കൽപറ്റ ∙ വാഹന ബാഹുല്യത്തിൽ വീർപ്പുമുട്ടി താമരശ്ശേരി ചുരം. ഒന്നിനു വൈകിട്ട് നാലോടെ തുടങ്ങിയ ഗതാഗതക്കുരുക്ക് ഇന്നലെ രാത്രി വൈകിയും തുടരുകയാണ്. ചുരത്തിനു മുകളിൽ വൈത്തിരി വരെയും ചുരത്തിന് താഴെ ഇൗങ്ങാപ്പുഴ വരെയും ഇന്നലെ പകൽ മുഴുവൻ വാഹനങ്ങളുടെ നീണ്ടനിരയായിരുന്നു.
വയനാട്ടിൽ നിന്നു കോഴിക്കോട്ടെ വിവിധ ആശുപത്രികളിലേക്ക് പോയ ആംബുലൻസുകളും ഗതാഗതക്കുരുക്കിൽ കുടുങ്ങി. 3 മണിക്കൂറോളമെടുത്താണു പലരും ചുരമിറങ്ങിയത്.
സമാനമായ അവസ്ഥയായിരുന്നു ചുരം കയറി വയനാട്ടിലേക്കെത്തിയവരും അനുഭവിച്ചത്. വ്യാഴം വൈകിട്ടു മൂന്നോടെ 8–ാം വളവിന് സമീപം വലിയ ചരക്കുലോറി യന്ത്രത്തകരാർ കാരണം കുടുങ്ങിയതാണു ഗതാഗതക്കുരുക്ക് രൂക്ഷമാക്കിയത്.
പിന്നാലെ 6–ാം വളവിൽ കെഎസ്ആർടിസി ബസും തകരാറിലായി.
ഇതോടെ, ചുരം പാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. അന്നു രാത്രി 9.45 ഓടെയാണു തകരാറുകൾ പരിഹരിച്ച് ഇരുവാഹനങ്ങളും മാറ്റാനായത്.
അപ്പോഴേക്കും ചുരം പാതയിൽ നിന്നു തിരിയാൻ ഇടമില്ലാതെയായി. ഇൗസമയമത്രയും സ്ത്രീകളും കുട്ടികളും അടക്കമുള്ള നൂറുക്കണക്കിന് യാത്രക്കാർ കുടിവെള്ളം പോലും കിട്ടാതെ ചുരത്തിൽ കുടുങ്ങി.
സ്വകാര്യ ബസുകളും കെഎസ്ആർടിസി ബസുകളും സമയക്രമം പാലിക്കാൻ കഴിയാതെ വലഞ്ഞു. ഇത്തവണ ക്രിസ്മസ് അവധി കഴിഞ്ഞ് സ്കൂൾ തുറക്കുന്നതു ജനുവരി രണ്ടാം വാരത്തിലായതും പുതുവത്സരത്തോട് അനുബന്ധിച്ചും വാരാന്ത്യത്തിലും ചുരം കയറി വയനാട് കാണാനെത്തുന്നവരുടെ എണ്ണം വൻതോതിൽ വർധിച്ചതുമാണു ചുരത്തിലെ ഗതാഗതത്തെ കൂടുതൽ കുരുക്കിയത്.
ബദൽപാതകളില്ലാത്തതിനാൽ ഗതാഗതം തടസ്സപ്പെട്ടാൽ യാത്രക്കാർ ചുരംറോഡിൽ തന്നെ മണിക്കൂറുകളോളം കുടുങ്ങിക്കിടക്കേണ്ടിവരുന്ന സ്ഥിതിയാണു നിലവിലുള്ളത്.
വാഹനം പാതിവഴിയിൽ തിരിക്കാനോ യു-ടേൺ എടുക്കാനോ സാധ്യമാകാത്ത വിധം തിരക്കാണു ചുരം പാതയിൽ അനുഭവപ്പെടുന്നത്. തിരക്കു പരിഗണിച്ച് ചുരത്തിലെ ഗതാഗത നിയന്ത്രണത്തിനു കൂടുതൽ പൊലീസിനെ നിയോഗിച്ചിട്ടുണ്ടെങ്കിലും വാഹനത്തിരക്ക് പലപ്പോഴും പൊലീസിനെയും വലയ്ക്കുകയാണ്.
ചുരം സംരക്ഷണസമിതി പ്രവർത്തകരും ചുരം ഗ്രീൻ ബ്രിഗേഡ് പ്രവർത്തകരും ഏറെ പണിപ്പെട്ടാണു വാഹനത്തിരക്ക് നിയന്ത്രിക്കുന്നത്.
ഇതിനിടയിൽ നിര തെറ്റിച്ചെത്തുന്ന വാഹനങ്ങൾ ചുരം പാതയിൽ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ ചെറുതല്ല. ഗതാഗതക്കുരുക്കിൽ മണിക്കൂറുകളോളം കിടക്കുന്ന വാഹനം ഇന്ധനം തീർന്നു പെരുവഴിയിലാകുന്നതു മൂലവും കുരുക്കുണ്ടാകുന്നു.
ചുരം കയറി വയനാട്ടിലെത്തിയാലും സമാനമായ സ്ഥിതിയാണ്. തളിപ്പുഴ, വൈത്തിരി, ചുണ്ടേൽ, കൽപറ്റ, മീനങ്ങാടി, ബത്തേരി ടൗണുകളിൽ കഴിഞ്ഞ കുറച്ചുനാളുകളായിട്ട് ഗതാഗതക്കുരുക്ക് രൂക്ഷമാണ്.
വാഹനത്തിരക്ക് കാരണം ഇൗ ടൗണുകൾ പിന്നിടാൻ മണിക്കൂറോളം കാത്തുകിടക്കേണ്ട അവസ്ഥയാണ്.
അമ്പലവയലിൽ പൂപ്പൊലി പുഷ്പമേള നടക്കുന്നതിനാൽ വരുംദിവസങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകാനാണ് സാധ്യത.
യാത്ര നേരത്തെ ക്രമീകരിക്കുക
വയനാട്ടിൽ നിന്ന് ആശുപത്രി, വിമാനത്താവളം, കോഴിക്കോട് റെയിൽവേ സ്റ്റേഷൻ തുടങ്ങിയ ഇടങ്ങളിലേക്കു പോകുന്നവർ യാത്രാദൈർഘ്യം പരിഗണിച്ച് നേരത്തെ യാത്ര ക്രമീകരിക്കുക. ആവശ്യത്തിനു കുടിവെള്ളവും ഭക്ഷണവും കരുതുക.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

