കൽപറ്റ ∙ അധ്യയനം തുടങ്ങാൻ നാഷനൽ മെഡിക്കൽ കമ്മിഷൻ അനുമതി കിട്ടിയപ്പോഴും വയനാട് മെഡിക്കൽ കോളജ് വികസന മുന്നേറ്റത്തിനു കടമ്പകളേറെ. മെഡിക്കൽ കോളജ് ആയി ജില്ലാ ആശുപത്രിയെ ഉയർത്തി 4 വർഷമായിട്ടും അടിസ്ഥാന സൗകര്യങ്ങളിൽ വലിയ പുരോഗതിയില്ലാത്തതാണു പ്രധാന പോരായ്മ.
കോഴ്സുകൾ ആരംഭിക്കുന്നതിനുള്ള കെട്ടിടം ഇനിയും നിർമിക്കേണ്ടതുണ്ട്. രോഗികൾക്കായി നിർമിച്ച മൾട്ടിപർപ്പസ് കെട്ടിടത്തിൽ എംബിബിഎസ് ക്ലാസുകൾ ആരംഭിക്കാനാണു നിലവിലെ തീരുമാനം.
എന്നാൽ, രോഗികൾക്കു വേണ്ടിയുള്ള കെട്ടിടം ക്ലാസ്മുറികളായി മാറുമ്പോൾ ചികിത്സാ മേഖലയിലെ പിന്നാക്കാവസ്ഥ പരിഹാരമില്ലാതെ തുടരേണ്ടിവരും. മെഡിക്കൽ കോളജ് ആയി പ്രഖ്യാപിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും അക്കാദമിക് സൗകര്യങ്ങൾ ഒരുക്കാനായിട്ടില്ലെന്നതാണ് ഉയരുന്ന പരാതി.
അംഗീകാരം നിലനിർത്താനും പണിയെടുക്കണം
ചികിത്സാരംഗത്തെ കുതിച്ചുചാട്ടത്തിനു മുൻഗണന ഇല്ലാതാകുകയും അക്കാദമിക് മേഖലയ്ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ സമയബന്ധിതമായി ഒരുക്കാതിരിക്കുകയും ചെയ്താൽ വയനാടിന്റെ ആരോഗ്യമേഖലയ്ക്കു ഗുണകരമാകില്ലെന്ന വിമർശനമാണുയരുന്നത്.
മെൻസ് ഹോസ്റ്റൽ കെട്ടിടം ഇല്ലാതെയാണ് മെഡിക്കൽ കോളജിന് അനുമതി കിട്ടിയത്. താഴെയങ്ങാടിയിലെ വർക്കിങ് വിമൻസ് ഹോസ്റ്റലാണ് മെഡിക്കൽ കോളജിന്റെ ലേഡീസ് ഹോസ്റ്റലായി എൻഎംസി സംഘത്തിനു കാണിച്ചുകൊടുത്തതും.
ആദ്യവർഷ ക്ലാസുകൾ ആരംഭിക്കുന്നതിന് 115 അധ്യാപക തസ്തികകളും 25 അനധ്യാപക തസ്തികകളും ഉൾപ്പെടെ 140 തസ്തികകളിൽ നിയമനം നടത്തിയെങ്കിലും പലരും എൻഎംസി പരിശോധന കഴിഞ്ഞതോടെ തിരിച്ചുപോയി.
ജീവനക്കാർക്കുള്ള ക്വാർട്ടേഴ്സുകൾ ഇതുവരെ ഒരുക്കിയിട്ടില്ല. കോളജ് നടത്തിപ്പിനാവശ്യമായ മറ്റു കെട്ടിടങ്ങളും അടിസ്ഥാനസൗകര്യങ്ങളും ഇനിയും ഉയരേണ്ടതുണ്ട്.
നിലവിലെ മെഡിക്കൽ കോളജ് ആശുപത്രി പ്രവർത്തിക്കുന്നത് വെറും 9 ഏക്കറിലാണ്, ഇത് പുതിയ കെട്ടിടങ്ങൾ നിർമിക്കുന്നതിനും കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിനും തടസ്സമാകുന്നു. പുതിയ സ്ഥലത്തിനായി നീക്കങ്ങൾ നടക്കുന്നുണ്ടെങ്കിലും നിയമവ്യവഹാര കുരുക്കുകളുണ്ട്.
അമ്പുകുത്തിയിലെ നിക്ഷിപ്ത വനഭൂമിയിൽ കോളജ് കെട്ടിടം പണിയണമെന്ന് ആവശ്യമുയരുന്നുണ്ടെങ്കിലും ഇതിനു പകരം ഭൂമി വനംവകുപ്പിനു നൽകേണ്ടതുണ്ട്. ഇത് എവിടെയായിരിക്കണമെന്നതിലും അനിശ്ചിതത്വം തുടരുന്നു.
പനമരത്തെ നഴ്സിങ് സ്കൂൾ കെട്ടിടത്തിലാണ് കഴിഞ്ഞവർഷം മുതൽ ആരംഭിച്ച നഴ്സിങ് കോളജിലെ അധ്യയനം നടക്കുന്നത്. ഈ കെട്ടിടത്തിന് ഫിറ്റ്നസ് ഇല്ലാത്ത പ്രശ്നമുണ്ട്.
നഴ്സിങ് കോളജിനു പുതിയ െകട്ടിടം നിർമിക്കുകയോ മറ്റൊരു സൗകര്യം കണ്ടെത്തുകയോ ചെയ്തില്ലെങ്കിൽ എൻഎംസി അംഗീകാരം നിലനിർത്തുകയെന്നതു വെല്ലുവിളിയാകും.
ആശുപത്രി വികസനം പ്രധാനം; ചികിത്സയ്ക്കു വേണം മുൻഗണന
മെഡിക്കൽ കോളജ് ആശുപത്രിയിലെ സിടി സ്കാൻ യന്ത്രം പണിമുടക്കിയിട്ട് വർഷങ്ങളായി. പുതിയ യന്ത്രം വാങ്ങാനുള്ള ടെൻഡർ നടപടികൾക്കു വേഗമില്ല.
ആംബുലൻസ് സൗകര്യവും അപര്യാപ്തം. മെഡിക്കൽ കോളജ് ആശുപത്രിയിൽ മാത്രമല്ല, വയനാട്ടിലെ ഒരു സർക്കാർ ആശുപത്രിയിൽപ്പോലും എംആർഐ സേവനമില്ലെന്നതും നാണക്കേടാണ്.
കാഷ്വൽറ്റി പ്രവർത്തനത്തിൽ പോരായ്മകളേറെ. ഒരുസമയം പരമാവധി 3 ഡോക്ടർമാർ മാത്രമേ കാഷ്വൽറ്റിയിൽ ഡ്യൂട്ടിക്കുണ്ടാകൂ.
മറ്റു മെഡിക്കൽ കോളജ് ആശുപത്രികളിൽ മെഡിസിൻ, സർജറി, ഇഎൻടി സ്പെഷലിസ്റ്റുകളുടെ സേവനം കാഷ്വൽറ്റിയിലും കിട്ടുമെങ്കിലും വയനാട്ടിൽ ഇതു ലഭ്യമല്ല. ആകെ 9 കിടക്കകൾ മാത്രമേ ഐസിയുവിൽ ഉള്ളൂ.
കുറഞ്ഞതു 30 കിടക്കകളെങ്കിലും വേണ്ട സ്ഥാനത്താണിത്.
300 കോടി രൂപ കിഫ്ബിയിൽ വകയിരുത്തിയാണ് ജില്ലാ ആശുപത്രിയെ മെഡിക്കൽ കോളജ് ആശുപത്രിയായി ഉയർത്തിയത്.
45 കോടി രൂപ മുതൽ മുടക്കി നിർമിച്ച പുതിയ മൾട്ടി പർപ്പസ് കെട്ടിടത്തിൽ സെപ്റ്റിക് ടാങ്ക്, മാലിന്യസംസ്കരണ കേന്ദ്രം എന്നിവയും പൂർത്തിയായില്ല. 389 കിടക്കകളാണ് ആശുപത്രിയിലുള്ളത്.
ദിവസവും രണ്ടായിരത്തിലധികം രോഗികൾ ചികിത്സ തേടിയെത്തുന്നുമുണ്ട്. ജില്ലാ ആശുപത്രിക്കു കീഴിലെ 57 ഡോക്ടർമാർ മാത്രമാണ് ഇത്രയും രോഗികൾക്കായുള്ളത്.
മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ എണ്ണം കൂടി പരിഗണിച്ചാലും പരമാവധി 80 പേരുടെ സേവനമേ ലഭ്യമാകുന്നുള്ളൂ. സ്റ്റാഫ് നഴ്സ്, ക്ലീനിങ് സ്റ്റാഫ്, ക്ലാർക്ക് തസ്തികകൾ പോലും നികത്തിയിട്ടില്ല.
സ്റ്റാഫ് പാറ്റേൺ എന്നു പുതുക്കും?
നഴ്സുമാരുടെ സ്റ്റാഫ് പാറ്റേൺ ഇപ്പോഴും ജില്ലാ ആശുപത്രി നിലവാരത്തിലാണ്.
വേണ്ടത്ര ജീവനക്കാരില്ലാത്തത് നിലവിലെ ജീവനക്കാർക്കു ജോലിഭാരം വർധിപ്പിക്കുന്നു. ഇതു രോഗികൾക്ക് മെച്ചപ്പെട്ട
ചികിത്സ ലഭിക്കുന്നതിനു തടസ്സമാകുകയും ചെയ്യുന്നു. 8.23 കോടി രൂപ ചെലവഴിച്ച് കാത്ത് ലാബ് നിർമിച്ചെങ്കിലും ആഴ്ചയിൽ രണ്ടു ദിവസം മാത്രമേ കാർഡിയോളജിസ്റ്റിന്റെ സേവനം ലഭ്യമാകുന്നുള്ളൂ. സൂപ്പർ സ്പെഷ്യൽറ്റി വിഭാഗങ്ങൾ പൂർണമായി പ്രവർത്തനക്ഷമമല്ല.
ഗുരുതരമായ രോഗങ്ങൾ ഉള്ളവരെയും അപകടത്തിൽപ്പെട്ടവരെയും ഇപ്പോഴും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്യേണ്ട അവസ്ഥയാണ്.
ഇതിനിടയിൽ, ചുരം വഴിയുള്ള യാത്രാതടസ്സങ്ങൾ പലപ്പോഴും രോഗികളുടെ ജീവൻ അപകടത്തിലാക്കുകയും ചെയ്യുന്നു.
അത്യാഹിത വിഭാഗത്തിലും വേണ്ടത്ര ഡോക്ടർമാരില്ല. സർക്കാർ ആശുപത്രികളിലൊരിടത്തും എമർജൻസി മെഡിസിൻ സൗകര്യമില്ലാത്ത ജില്ലയാണു വയനാട്.
മെഡിക്കൽ കോളജ് അധ്യയനം തുടങ്ങുമ്പോഴെങ്കിലും ഈ സൗകര്യം ആശുപത്രിയിൽ ഏർപ്പെടുത്തേണ്ടതുണ്ട്.
പ്രതീക്ഷകളേറെ; വേഗം വേണം
മുഖ്യമന്ത്രിയുടെ നവകേരളസദസ്സിൽ ലഭിച്ച നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ, വയനാട് മെഡിക്കൽ കോളജ് ആശുപത്രിയുടെ മുഖഛായ മാറുന്ന നിലയിൽ 7 കോടി രൂപയുടെ ആധുനിക ഉപകരണങ്ങൾ ലഭ്യമാക്കാൻ തീരുമാനമുണ്ട്. 3.95 കോടി രൂപ ചെലവിൽ സിടി സ്കാനർ അടക്കം ആധുനിക സംവിധാനങ്ങളോടുകൂടിയ മെഡിക്കൽ ഉപകരണങ്ങൾ ലഭ്യമാക്കും.
ഡിജിറ്റൽ റേഡിയോഗ്രഫി സിസ്റ്റം (1.61 കോടി), 3-ഡി ലാപ്രോസ്കോപിക് സെറ്റ് (1.17 കോടി), സി-ആം മൊബൈൽ ഇമേജ് ഇന്റൻസിഫയർ സിസ്റ്റം (27 ലക്ഷം രൂപ) എന്നിവ സ്ഥാപിക്കാനും നിർദേശമുണ്ട്. ഇവയെല്ലാം എത്രയും വേഗം നടപ്പിലായാൽ ആശുപത്രിയിലെ ചികിത്സ ഏറെ മെച്ചപ്പെടും.
എംഎൽഎ ഫണ്ടും മെഡിക്കൽ കോളജ് ആശുപത്രിക്കു ലഭിക്കുന്നുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]