
‘പിടികിട്ടിയാൽ ഗോകുൽ പുറംലോകം കാണില്ല’: പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് ബന്ധുക്കൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അമ്പലവയൽ ∙ പതിനേഴുകാരനായ ആദിവാസി യുവാവിനെ പൊലീസ് സ്റ്റേഷനിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കളും ഊരുനിവാസികളും. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാണാനില്ലെന്ന പരാതി ലഭിച്ചതിനു പിന്നാലെ കൽപറ്റ പൊലീസ് ഒഴലക്കൊല്ലി പുതിയപാടി ഊരിലെത്തി വീടുകളിൽ കയറി ഭീഷണിപ്പെടുത്തുകയും കുട്ടികളടക്കമുള്ളവരുടെ മൊബൈൽ ഫോൺ ബലമായി പിടിച്ചെടുക്കുകയും ചെയ്തതായാണ് ആരോപണം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോടൊപ്പം 23നാണ് ഗോകുലിനെ കാണാതായത്. 26നു പെൺകുട്ടിയുടെ ബന്ധുക്കൾ പരാതിയുമായി കൽപറ്റ പൊലീസ് സ്റ്റേഷനിലെത്തി.
ഇതിനു പിന്നാലെയാണ് പൊലീസ് ഊരിലെത്തിയത്. പിടികിട്ടിയാൽ ഗോകുൽ പുറംലോകം കാണില്ലെന്നു ഭീഷണിപ്പെടുത്തിയതായി ബന്ധുക്കൾ പറഞ്ഞു. ഗോകുലിന്റെ ഇളയ സഹോദരൻ ഗോവിന്ദിന്റെ സുഹൃത്ത് ഒൻപതാം ക്ലാസിൽ പഠിക്കുന്ന സന്ദീപിന്റെ മൊബൈൽ ഫോൺ പൊലീസ് ബലമായി പിടിച്ചു വാങ്ങിയതായും ഊരു നിവാസികൾ പറയുന്നു. പൊലീസ് ഊരിലെത്തി ബലമായി പിടിച്ചെടുത്ത മൊബൈൽ ഫോണുകൾ പിന്നീട് കൽപറ്റ പൊലീസ് സ്റ്റേഷനിലെത്തിയാണ് ഇവർ തിരിച്ചു വാങ്ങിയത്.ഗോകുലിന്റെ അമ്മ അടക്കമുള്ള ബന്ധുക്കളെ വൈകുന്നേരം തടവിലിട്ടതായും പ്രദേശവാസികൾ ആരോപിച്ചു. മരണ വിവരം ബന്ധുക്കളെ അറിയിക്കാൻ വൈകിയതും സംശയാസ്പദമാണെന്ന് ബന്ധുക്കൾ പറയുന്നു.
അന്വേഷണത്തിന്റെ ഭാഗം; കൽപറ്റ പൊലീസ്
ഊരിലെത്തി മൊബൈൽ ഫോൺ പിടിച്ചെടുത്തത് അന്വേഷണത്തിന്റെ ഭാഗമാണെന്ന് കൽപറ്റ പൊലീസ് അറിയിച്ചു. ഫോണിലെ കോൾ വിവരങ്ങൾ പരിശോധിക്കാനാണ് മൊബൈൽ ഫോണുകൾ കസ്റ്റഡിയിലെടുത്തത്. ഊരു നിവാസികളെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും പൊലീസ് അറിയിച്ചു. അതേ സമയം ഒഴലക്കൊല്ലി പുതിയപാടി ഊരിൽ കൽപറ്റ പൊലീസ് അന്വേഷണത്തിനെത്തിയത് അറിഞ്ഞിട്ടില്ലെന്ന് അമ്പലവയൽ പൊലീസ് അറിയിച്ചു.
ജുഡീഷ്യൽ അന്വേഷണം വേണം: എംഎൽഎ
ബത്തേരി ∙ നെല്ലാറച്ചാൽ പുതിയപാടി ഉൗരിലെ 17വയസ്സുകാരൻ ഗോകുലിനെ കൽപറ്റ പൊലീസ് സ്റ്റേഷനിൽ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ഐ.സി.ബാലകൃഷ്ണൻ എംഎൽഎ ആവശ്യപ്പെട്ടു. എന്തൊക്കെയാണ് സ്റ്റേഷനിൽ നടന്നതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണം. ഇതിനായി സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടണമെന്നും ഇതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.