പുൽപള്ളി ∙ വിളവെടുപ്പ് സജീവമായപ്പോഴത്തെ മഴ ഭീഷണി കർഷകരെ അങ്കലാപ്പിലാക്കുന്നു. ന്യൂനമർദ്ദം മഴയായി മാറിയേക്കുമെന്ന കാലാവസ്ഥാ അറിയിപ്പ് ആശങ്ക വർധിപ്പിച്ചു. രണ്ടുദിവസമായി അന്തരീക്ഷം മൂടിക്കെട്ടികിടക്കുന്നു.
കൊയ്തിട്ട നെല്ലും പറിച്ചെടുത്ത കാപ്പിയും വെയിലില്ലാത്തതിനാൽ അൽപംപോലും ഉണങ്ങിയില്ലെന്നു കർഷകർ പറയുന്നു.ആഴ്ചകൾക്കു മുൻപെ വിളഞ്ഞു കിടക്കുന്ന നെല്ല് പലേടത്തും കൊയ്തെടുക്കാനായിട്ടില്ല. ഇത്തവണ യന്ത്രക്കൊയ്തിനു പുറമെ കൈക്കൊയ്തും സജീവമാണ്.
മഴക്കാലം നീണ്ടതിനാൽ പാടം ഇതുവരെ ഉണങ്ങിയിട്ടില്ല. ഇത്തരം പാടത്ത് യന്ത്രമിറക്കാനാവില്ല.
ഈ സ്ഥലത്തെല്ലാം തൊഴിലാളികളാണ് നെല്ലുകൊയ്യുന്നത്. കാലതാമസവും ചെലവുമേറുമെങ്കിലും മറ്റുപോംവഴിയില്ല.
തൊഴിലാളികളെ കിട്ടാത്ത പ്രശ്നം പലേടത്തുമുണ്ട്.
അതിർത്തി ഗ്രാമങ്ങളിലെല്ലാം കൊയ്തും വൈക്കോൽ ഉണങ്ങലും സജീവമാണ്. കബനിയുടെ മറുകരയിലും ഇപ്പോൾ ധാരാളംജോലിയുണ്ട്.
അവിടെനിന്നു കാര്യമായി ജോലിക്കാർ വരുന്നില്ല. ആദ്യം കൃഷിയിറക്കുന്ന മരക്കടവ് വരവൂർ പ്രദേശത്ത് ഒരുമാസം മുൻപ് കൊയ്തുകഴിഞ്ഞു.
ചില കർഷകർ അടുത്ത കൃഷിക്കു വിത്തിറക്കി.മഴപെയ്യുമെന്ന ആശങ്കയിൽ രണ്ടുദിവസമായി കൊയ്ത്തു നിർത്തിവച്ചവരുമുണ്ട്. പാടത്തെ വൈക്കോൽ പരമാവധി കയറ്റിവിടുന്നു.
ശക്തമായി മഴപെയ്താൽ നെല്ല് വീണുപോകുമെന്നതാണ് ആശങ്ക. ഇതുവരെ സംരക്ഷിച്ച നെല്ല് ഇനി നഷ്ടപ്പെടുമോയെന്നതും പ്രയാസമുണ്ടാക്കുന്നു.
കാപ്പി വിളവെടുപ്പ് എല്ലായിടത്തും സജീവമാണ്.
ഉണങ്ങാനിട്ട കാപ്പിയും പറിച്ചെടുത്ത കാപ്പിയും എന്ന് ഉണങ്ങിയെടുക്കുമെന്നു കർഷകർക്കു നിശ്ചയമില്ല. വന്യമൃഗ ഭീഷണി ഒരുഭാഗത്ത് പ്രയാസമുണ്ടാക്കുമ്പോഴാണ് പ്രതികൂല കാലാവസ്ഥയുണ്ടായത്.
തോട്ടങ്ങളിൽ കടുവയോ, പുലിയോ ഉണ്ടോയെന്ന ആശങ്ക വേറൊരു ഭാഗത്ത്. വനയോര പ്രദേശങ്ങളിൽ പടക്കം പൊട്ടിച്ച് വന്യമൃഗങ്ങൾ ഇല്ലെന്നുറപ്പാക്കിയ ശേഷമാണ് തൊഴിലാളികൾ തോട്ടങ്ങളിൽ കയറുന്നത്.
കാപ്പിത്തോട്ടത്തിൽ മൃഗങ്ങളുണ്ടെങ്കിൽ പലപ്പോഴും കാണാനുമാവില്ല.മഴ ഭീഷണി അടയ്ക്കാ വ്യാപാരത്തെയും ദോഷകരമായി ബാധിക്കുമെന്ന് കച്ചവടക്കാർ പറയുന്നു.
വയനാട്ടിൽനിന്ന് അടയ്ക്കാ കയറിപ്പോകുന്ന കർണാടകയിലെ ചില സ്ഥലങ്ങളിൽ കഴിഞ്ഞദിവസം മഴയുണ്ടായി. മഴ സമയത്ത് സംസ്കരിച്ച അടയ്ക്കാ ഉണങ്ങിയെടുക്കാനാവാതെ വരും. അപ്പോൾ ഉൽപന്നം വാങ്ങൽ കുറയ്ക്കും.
ഇതൊന്നുമറിയാതെ വിളപറിക്കുന്ന കർഷകന്റെ ഉൽപന്നത്തിനു ഡിമാന്റും വിലയും കുറയുകയും ചെയ്യും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

