വൈത്തിരി ∙ പാതിരാത്രിയിൽ കാടിറങ്ങിയ കാട്ടാന കുട്ടികളുടെ പാർക്കിലെത്തി കളിച്ചു. ഇന്നലെ പുലർച്ചെ ഒരുമണിയോടെയാണു പഴയ വൈത്തിരിയിലെ ഹണി മ്യൂസിയത്തോടു ചേർന്ന പാർക്കിൽ കാട്ടാനയെത്തിയത്.
കുറച്ചുനേരം പാർക്കിൽ ചെലവഴിച്ച കാട്ടാന, കുട്ടികൾ കറങ്ങുന്ന കളിയുപകരണങ്ങൾ തുമ്പിക്കൈ കൊണ്ടു കറക്കിയശേഷം പ്രധാന ഗേറ്റിലൂടെ തിരിച്ചുപോകുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു.
രാപകലില്ലാതെ വാഹനങ്ങൾ ചീറിപ്പായുന്ന ദേശീയപാതയോരത്തു തന്നെയുള്ള പാർക്കിലാണു കാട്ടാനയെത്തിയത്. കാടിറങ്ങിയ രണ്ട് കാട്ടാനകളിൽ ഒന്നാണു ഹണി മ്യൂസിയത്തിലേക്കെത്തിയത്. നാശനഷ്ടങ്ങളൊന്നുമുണ്ടാക്കിയില്ല.
ദേശീയപാതയിലെ വാഹനങ്ങൾക്കു മുന്നിൽ കാട്ടാനയെത്തി അപകടമുണ്ടാകാതിരുന്നതു ഭാഗ്യമെന്നാണു നാട്ടുകാർ പറയുന്നത്.
പ്രദേശത്ത് കഴിഞ്ഞ കുറച്ചുകാലങ്ങളായി കാട്ടാനശല്യം രൂക്ഷമാണ്. കഴിഞ്ഞയാഴ്ച ചുണ്ടേലിൽ ഇറങ്ങിയ കാട്ടാന 2 വാഹനങ്ങൾ തകർത്തിരുന്നു.
ചുണ്ടേൽ, ഒലിവുമല, ലക്കിടി, വൈത്തിരി, ചാരിറ്റി പ്രദേശങ്ങളിലാണു കാട്ടാന കൂടുതൽ നാശനങ്ങളുണ്ടാക്കുന്നത്. കഴിഞ്ഞയാഴ്ച തളിമലയിലെ ജനവാസകേന്ദ്രത്തിൽ 2 കുട്ടിയാന അടക്കം 6 കാട്ടാനകളാണ് ഒന്നിച്ചിറങ്ങിയത്.
തുരത്താൻ ശ്രമിക്കുന്തോറും കാട്ടിലേക്കു കയറാതെ മറ്റു ജനവാസമേഖലയിലേക്കെത്തി തമ്പടിക്കുകയാണ് ഈ പ്രദേശത്തെ കാട്ടാനകളുടെ രീതി.
വൈത്തിരിയിൽ പലയിടത്തും വനംവകുപ്പ് പ്രതിരോധസംവിധാനം പര്യാപ്തമല്ല. തോട്ടങ്ങളോടു ചേർന്ന് ഫെൻസിങ് സ്ഥാപിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു. പലയിടത്തും തകർന്ന ഫെൻസിങ്ങും കിടങ്ങുകളും നന്നാക്കാൻ നടപടിയെടുക്കാത്തതിലും വനംവകുപ്പിനെതിരെ വ്യാപക പ്രതിഷേധമാണുയരുന്നത്.
കാടും നാടും തമ്മിൽ വ്യത്യാസമില്ലാതായതുപോലെയാണു കാട്ടാനയുൾപ്പെടെയുള്ള വന്യജീവികൾ ഇറങ്ങിനടക്കുന്നത്.
അടിയന്തരമായി കേന്ദ്ര വന്യജീവി സംരക്ഷണ നിയമം പൊളിച്ചെഴുതണം. മനുഷ്യനെ സംരക്ഷിക്കാതെ വന്യജീവിയെ മാത്രം സംരക്ഷിക്കുന്ന സ്ഥിതിയാണിപ്പോൾ.
വിദേശരാജ്യങ്ങളിലേതുപോലെ നിയന്ത്രിതവേട്ടയിലൂടെ, ശല്യക്കാരായ മൃഗങ്ങളെ നിയന്ത്രിക്കാൻ നടപടി വേണം.
എസ്. ചിത്രകുമാർ വൈത്തിരി
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]