ടൗൺഷിപ് നിർമാണം നാളെ തുടങ്ങിയേക്കും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൽപറ്റ ∙ മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്കായുള്ള ടൗൺഷിപ് നിർമാണപ്രവർത്തനങ്ങൾക്കു നാളെ തുടക്കമിടാനൊരുങ്ങി അധികൃതർ. ഹൈക്കോടതിയിൽനിന്ന് അനുകൂല ഇടപെടലുണ്ടായാൽ നാളെത്തന്നെ നിർമാണം ആരംഭിക്കാമെന്ന കണക്കുകൂട്ടലിലാണ് നിർവഹണ ഏജൻസിയായ ഊരാളുങ്കൽ സൊസൈറ്റിയും. എൽസ്റ്റൺ എസ്റ്റേറ്റ് 26 കോടി രൂപ നഷ്ടപരിഹാരം നൽകി ഏറ്റെടുക്കാൻ തീരുമാനിച്ചതിന്റെ മാനദണ്ഡങ്ങളെക്കുറിച്ച് ഇന്നാണ് ഹൈക്കോടതിയിൽ സർക്കാർ വിശദീകരണം നൽകുക. നിലവിലെ നഷ്ടപരിഹാരത്തുക അപര്യാപ്തമാണൈന്നും 549 കോടി രൂപയായി ഉയർത്തണമെന്നാണ് എസ്റ്റേറ്റ് ഉടമകളുടെ ആവശ്യം. സർക്കാർ നടപടികൾക്ക് കോടതി അംഗീകാരം നൽകിയാലുടൻ നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കും.
എല്ലാ മാതൃകാവീടുകളും ഒരേസമയം നിർമിച്ചുതുടങ്ങാനാണു പദ്ധതി. റോഡ് നിർമാണവും വേഗം ആരംഭിക്കും. 12 മീറ്റർ വീതിയിൽ പ്രധാന റോഡും 5 മീറ്റർ വീതിയിൽ ഓരോ മാതൃകാവീട് ക്ലസ്റ്ററുകളിലേക്കും റോഡുകൾ നിർമിക്കും. ഓരോ ക്ലസ്റ്ററുകളിലും 20 വീടുകളാണുണ്ടാകുക. പ്രധാന റോഡിൽനിന്ന് മാതൃകാവീട് ക്ലസ്റ്ററുകളിലേക്കും പൊതുകെട്ടിടങ്ങളിലേക്കും റോഡുകളുണ്ടാകും. അടിത്തറ മുതൽ മേൽക്കൂര വരെ ഓരോ ഘട്ടത്തിലും 15 ടീമുകളെ വീതം നിയോഗിച്ചാണു നിർമാണപ്രവർത്തനങ്ങൾ. നിർമാണസാമഗ്രികളെല്ലാം നേരത്തേ സംഭരിച്ചിട്ടുണ്ട്. കാലവർഷം ആരംഭിക്കുന്നതിനു മുൻപേ മാതൃകാവീടുകളുടെ പ്രാരംഭനിർമാണപ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണു തീരുമാനം.
സമ്മത പത്രങ്ങളുടെ പരിശോധന നാളെ മുതൽ
കൽപറ്റ ∙ മുണ്ടക്കൈ -ചൂരൽമല അതിജീവിതർക്കായി കൽപറ്റയിൽ ഒരുക്കുന്ന മാതൃക ടൗൺഷിപ്പിലേക്കു നൽകിയ സമ്മത പത്രങ്ങളുടെ പരിശോധന നാളെ മുതൽ. മേപ്പാടി പഞ്ചായത്ത് ഓഫിസിലേക്കും വെള്ളരിമല വില്ലേജ് ഓഫിസിലേക്കും ദുരന്ത നിവാരണ അതോറിറ്റിയിൽ നിന്നു സമ്മതപത്രം നൽകിയ വ്യക്തികളുടെ വിവരങ്ങൾ കൈമാറിയതായി അധികൃതർ അറിയിച്ചു.
വീട് ലഭിക്കാനായി അപേക്ഷ നൽകിയവർക്കു മറ്റേതെങ്കിലും വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ സഹകരണത്തോടെ വീടോ സ്ഥലമോ ലഭ്യമായിട്ടുണ്ടോ എന്ന പരിശോധനയും നടത്തും. സമ്മതപത്രം നൽകാനുള്ള ഗുണഭോക്താക്കൾക്ക് ഇന്നു കൂടെ സമർപ്പിക്കാം. ഇതുവരെ ഒന്നാം ഘട്ടം, രണ്ടാംഘട്ടം 2- എ, 2-ബി യിൽ ഉൾപ്പെട്ട 402 ഗുണഭോക്താക്കളിൽ 378 പേർ സമ്മത പത്രം കൈമാറിയിട്ടുണ്ട്. ഇതിൽ 279 പേർ വീടിനായും 99 പേർ സാമ്പത്തിക സഹായത്തിനുമാണു സമ്മതപത്രം നൽകിയിരിക്കുന്നത്. ഗുണഭോക്താക്കളുടെ അന്തിമ പട്ടിക 20 നു പ്രസിദ്ധീകരിക്കും.