കൽപറ്റ ∙ വയനാടിന്റെ ഹൃദയധമനിയായ താമരശ്ശേരി ചുരത്തിലെ കുരുക്ക് ജില്ലയുടെയാകെ ശ്വാസം മുട്ടിക്കുമ്പോൾ പരിഹാര മാർഗങ്ങൾക്കും പുത്തൻ ആശയങ്ങൾക്കും വേദിയൊരുക്കി മലയാള മനോരമ കണക്ട് വയനാട് ടേബിൾ ടോക്. ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി ഭാരവാഹികളും വിവിധ സംഘടനാപ്രതിനിധികളും സാമൂഹിക–സാംസ്കാരിക പ്രവർത്തകരുമെല്ലാമായി ജില്ലയുടെ പരിഛേദം തന്നെ മനോരമ ഒരുക്കിയ ചർച്ചയിൽ പങ്കെടുക്കാനെത്തി.
താമരശ്ശേരി ചുരത്തിലെ യാത്രാപ്രതിസന്ധിയെ തുടർന്ന് മനോരമ പ്രസിദ്ധീകരിച്ച അവഗണനയുടെ വ്യൂ പോയിന്റ് എന്ന പരമ്പരയുടെ ഭാഗമായാണ് കണക്ട് വയനാട് ടേബിൾ ടോക് സംഘടിപ്പിച്ചത്.
ചുരം യാത്രാപ്രതിസന്ധിക്കു പരിഹാരങ്ങൾ കണ്ടെത്താനും ദീർഘകാല പദ്ധതികൾക്കു രൂപം നൽകാനുമുള്ള പ്രധാന ചുവടുവയ്പുകളിലൊന്നായി കണക്ട് വയനാട് ടേബിൾ ടോക് മാറി. ചുരം ബൈപാസ്, കള്ളാടി–മേപ്പാടി തുരങ്കപ്പാത, പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡ് തുടങ്ങിയവ എത്രയും വേഗം യാഥാർഥ്യമാക്കേണ്ടതിന്റെ ആവശ്യകത പാനലിസ്റ്റുകൾ ഒരേ സ്വരത്തിൽ ചൂണ്ടിക്കാട്ടി.
ചുരത്തിൽ എന്തെങ്കിലും കുഴപ്പമുണ്ടാകുമ്പോൾ മാത്രം വയനാടിന്റെ യാത്രാപ്രതിസന്ധി വലിയ ചർച്ചയാകുകയും പിന്നീട് എല്ലാം മറക്കുകയും ചെയ്യുന്ന സ്ഥിരം ശൈലിക്ക് വിരാമമിടാനാകണം. പ്രാദേശിക–രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവച്ചുകൊണ്ട് വയനാടൻ ജനതയാകെ ഒന്നിച്ചുനിൽക്കണം.
കള്ളാടി–മേപ്പാടി തുരങ്കപ്പാതയുടെ നിർമാണോദ്ഘാടനം നടത്തിയതിലെ ഇച്ഛാശക്തി പ്രതീക്ഷ നൽകുന്നതാണെങ്കിലും തുടർനടപടികളിൽ വേഗം ഉറപ്പാക്കാൻ കഴിയണം.
പല പദ്ധതികളുടെയും നടത്തിപ്പിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെയും കേരള വനംവകുപ്പിന്റെയും കടുംപിടിത്തം അവസാനിപ്പിക്കാനുള്ള രാഷ്ട്രീയ ഇടപെടൽ വേണമെന്ന് ചർച്ചയിൽ അഭിപ്രായമുയർന്നു. കേന്ദ്ര സർക്കാരിന്റെ പിന്തുണയും സഹായവും ഉറപ്പാക്കാൻ വയനാടൻ ജനതയാകെ ഒരുമിച്ചു നിലകൊള്ളണം.
സംസ്ഥാന സർക്കാർ ഇതിനായി രാഷ്ട്രീയ സമ്മർദം ശക്തമാക്കണമെന്നും സമയബന്ധിതമായി ഗതാഗത പദ്ധതികൾ പൂർത്തിയാക്കാൻ ഇടപെടണമെന്നും നിർദേശമുയർന്നു.
എഴുത്തുകാരൻ ഒ.കെ.ജോണി മോഡറേറ്ററായി. ടി.സിദ്ദീഖ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, ജില്ലാ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ എം.മുഹമ്മദ് ബഷീർ, സിപിഎം ജില്ലാ സെക്രട്ടറി കെ.റഫീഖ്, സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ.ബാബു, ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയൽ, വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് ജോജിൻ ടി.
ജോയി, വയനാട് ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ജോണി പാറ്റാനി, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പരിസ്ഥിതി വിഷയസമിതി കൺവീനർ പ്രഫ. കെ.
ബാലഗോപാലൻ, വയനാട് ചുരം സംരക്ഷണസമിതി പ്രസിഡന്റ് പി.കെ.സുകുമാരൻ, പടിഞ്ഞാറത്തറ–പൂഴിത്തോട് കർമസമിതി പ്രതിനിധി യു.സി.ഹുസൈൻ, ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന സമിതിയംഗം പി.കെ. രാജശേഖരൻ, ആംബുലൻസ് ഡ്രൈവർ അനസ് കൽപറ്റ, കുടുംബശ്രീ കമ്യൂണിറ്റി കൗൺസിലർ എൻ.എൽ.
സിസിലി തുടങ്ങിയവർ പങ്കെടുത്തു.
വയനാട് കണക്ട് ടേബിൾ ടോക്– ഉയർന്ന നിർദേശങ്ങളിൽ ചിലത്
∙ ചുരം വളവുകളുടെ വീതികൂട്ടലിന് അടിയന്തര പ്രാധാന്യം നൽകണം. ടെൻഡർ നടപടികളിലെ കാലതാമസം ഒഴിവാക്കണം
∙ ദേശീയപാത 766ൽ മീനങ്ങാടി, ബത്തേരി ബൈപാസുകൾക്കൊപ്പം ചിപ്പിലിത്തോട്–തളിപ്പുഴ ബൈപാസിന്റെയും വികസനം സാധ്യമാക്കണം
∙ ദേശീയപാത 766 മലാപ്പറമ്പ്–പുതുപ്പാടി, പുതുപ്പാടി–മുത്തങ്ങ എന്നിങ്ങനെ രണ്ടു റീച്ചുകളിലായി നാലുവരിയായി വികസിപ്പിക്കണം
∙ പൊതുമരാമത്ത് വകുപ്പിനുകീഴിൽ പ്രത്യേക ചുരം ഡിവിഷൻ രൂപീകരിക്കണം
∙ അമ്പായത്തോട്–44 ചുരമില്ലാ ബദൽപാതയും പരിഗണിക്കണം
∙ റോഡ് വികസനത്തിനു തടസ്സം നിൽക്കുന്ന ലോബികളെ ഒറ്റപ്പെടുത്തണം
∙ രാഷ്ട്രീയ തീരുമാനമല്ല, മുൻഗണന അടിസ്ഥാനത്തിലുള്ള തീരുമാനമാണു വേണ്ടത്
∙ േവഗത്തിൽ നടപ്പിലാക്കാവുന്നതും ചെലവുകുറഞ്ഞതുമായ പരിഹാരങ്ങൾ ചുരം ബൈപാസും പടിഞ്ഞാറത്തറ–പൂഴിത്തോട് പാതയും
∙ ചുരത്തിലെ ഗതാഗതനിയന്ത്രണം, സുരക്ഷ ഉറപ്പാക്കൽ, പ്രകൃതിദുരന്ത മുന്നറിയിപ്പ് നൽകൽ തുടങ്ങിയവയ്ക്കായി കോഴിക്കോട്–വയനാട് ജില്ലാ ഭരണകൂടങ്ങൾ ആഴ്ചയിലൊരിക്കലെങ്കിലും യോഗം ചേരണം.
∙ ചുരംപാതയിൽ വനസംരക്ഷണം, മണ്ണുസംരക്ഷണം, ജലസംരക്ഷണം എന്നിവയ്ക്കു പ്രാധാന്യം നൽകി റോഡ് കൂടുതൽ ബലവത്താക്കണം. ∙ രാത്രിയാത്രാ നിരോധനത്തിലെ പ്രശ്നം പരിഹരിക്കാൻ വയനാട് എംപിയുടെ ഇടപെടൽ വേണം …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]