
പടിഞ്ഞാറത്തറ ∙ ബസ് സ്റ്റാൻഡിലെ സ്വകാര്യ വാഹന പാർക്കിങ്ങിൽ പ്രതിഷേധിച്ച് സ്വകാര്യ ബസുകൾ സ്റ്റാൻഡ് ബഹിഷ്കരിച്ച് പ്രതിഷേധം ആരംഭിച്ചു. സ്വകാര്യ വാഹന പാർക്കിങ് അനുവദിച്ചതോടെ ബസുകൾക്ക് സുഗമമായി പ്രവേശിക്കാനും യാത്രക്കാരെ കയറ്റാനും ഇറക്കാനും കഴിയുന്നില്ലെന്നാണ് ബസ് ജീവനക്കാർ പറയുന്നത്.
ഏറെ നാളായി ബസുകൾക്ക് മതിയായ സൗകര്യം ഒരുക്കാൻ പഞ്ചായത്ത് അധികൃതർ തയാറാകുന്നില്ലെന്നും ഇവർ പരാതി പറയുന്നു.
സ്റ്റാൻഡിനുള്ളിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിനു സമീപം നിർത്താൻ സൗകര്യമില്ലാത്തതിനാൽ യാത്രക്കാരും ദുരിതത്തിലാകുന്നതായി ബസ് ജീവനക്കാർ പറയുന്നു. പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തിലും പൊലീസിലും പരാതി നൽകിയിട്ട് ഏറെ നാളായിട്ടും പരിഹാരം ഇല്ലാത്തതിനാലാണ് പ്രതിഷേധം എന്നും പ്രശ്നത്തിന് പരിഹാരമാകുന്നത് വരെ ബസുകൾ സ്റ്റാൻഡിൽ കയറില്ല എന്നും ഇവർ പറയുന്നു.
എന്നാൽ ഷോപ്പിങ് കോംപ്ലക്സ് അടക്കമുള്ള ബസ് സ്റ്റാൻഡിലെ കച്ചവട സ്ഥാപനങ്ങൾക്കു മുൻപിൽ മണിക്കൂറുകളോളം ബസ് നിർത്തിയിടുന്നത് ഇവിടെ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്കും ഓഫിസുകൾക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായും ഇത് പരിഹരിക്കുന്നതിന് സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന ഭാഗം ബസ് പ്രവേശിക്കുന്നത് തടയാൻ ചങ്ങല ഉപയോഗിച്ച് തടസ്സം വരുത്തിയതാണ് ബസ് ജീവനക്കാരുടെ പ്രതിഷേധത്തിന് ഇടയാക്കിയത് എന്നും പഞ്ചായത്ത് അധികൃതർ പറഞ്ഞു.
ബസ് ഏറെ നേരം നിർത്തിയിടുന്നത് കച്ചവടത്തെ സാരമായി ബാധിക്കുന്നതായി വ്യാപാരികളും പറയുന്നു. പ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായി ബസ് ഉടമകളും പഞ്ചായത്ത് അധികൃതരും ഇന്നലെ നടത്തിയ ചർച്ച പരാജയപ്പെട്ടു.
അതോടെ കലക്ടർക്ക് പരാതി നൽകുമെന്ന് ബസ് ജീവനക്കാർ അറിയിച്ചു. ബസുകൾ ടൗണിലെ പ്രധാന റോഡിൽ നിർത്തിയതോടെ യാത്രക്കാർ വൻ ദുരിതത്തിലായി.
ഏറെ തിരക്കുള്ള സ്ഥലത്ത് ബസ് നിർത്തിയിടുന്നത് വിദ്യാർഥികൾ അടക്കമുള്ളവരെ വൻ ദുരിതത്തിലാക്കി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]