന്ന് സ്ത്രീകൾക്കറിയാം.
കുടുംബശ്രീയെ മുന്നോട്ടുനയിക്കാനുള്ള പ്രവർത്തനങ്ങളാണു സംസ്ഥാന സർക്കാർ നടത്തുന്നത്. എഡിഎസുകളുടെ പ്രവർത്തനത്തിനായി പ്രതിമാസം 1000 രൂപ നൽകാൻ തീരുമാനിച്ചു.
സംരംഭങ്ങൾക്ക് 4 ശതമാനം പലിശയ്ക്കു വായ്പ നൽകി. പാവപ്പെട്ട
വീട്ടമ്മമാർക്ക് മറ്റു പെൻഷനുകളില്ലെങ്കിൽ 1000 രൂപ വീതം കൊടുക്കാനും തീരുമാനമുണ്ട്.
ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള ടൗൺഷിപ് നിർമാണം പുരോഗമിക്കുമ്പോഴും ഉപജീവനസഹായം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളുടെ വിതരണത്തിൽ പരാതിയുണ്ടല്ലോ?
പ്രകൃതിദുരന്തങ്ങൾക്കിരയാകുന്നവർക്കു സർക്കാർ വീടുകൾ വച്ചു നൽകുന്ന രീതി സമ്പന്ന രാജ്യങ്ങളിൽപ്പോലും ഇല്ലാത്തതാണ്. കേന്ദ്രസർക്കാർ നയാപൈസ നൽകാതെ സംസ്ഥാനത്തെ അവഗണിച്ചപ്പോഴും എൽഡിഎഫ് സർക്കാർ ദുരന്തബാധിതരെ ചേർത്തുപിടിച്ചു. മറ്റു സംസ്ഥാനങ്ങളിൽ ദുരന്തങ്ങളുണ്ടായപ്പോൾ പ്രത്യേകസഹായം അനുവദിച്ച കേന്ദ്രസർക്കാർ കേരളത്തോടു രാഷ്ട്രീയവിവേചനമാണു കാണിച്ചത്.എന്തെങ്കിലും ഒറ്റപ്പെട്ട
പരാതികളുണ്ടെങ്കിൽ അതെല്ലാം പരിഹരിക്കാനും എല്ലാ ദുരന്തബാധിതരെയും കരകയറ്റാനും എൽഡിഎഫ് ഒപ്പമുണ്ടാകും. ദുരന്തബാധിതർക്കു വീട് നൽകുമെന്ന് കോൺഗ്രസ് വാഗ്ദാനം ചെയ്തെങ്കിലും അവർക്കു സ്ഥലം പോലും കണ്ടെത്താനായില്ലെന്നതും നമ്മൾ ഇതിനോടു കൂട്ടിവായിക്കണം. ദുരന്തബാധിതർക്കായി പിരിച്ചെടുത്ത പണം എവിടെപ്പോയെന്നു കോൺഗ്രസ് മറുപടി പറയണം.
ബ്രഹ്മഗിരി നിക്ഷേപകർക്കുള്ള പരാതി പരിഹരിക്കാനാകാത്തത് വയനാട്ടിൽ എൽഡിഎഫിനു പ്രതിസന്ധിയാകുമോ?
കച്ചവട
മനഃസ്ഥിതിയിലേക്കു പോകാതിരുന്നതാണു ബ്രഹ്മഗിരിയെ നഷ്ടത്തിലാക്കിയത്. ഉപഭോക്താക്കളുടെയും ജനങ്ങളുടെയും നന്മയെക്കരുതി നടപ്പാക്കിയ പല പദ്ധതികളും വിജയകരമായില്ല. ഏതുവിധേനയും ലാഭം കൊയ്യുകയെന്നതിനു പകരം സാധാരണക്കാരുടെ നന്മ ലാക്കാക്കിയുള്ള പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചതാണു ബ്രഹ്മഗിരിക്കു വിനയായത്.
പ്രതിസന്ധി പരിഹരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
രാഹുൽ മാങ്കൂട്ടത്തിൽ വിവാദം തദ്ദേശതിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമോ? എൽഡിഎഫിലും സമാന ആരോപണങ്ങൾ നേരിടുന്നവരുണ്ടല്ലോ?
10 വർഷത്തെ എൽഡിഎഫ് ഭരണവും തദ്ദേശസ്ഥാപനങ്ങളിലെ എൽഡിഎഫ് ഭരണസമിതികൾ നടപ്പിലാക്കിയ വികസനവുമാണ് ഞങ്ങൾ പ്രചാരണവിഷയമാക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ വിവാദം തിരഞ്ഞെടുപ്പ് വിഷയമായല്ല കാണുന്നത്. എന്നാൽ, വലിയ ഭീകരതയാണ് ആ ചെറുപ്പക്കാരൻ സ്ത്രീകളോടു ചെയ്തതെന്നതു ഗുരുതരമായ കാര്യം തന്നെയാണ്. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതികളുടെയും തെളിവുകളുടെയും സ്വഭാവം മറ്റൊരു തരത്തിലുള്ള ആരോപണങ്ങളുമായും താരതമ്യം ചെയ്യാൻ പോലും പറ്റാത്തതാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

