പുൽപള്ളി (വയനാട്) ∙ കാട്ടാനയുടെ കാൽചുവട്ടിലകപ്പെട്ട സഹോദരങ്ങൾ അത്ഭുതകരമായി രക്ഷപ്പെട്ടു.
ബൈക്കിൽ കാട്ടിക്കുളത്തേക്കു പോവുകയായിരുന്ന മുള്ളൻകൊല്ലി സ്വദേശികളായ വാഴപ്പിള്ളിൽ ജോർജ് (54), ജോസ് (52) എന്നിവരാണ് ഇന്നലെ രാവിലെ ചേകാടി വനത്തിൽ വച്ച് പാഞ്ഞടുത്ത കാട്ടാനയുടെ ആക്രമണത്തിൽനിന്നു രക്ഷപ്പെട്ടത്. തുമ്പിക്കൈകൊണ്ടുള്ള അടിയേറ്റുവീണ ജോസിന്റെ നെറ്റിയിൽ മരക്കുറ്റിതറച്ച് പരുക്കേറ്റു.
ഇന്നലെ രാവിലെ ഏഴരയോടെയാണ് സംഭവം. കാട്ടിക്കുളത്ത് ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനായിരുന്നു ഇവരുടെ യാത്ര.
വനപാതയിൽ ആനയുണ്ടെന്നു തൊഴിലാളികളുമായിവന്ന ജീപ്പ് ഡ്രൈവർ പറഞ്ഞതിനാൽ ബൈക്ക് നിർത്തി നിരീക്ഷിക്കുന്നതിനിടെ പാതയോരത്തുണ്ടായിരുന്ന ആന പാഞ്ഞടുക്കുകയായിരുന്നു.
ഇതു കണ്ട് ബൈക്ക് തിരിക്കുന്നതിനിടെ ജോസ് മറിഞ്ഞു വീണു. പിന്നിലിരുന്ന ജോർജ് ഇറങ്ങിയോടി.
വീണുകിടന്ന ജോസ് വനത്തിലേക്കോടിയെങ്കിലും പിന്നാലെ ആനയുമെത്തി. ആനയുടെ മുന്നിൽ നിന്നു രക്ഷപ്പെടാൻ മരംചുറ്റി ഓടുന്നതിനിടെ ആന തുമ്പിക്കൈകൊണ്ട് ജോസിനെ അടിച്ചു.
വീഴ്ചയ്ക്കിടെ ഹെൽമറ്റിന്റെ ഗ്ലാസ് പൊട്ടുകയും മരക്കുറ്റി തറച്ച് നെറ്റിയിൽ മുറിവേൽക്കുകയും ചെയ്തു.
സഹോദരനു പിന്നാലെ ആന കൊലവിളിയോടെ നീങ്ങിയതുകണ്ട് റോഡിലൂടെ ഓടിയ ജോർജ് നിലവിളിച്ചെത്തിയപ്പോൾ ആന ജോർജിനുനേരെ തിരിഞ്ഞു. പിന്നെയും തിരിച്ചെത്തിയ ആന നിലത്തുകിടക്കുന്ന ജോസിനെ കുറെനേരം നിരീക്ഷിച്ച ശേഷം വനത്തിലേക്കു കയറിപ്പോയി.
റോഡിലുണ്ടായിരുന്ന ജീപ്പിൽ കയറിയാണ് ഇരുവരും രക്ഷപെട്ടത്. വിവരമറിഞ്ഞ് വനപാലകരെത്തി ജോസിനെ ആശുപത്രിയിലെത്തിച്ചു ചികിൽസ നൽകി. വനത്തിൽ കിടന്ന ബൈക്കും വനപാലകർ വീട്ടിലെത്തിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]