
പൊലീസിനെ ഭയം, മരണവീട്ടിലേക്ക് എത്താതെ ഊരിലുള്ളവർ; വീട്ടിൽ വികാര നിർഭര രംഗങ്ങൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അമ്പലവയൽ ∙ പൊലീസ് സ്റ്റേഷനിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ ഗോകുലിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഒഴലക്കൊല്ലി പുതിയപാടി ഉൗരിലേക്ക് എത്തുമ്പോൾ ഉച്ചയ്ക്ക് രണ്ട് മണിയായി. ഉൗരിന്റെ സമീപത്ത് വാഹനമെത്തിയപ്പോഴേക്കും മഴയും പെയ്തു. സഹോദരന്മാരും ഒരുമിച്ച് വളർന്ന കൂട്ടുകാരും ചേർന്ന് ഗോകുലിന്റെ മൃതദേഹം ചുമന്നാണ് വീട്ടിലേക്ക് എത്തിച്ചത്. അമ്മയും സഹോദരങ്ങളും അലമുറയിട്ട് കരയുമ്പോൾ ആശ്വാസിപ്പിക്കാനാതെ മറ്റുള്ളവരും ബുദ്ധിമുട്ടി.
ഇതിനിടയിൽ ബന്ധുക്കളും ഉൗരിലുള്ളവരും ഗോകുലിന്റെ മരണത്തിൽ പ്രതിഷേധവുമായി രംഗത്തെത്തി. മരണത്തിന്റെ സത്യാവസ്ഥ അറിയണമെന്നായിരുന്നു ഇവരുടെ പ്രധാന ആവശ്യം. പെൺകുട്ടിയെ കാണാതായ കേസുമായി ബന്ധപ്പെട്ട് ഉൗരിലെത്തിയ കൽപറ്റ പൊലീസ് എല്ലാവരെയും ഭീഷണിപ്പെടുത്തിയതായും ഗോകുലിനെ കിട്ടിയാൽ പുറംലോകം കാണില്ലെന്ന് ഉൗരിലുള്ളവരോട് പറഞ്ഞതായും ബന്ധുക്കളടക്കം ആരോപണം ഉന്നയിച്ചു. ഉൗരിലുള്ള പലരുടെയും മൊബൈൽ ഫോണുകൾ പൊലീസുകാർ വാങ്ങികൊണ്ടു പോയതായും ഇവർ പരാതിയുന്നയിച്ചു.
ഗോകുലിന്റെ സമീപത്തെ വീടിന് മുൻപിൽ നടന്ന പ്രതിഷേധം ശക്തമായതോടെ സഹോദരങ്ങളും സഹോദരിമാരും അടക്കമുള്ള ബന്ധുക്കളും പ്രതിഷേധം നടന്നിടത്തേക്കെത്തി. സംഭവത്തിൽ ഉൾപ്പെട്ട പെൺകുട്ടിയെ ഇവിടെ എത്തിക്കണമെന്നും അല്ലാത്തപക്ഷം ഗോകുലിന്റെ മൃതദേഹം സംസ്കരിക്കില്ലെന്നും പറഞ്ഞായിരുന്നു ബന്ധുക്കളുടെ വൈകാരിക പ്രതിഷേധം. പ്രദേശത്തുണ്ടായിരുന്ന പൊതുപ്രവർത്തകരടക്കം പെൺകുട്ടിയുടെ ബന്ധുക്കളുമായി ഫോണിൽ സംസാരിച്ചെങ്കിലും പെൺകുട്ടിക്ക് വരാനുള്ള മാനസിക അവസ്ഥയില്ലെന്നും വരാൻ താൽപര്യമില്ലെന്നുമറിയിച്ചു. മൃതദേഹം കൂടുതൽ സമയം വയ്ക്കാൻ കഴിയില്ലെന്ന സാഹചര്യം ഇവരെ അറിയിച്ചതോടെയാണ് ബന്ധുക്കൾ സംസ്കാരച്ചടങ്ങ് ആരംഭിച്ചത്. നാല് മണിയോടെ സംസ്കാരം നടത്തി.
പൊലീസിനെ ഭയം; മരണവീട്ടിലേക്ക് എത്താതെ ഉൗരിലുള്ളവർ
ദിവസങ്ങളായി ഭയത്തിന്റെ പിടിയിലായിരുന്ന പുതുയപാടി ഉൗര്. കഴിഞ്ഞ ദിവസങ്ങളിൽ ഉൗരിലെത്തിയ പൊലീസുകാരുടെ ഭീഷണിയും പിന്നാലെ ഗോകുലിന്റെ മരണവും ഉൗരിലെ എല്ലാവരെയും ഭയപ്പാടിലാക്കിയിരുന്നു. മരണ വിവരമറിഞ്ഞിട്ടും മൃതദേഹം വീട്ടിലേക്ക് എത്തിക്കുമ്പോഴും ഉൗരിലുള്ളവർ പോലും കാര്യമായി എത്തിയില്ല. പ്രദേശത്തെ ജനപ്രതിനിധികളടക്കം ആരും വരാത്തതിന്റെ കാര്യമന്വേഷിച്ചപ്പോഴാണ് പൊലീസിനെ പേടിച്ചിട്ടാണെന്ന് ഉൗരിലുള്ളവർ തുറന്നു പറഞ്ഞത്. മൃതദേഹം വീട്ടിലെത്തിയപ്പോഴാണ് കുറച്ച് പേരെങ്കിലും എത്തിയത്. കുറെ പേർ വീടിന് സമീപം വരെ എത്തിയ ശേഷം മടങ്ങിപ്പോവുകയും ചെയ്തു.