കോഴിക്കോട്∙ 1804.90 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന പൂഴിത്തോട് – പടിഞ്ഞാറത്തറ സംസ്ഥാന പാതയുടെ പ്രാഥമിക വിശദപദ്ധതി രേഖ (ഡിപിആർ) സംസ്ഥാന മരാമത്തു വകുപ്പിനു സമർപ്പിച്ചു. പൊതുമരാമത്തു വകുപ്പിന്റെ ഡിസൈൻ വിഭാഗം തയാറാക്കിയ ഡിപിആർ ചീഫ് എൻജിനീയർ, വകുപ്പ് സെക്രട്ടറിക്കു കൈമാറി.
ആകെ 20.918 കിലോമീറ്റർ പാതയിൽ കോഴിക്കോട് ജില്ലയിലെ വിലങ്ങൻ പാറ തുരന്ന് 4.675 കിലോമീറ്റർ തുരങ്കപ്പാതയും വലിയ ഉയരത്തിൽ മണ്ണിട്ടു നികത്തുന്നത് ഒഴിവാക്കാൻ 1.055 കിലോമീറ്റർ വയഡക്ടും (ഉയരത്തൂണുകളിലൂടെയുള്ള പാത) നിർദേശിച്ചിട്ടുണ്ട്.
കോഴിക്കോട് ജില്ലയിൽ 5.335 കിലോമീറ്റർ സ്വകാര്യഭൂമിയിലൂടെയും 1.215 കിലോമീറ്റർ റിസർവ് വനത്തിലൂടെയും വയനാട് ജില്ലയിൽ 8.843 കിലോമീറ്റർ സ്വകാര്യഭൂമിയിലൂടെയും 5.525 കിലോമീറ്റർ നിക്ഷിപ്ത വനഭൂമിയിലൂടെയുമാണു കടന്നുപോകുക. ആകെ 4 പാലങ്ങളും 10 മീറ്റർ വീതം വീതിയുള്ള ഇരട്ടത്തുരങ്കങ്ങളും കൾവർട്ടുകളും ഡിപിആറിൽ നിർദേശിക്കുന്നുണ്ട്.
പൂഴിത്തോട് – പടിഞ്ഞാറത്തറ സംസ്ഥാന പാതയുടെ നോഡൽ ഓഫിസർ കൂടിയായ ജില്ലയിലെ റോഡ്സ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ വി.കെ.ഹാഷിമിന്റെ നേതൃത്വത്തിൽ തയാറാക്കിയ പുതിയ അലൈൻമെന്റിനു നവംബറിൽ പൊതുമരാമത്ത് വകുപ്പ് അംഗീകാരം നൽകിയിരുന്നു.
പഴയ പാതയിൽ നിന്ന് 6 കിലോമീറ്റർ കുറയുന്ന തരത്തിലുള്ള പുതിയ അലൈൻമെന്റിനെ അടിസ്ഥാനമാക്കിയാണു ഡിപിആർ തയാറാക്കിയത്.
കോഴിക്കോട്, വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന, റോഡിനു വേണ്ടി മലയാള മനോരമ ‘പുതിയ പാത, പുതിയ സ്വപ്നം’ വാർത്താ ക്യാംപെയ്നും മന്ത്രിമാരായ എ.കെ.ശശീന്ദ്രൻ, പി.എ.മുഹമ്മദ് റിയാസ് എന്നിവർ പങ്കെടുത്ത വികസന സെമിനാറും നടത്തിയിരുന്നു. ഇതോടെയാണു പദ്ധതി വീണ്ടും സജീവമായതും ഡിപിആറിലേക്കെത്തിയതും.
ഡിപിആറിനു സംസ്ഥാന സർക്കാരിന്റെ അംഗീകാരവും ഭരണാനുമതിയുമാണ് അടുത്ത നടപടി.
ഇതിനു ശേഷം പരിസ്ഥിതി ആഘാത പഠനവും സാമൂഹികാഘാത പഠനവും നടത്തണം. വനഭൂമിയിലൂടെ കടന്നുപോകുന്നതിനാൽ, കേന്ദ്ര വനം–പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി നിർണായകമാകും.
27.225 കിലോമീറ്റർ വരുന്ന പഴയ അലൈൻമെന്റ് പ്രകാരമുള്ള റോഡിന് 1994ൽ വനം–പരിസ്ഥിതി മന്ത്രാലയം അനുമതി നിഷേധിച്ചതോടെയാണു റോഡ് പാതിവഴിയിലായത്.
ചിപ്പിലിത്തോട്–തളിപ്പുഴ ബൈപാസ്
ഡിപിആർ നടപടി വേഗത്തിലാക്കണം:
ചുരം ബൈപാസ് ആക്ഷൻ കമ്മിറ്റി
കൽപറ്റ ∙ താമരശ്ശേരി ചുരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായ സാഹചര്യത്തിൽ നിർദിഷ്ട ചിപ്പിലിത്തോട്–മരുതിലാവ്–തളിപ്പുഴ ബൈപാസ് നിർമിക്കുന്നതിനുള്ള ഡിപിആർ നടപടികൾ ത്വരിതപ്പെടുത്തണമന്നു വയനാട് ചുരം ബൈപാസ് ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.
വയനാട്, കോഴിക്കോട് ജില്ലകളിലെ ജനപ്രതിനിധികൾ ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കണം.
കോഴിക്കോട്–കൊല്ലഗൽ ദേശീയപാതയിൽ കോഴിക്കോട്–മലാപ്പറമ്പ് മുതൽ മുത്തങ്ങ വരെ നാലുവരി പാതയാക്കുന്നതിന്റെ ഭാഗമായാണു കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ചുരത്തിന് ബൈപാസ് നിർമിക്കുന്നത്. ഇതിന്റെ ഡിപിആർ തയാറാക്കുന്നതിനുള്ള ടെൻഡർ നടപടികൾ കഴിഞ്ഞ ഡിസംബറിൽ പൂർത്തിയായെങ്കിലും പ്രവൃത്തി ഇനിയും ആരംഭിച്ചിട്ടില്ല.
നിലവിലുള്ള റോഡിന് സമാന്തരമായി ചുരം ഒന്നാം വളവിനു മേലെ ചിപ്പിലിത്തോട് നിന്നാരംഭിച്ച് മരുതിലാവ് വഴി തളിപ്പുഴയിൽ എത്തിച്ചേരുന്നതാണു നിർദിഷ്ട
ബൈപാസ്. ചെയർമാൻ വി.കെ.ഹുസൈൻ കുട്ടി അധ്യക്ഷത വഹിച്ചു.
ജനറൽ കൺവീനർ ടി.ആർ.ഒ.കുട്ടൻ, റസാഖ് കൽപറ്റ, ജോണി പാറ്റാനി, വി.കെ.മൊയ്തു മുട്ടായി, സെയ്ത് തളിപ്പുഴ, അലി ബ്രാൻ മാനന്തവാടി, ഇ.ഹൈദ്രു, അഷ്റഫ് വൈത്തിരി, മോഹൻ ചന്ദ്രഗിരി, ബിജു വാച്ചാലിൽ എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

