തോമാട്ടുചാൽ ∙ മാനന്തവാടി രൂപത, കേരള കാത്തലിക് ബിഷപ്സ് കൗൺസിലിന്റെയും വിവിധ ഏജൻസികളുടെയും സഹകരണത്തോടെ മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി നിർമിച്ചു നൽകുന്ന 50 ഭവനങ്ങളിൽ ആദ്യ വീടിന്റെ വെഞ്ചരിപ്പ് കർമം മാനന്തവാടി രൂപതാ ബിഷപ് മാർ ജോസ് പൊരുന്നേടം നിർവഹിച്ചു. ദുരന്തത്തിൽ സർവതും നഷ്ടപ്പെട്ട
കുടുംബത്തിനായി തോമാട്ടുചാലിൽ നിർമിച്ച വീടാണ് കൈമാറിയത്.
വീടിന്റെ രേഖകൾ രൂപതാ വികാരി ജനറൽ മോൺ.പോൾ മുണ്ടോളിക്കൽ കൈമാറി. വീടിന്റെ താക്കോൽദാനം ബെംഗളൂരു ക്രൈസ്റ്റ് സർവകലാശാല വൈസ് ചാൻസലർ ഫാ.ഡോ.സി.സി.ജോസ് നിർവഹിച്ചു.
കേരള കാത്തലിക് ബിഷപ്സ് കൗൺസിലിന്റെയും സിഎംഐ കോൺഗ്രിഗേഷന്റെയും സാമ്പത്തിക സഹായത്തോടെ 900 ചതുരശ്ര അടി വിസ്തീർണമുള്ള വീടാണ് നിർമിച്ച് നൽകിയത്.
2 കിടപ്പുമുറികൾ, ലിവിങ് റൂം, ഡൈനിങ് ഹാൾ, അടുക്കള, 2 ശുചിമുറികൾ, കിണർ, ചുറ്റുമതിൽ തുടങ്ങിയ സൗകര്യങ്ങളുണ്ട്. 31 ലക്ഷം രൂപ ചെലവിലാണ് നിർമാണം പൂർത്തിയാക്കിയത്. 15 ലക്ഷം രൂപ ബെംഗളൂരു ക്രൈസ്റ്റ് സർവകലാശാല സിഎംഐ കോൺഗ്രിഗേഷനും 10 ലക്ഷം രൂപ കേരള കാത്തലിക് ബിഷപ്സ് കൗൺസിലും നൽകി.
ബാക്കി തുക മാനന്തവാടി രൂപത കണ്ടെത്തി. പദ്ധതി നടത്തിപ്പ് രൂപതയുടെ സാമൂഹിക വികസന പ്രസ്ഥാനമായ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയും രൂപതാ പുനരധിവാസ കമ്മിറ്റിയും ചേർന്ന് നിർവഹിച്ചു.
കേരള സോഷ്യൽ സർവീസ് ഫോറം എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ജേക്കബ് മാവുങ്കൽ, വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ജിനോജ് പാലത്തടത്തിൽ, ഫാ.സണ്ണി മഠത്തിൽ, ഫാ.വിൻസെന്റ് കളപ്പുര, എന്നിവർ പ്രസംഗിച്ചു. ദുരന്തബാധിതർക്ക് നിർമിച്ചു നൽകുന്ന മറ്റ് ഭവനങ്ങളുടെ നിർമാണം വാഴവറ്റ, ദ്വാരക, പുതിയിടം, കാരാപ്പുഴ എന്നിവിടങ്ങളിലായി പുരോഗമിക്കുകയാണ്. 2026 മേയിൽ മുഴുവൻ ഭവനങ്ങളും പൂർത്തീകരിച്ച് ഗുണഭോക്താക്കൾക്ക് കൈമാറും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

