നീலகിരി ജില്ലയിൽ കാലവർഷം ദുർബലമായതിനെ തുടർന്ന് ജലവൈദ്യുത പദ്ധതികളുടെ പ്രവർത്തനം ആശങ്കയിലായി. ജില്ലയിലെ പ്രധാന അണക്കെട്ടുകളിൽ ജലനിരപ്പ് അപകടകരമായ നിലയിലേക്ക് താഴ്ന്നതോടെ വൈദ്യുതി ഉൽപാദനത്തിലും കാർഷിക മേഖലയിലും കടുത്ത പ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നത്.
ജലവൈദ്യുത നിലയങ്ങളെയാണ് ജില്ലയിലെ വൈദ്യുതി വിതരണത്തിനായി പൂർണമായും ആശ്രയിക്കുന്നത്. ജില്ലയിലെ കുന്താ, പൈക്കാറ, ഗെദ്ദ, പരളി, പില്ലൂർ, സിങ്കാര, മായാർ എന്നീ ജലവൈദ്യുത നിലയങ്ങളിലായി ആകെ 833.65 മെഗാവാട്ട് വൈദ്യുതിയാണ് ഉൽപാദിപ്പിക്കുന്നത്.
ഈ വർഷം ജനുവരി വരെ അണക്കെട്ടുകളിൽ 70 ശതമാനം ജലശേഖരം ഉണ്ടായിരുന്നു. വേനൽ മഴ ലഭിച്ചതോടെ ജലനിരപ്പ് ഉയർന്നെങ്കിലും, നിലവിൽ സ്ഥിതി ഗുരുതരമാണ്.
ഏറ്റവും കൂടുതൽ മഴ ലഭിക്കാറുള്ള അവലാഞ്ചി, അപ്പർ ഭവാനി എന്നീ അണക്കെട്ടുകളിൽ പോലും നിലവിൽ 40 ശതമാനം വെള്ളം മാത്രമാണുള്ളത്. വൈദ്യുതി ഉൽപാദനത്തിൽ ഇതിനകം തന്നെ കുറവ് വരുത്തിയിട്ടുണ്ട്.
സിങ്കാറ, മായാർ എന്നീ നിലയങ്ങളിൽ നിലവിൽ ഒരു ടർബൈൻ മാത്രമാണ് പ്രവർത്തനക്ഷമമാക്കിയിരിക്കുന്നത്. മഴ ലഭിക്കാത്ത സാഹചര്യം തുടർന്നാൽ വരും ദിവസങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
ഊട്ടി അടക്കമുള്ള പ്രദേശങ്ങളിൽ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന അണക്കെട്ടുകളിലും ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞു. അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് നിലച്ചതോടെ കാർഷികാവശ്യങ്ങൾക്കുള്ള ജല ലഭ്യതയും പൂർണമായും തടസ്സപ്പെട്ട
അവസ്ഥയിലാണ്. മഴയുടെ അപര്യാപ്തത തുടരുന്നത് ജലവൈദ്യുത നിലയങ്ങളുടെ പ്രവർത്തനം പൂർണമായും താളം തെറ്റിച്ചേക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

