
മഴയിൽ കുളിർന്ന മണ്ണിൽ ഇനി നടീൽ തിരക്ക്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പുൽപള്ളി ∙ മാസങ്ങൾ നീണ്ട വറുതിക്കൊടുവിൽ നാടൊട്ടുക്കും മഴ പെയ്തതോടെ കർഷകർ നടീൽ തിരക്കിൽ. വയനാട്ടിൽ മുൻപ് ഉണ്ടാവാത്ത വിധം ചൂടാണ് കഴിഞ്ഞ മാസങ്ങളിൽ അനുഭവപ്പെട്ടത്. കഴിഞ്ഞ വർഷം കാലവർഷം മെച്ചപ്പെട്ടതിനാൽ മണ്ണിലെ ജലാംശം നഷ്ടമായില്ല. ചെടികൾക്ക് പകൽച്ചൂടിനെ അതിജീവിക്കാനുമായി. വെന്തുരുകുന്ന ചൂടിൽ അതിർത്തി ഗ്രാമങ്ങളിൽ കുരുമുളക്, കാപ്പി തുടങ്ങിയ വിളകൾ വാടിയുണങ്ങി. എങ്കിലും കഴിഞ്ഞവർഷത്തേപ്പോലുള്ള വിളനാശമുണ്ടായില്ല.ജില്ലയുടെ ഇതരപ്രദേശങ്ങളിൽ ഒരുമാസം മുൻപേ നല്ലമഴ ലഭിച്ചെങ്കിലും മുള്ളൻകൊല്ലി, പുൽപളളി പ്രദേശങ്ങളിൽ ഇപ്പോഴാണ് ആവശ്യത്തിനു പെയ്തത്.
മീനങ്ങാടിയിലും പരിസരങ്ങളിലു മഴകൊണ്ട് ജനം പൊറുതിമുട്ടിയപ്പോൾ കർണാടകയോടു ചേർന്ന പ്രദേശങ്ങളിൽ മഴയ്ക്കുവേണ്ടി കർഷകർ കൊതിച്ചു. കിഴങ്ങ്, നാണ്യവിളകൾ എന്നിവ നടാനായി മാസങ്ങൾക്ക് മുൻപ് സ്ഥലമൊരുക്കിയവർക്ക് ഇപ്പോഴാണ് ആശ്വാസമായത്. കപ്പ, ചേന, ഇഞ്ചി, ചേമ്പ്, കാച്ചിൽ തുടങ്ങിയ കിഴങ്ങ് വിളകൾ വൻതോതിൽ കൃഷി ചെയ്യുന്ന കൊളവള്ളി, മരക്കടവ് പ്രദേശങ്ങളിൽ കർഷകർ കൂട്ടത്തോടെ പാടത്തുംപറമ്പിലുമിറങ്ങി.നാണ്യവിളകൾ നശിച്ച് ഒന്നുമില്ലാതായ തോട്ടങ്ങൾ ആവർത്തനകൃഷിക്കായി തയാറാക്കിയവരുമേറെയുണ്ട്. യന്ത്രമുപയോഗിച്ച് മണ്ണിളക്കി തൈകൾ നടാനുള്ള അടയാളങ്ങൾ സ്ഥാപിച്ച് കുഴിയെടുത്തിരുന്നു.
എന്നാൽ പാറപ്പൊടിപോല ഉറച്ചമണ്ണിൽ നടാനായില്ല. കാപ്പി, കുരുമുളക് തുടങ്ങിയ നാണ്യവിളകൾ ഇല്ലാതായ പ്രദേശങ്ങളിൽ തന്നാണ്ടുകൃഷികൾ മാത്രമാണ് ഏകആശ്രയമെന്ന് കർഷകർ പറയുന്നു. പ്രതികൂല കാലാവസ്ഥ, വന്യമൃഗശല്യം എന്നിവമൂലം കിഴങ്ങ് വിളകളുടെ ഉൽപാദനവും കുറയുന്നു. ഇഞ്ചിയൊഴികെയുള്ള കിഴങ്ങ് വിളകൾക്ക് ഇക്കൊല്ലം മെച്ചപ്പെട്ട വില ലഭിച്ചിരുന്നു. അതിനാൽ തന്നെ കൂടുതൽപേർ ഇക്കൊല്ലം ചേനയും കാച്ചിലുമെല്ലാം കൃഷിചെയ്യുന്നു. കർണാടകയിൽ ഇഞ്ചികൃഷി വർധിച്ചതിനാൽ ഇക്കൊല്ലം വിലയില്ല. അവിടത്തെ കൃഷിയുപേക്ഷിച്ച് ഇവിടെ സ്ഥലം പാട്ടത്തിനെടുത്ത് കൃഷിയിറക്കിയവരും ഗതികേടിലായി.
തൊഴിലാളിക്ഷാമം രൂക്ഷം; തൊഴിലുറപ്പും വിന
കാർഷിക മേഖലയിൽ ഉണർവുണ്ടായപ്പോൾ തൊഴിലുറപ്പ് ജോലികളാരംഭിച്ചത് കർഷകരെ പ്രയാസത്തിലാക്കി. നടീൽ പണികൾക്ക് ആളെ കിട്ടുന്നില്ലെന്നാണ് പരാതി. കൃഷിമേഖലയിലെ നടീൽ, കൊയ്ത്ത് സമയങ്ങളിലെ തൊഴിലുറപ്പ് മാറ്റണമെന്നും ഈ സേവനം കർഷകർക്ക് ലഭ്യമാക്കണമെന്നും ഏറെക്കാലമായി കർഷകർ ആവശ്യപ്പെടുന്നതാണ്. ക്ഷീര, നെൽക്കൃഷി മേഖലകളിലേക്ക് തൊഴിലുറപ്പ് വ്യാപിപ്പിക്കുമെന്ന പ്രഖ്യാപനമുണ്ടായെങ്കിലും നടപ്പായില്ല. ക്ഷീരമേഖലയെ കർഷകർ കയ്യൊഴിയുന്നു. ഗ്രാമീണമേഖലയിൽ പശുവളർത്തൽ നിർത്തുന്നവരുടെ എണ്ണം കൂടിവരികയാണ്. നടീലിനു പുറമേ വളപ്രയോഗം, ചോലവെട്ട്, കൃഷിയിടം വൃത്തിയാക്കൽ ഉൾപ്പെടെ ഒട്ടേറെ ജോലികളാണ് കൃഷിമേഖലയിൽ ഉടനടി ചെയ്യാനുള്ളത്. മാസാവസാനത്തോടെ കാലവർഷം ആരംഭിക്കുമെന്നതിനാൽ അതിനു മുൻപായി പണികളെല്ലാം തീർക്കണം.