നെല്ലാക്കോട്ട ∙ കാട്ടാനയാക്രമണം മനുഷ്യജീവനെടുക്കുന്നതു തുടർക്കഥയായതോടെ വനംവകുപ്പിനെതിരെ വൻ പ്രതിഷേധം.
സെപ്റ്റംബർ 30ന് ഭാര്യയുടെ കൺമുന്നിൽവച്ച് കാട്ടാനയാക്രമിച്ചു കൊലപ്പെടുത്തിയ റോക്ക്വുഡ് തോട്ടം തൊഴിലാളിയായ രാജേഷ്(48)ആണ് നീലഗിരി ജില്ലയിൽ കാട്ടാനക്കലിയുടെ ഒടുവിലത്തെ ഇര.നെല്ലാക്കോട്ട ടൗണിൽ നിന്നു പൂജാവസ്തുക്കളും വാങ്ങി വീട്ടിലേക്ക് വരുന്ന വഴിയിലാണു രാജേഷിനെ വീടിന് സമീപത്ത് റോഡിലൂടെ എത്തിയ കാട്ടാന ഓട്ടോറിക്ഷ ആക്രമിച്ച് കൊലപ്പെടുത്തിയത്. ഭാര്യ ഗംഗയും ഓട്ടോറിക്ഷ ഡ്രൈവറും ഓട്ടോറിക്ഷയിൽനിന്ന് ഇറങ്ങിയതിനാൽ മാത്രം രക്ഷപ്പെട്ടു.
ഉറക്കെ കരയാൻ പോലും കഴിയാതെ മരവിച്ച മനസ്സോടെ നിന്ന ഭാര്യയുടെ കൺമുന്നിൽ വച്ചാണ് കാട്ടാന രാജേഷിനെ ആക്രമിച്ചത്.
ഓട്ടോറിക്ഷയും കാട്ടാന തകർത്തു. മരണം ഉറപ്പാക്കി കാട്ടാന പിൻവാങ്ങിയതോടെ നാട്ടുകാർ റോഡ് ഉപരോധിച്ചു.
രാത്രി 12 മണിയോടെ മൃതദേഹം ഗൂഡല്ലൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.ചൊവ്വ രാവിലെ വീണ്ടും നാട്ടുകാരുടെ നേതൃത്വത്തിൽ റോക്ക്വുഡ് തേയില ഫാക്ടറിക്ക് സമീപം റോഡ് ഉപരോധം നടത്തി. സ്ഥലത്തെത്തിയ ഗൂഡല്ലൂർ എംഎൽഎ പൊൻ ജയശീലൻ, ഗൂഡല്ലൂർ ആർഡിഒ ഗുണശേഖരൻ, ഡിഎസ്പി വസന്തകുമാർ തഹസിൽദാർ സിറാജുന്നീസ, മുൻ എംഎൽഎ ദ്രാവിഡമണി എന്നിവരുടെ നേതൃത്വത്തിൽ ചർച്ച നടത്തി.
മരിച്ച രാജേഷിന്റെ ഭാര്യ ഗംഗയ്ക്ക് സർക്കാർ വകുപ്പിൽ ജോലി നൽകുക. റോഡരികിലുള്ള കാട് വെട്ടിമാറ്റുക, തെരുവുവിളക്കുകൾ സ്ഥാപിക്കുക, രാത്രി 7 മണിക്ക് ശേഷം നെല്ലാക്കോട്ട –കരിയശോല ഭാഗത്തേക്ക് ബസ് സർവീസ് അനുവദിക്കുക, സ്ഥിരമായി ആക്രമണം നടത്തുന്ന കാട്ടാനയെ പിടികൂടിമാറ്റുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു.
ജനങ്ങളുടെ ആവശ്യങ്ങൾ നടപ്പിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ ഉറപ്പ് നൽകിയതോടെ നാട്ടുകാർ ഉച്ചയ്ക്ക് ഒരു മണിയോടെ റോഡ് ഉപരോധ സമരം അവസാനിപ്പിച്ചു.
ഭരണ–പ്രതിപക്ഷ വ്യത്യാസമില്ലാതെ പ്രതിഷേധം
വന്യമൃഗ ആക്രമണങ്ങൾ തുടർച്ചായതോടെ ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ പാർട്ടികൾ സമര രംഗത്തിറങ്ങി തുടങ്ങി. സമരം നടത്തുന്നവർക്കെതിരെ പൊലീസ് കേസെടുത്തു.
4 മാസമായി ഒട്ടേറെ മരണങ്ങൾ നടന്നിട്ടും ഭരണത്തിലിരിക്കുന്നവരുടെ പ്രതിനിധികൾ ആരും ഇവിടം സന്ദർശിച്ചിട്ടില്ല. നീലഗിരി എംപി രാജ ഡിഎംകെയുടെ മുൻനിര നേതാക്കളിൽ ഒരാളാണ്.
ഭരണ കക്ഷിയിലെ ഘടകകക്ഷി പ്രതിനിധികൾ അദ്ദേഹത്തെ ഒട്ടേറെത്തവണ നേരിൽ കണ്ട് മണ്ഡലത്തിലെ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ടതാണ്. എന്നാൽ നടപടി ഉണ്ടായിട്ടില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]