
കൊടുംചൂടിൽ കൂൾ കൂളായി കണിയാരം അണക്കെട്ട്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മാനന്തവാടി ∙കണിയാരം ടൗണിൽ നിന്ന് ഒരു കിലോമീറ്റർ മാത്രം അകലമുള്ള കണിയാരം അണക്കെട്ടു പൊള്ളുന്ന മീനച്ചൂടിൽ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി മാറുന്നു. സ്കൂൾ അവധി ആരംഭിച്ചതോട ഒട്ടേറെ കുടുംബങ്ങളാണ് ഇവിടേക്ക് എത്തുന്നത്.ചെറുകിട ജലസേചന വകുപ്പിന്റെ ചുമതലയിലുള്ള ഈ അണക്കെട്ട് മാനന്തവാടി നഗരസഭയുടെ 5, 33 ഡിവിഷനുകളിലാണു സ്ഥിതി ചെയ്യുന്നത്. ഒരു ഏക്കറിലധികം വിസ്തൃതിയുള്ള അണക്കെട്ട് സഞ്ചാരികളുടെ മനം കവരുന്നു. മാനന്തവാടി നഗരസഭാ പരിധിയിലെ പുതിയ ടൂറിസം കേന്ദ്രമാക്കി അണക്കെട്ടിനെ മാറ്റാനുള്ള നടപടി വേണമെന്ന ആവശ്യം ഉയർന്നിട്ട് നാളേറെയായി.സഞ്ചാരികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തി നവീകരിച്ചാൽ വിനോദ സഞ്ചാര മേഖലയ്ക്ക് ഇത് പുത്തൻ ഉണർവുണ്ടാകും. കണിയാരം ടൗണിൽനിന്ന് ഒരു കിലോമീറ്റർ മാത്രമാണ് അവിടേക്കുള്ളതെന്നതിനാൽ എത്തിച്ചേരാനും എളുപ്പമാണ്.
ഇവിടെയുള്ള 30 ഏക്കറോളം വിനോദസഞ്ചാര പദ്ധതിക്കു വിനിയോഗിക്കാൻ കഴിയുന്നതാണ്. പ്രദേശത്തിന്റെ ഭൂപ്രകൃതിയും ഏറെ സവിശേഷതകൾ നിറഞ്ഞതാണ്. ഈ അണക്കെട്ടിലെ ജലം കനാൽ വഴി എത്തിച്ചാണ് ഹെക്ടർ കണക്കിന് പാടത്ത് കൃഷി ചെയ്യുന്നത്.ജലസേചന വകുപ്പിന്റെ തനത് ഫണ്ട് ഉപയോഗിച്ച് അണക്കെട്ടിന്റെ വശങ്ങളിൽ സംരക്ഷണ ഭിത്തി നിർമിച്ചിട്ടുണ്ട്. നവീകരിച്ചാൽ കുട്ടികളുടെ പാർക്ക്, പൂന്തോട്ടങ്ങൾ, ബോട്ട്, കയാക്കിങ് സർവീസുകൾ എന്നിവ ആരംഭിക്കാൻ കഴിയും.നീന്തൽ പരിശീലന കേന്ദ്രമായും അണക്കെട്ട് പ്രയോജനപ്പെടുത്താൻ കഴിയും. കണിയാരം അണക്കെട്ട് ടൂറിസം കേന്ദ്രമാക്കുന്നതിനുള്ള നടപടികൾക്ക് മന്ത്രി ഒ.ആർ.കേളു മുൻകൈ എടുക്കുന്നുണ്ട്. ഇത് സംബന്ധിച്ച നിർദേശം സർക്കാരിന്റെ പരിഗണനയിലുണ്ട്.പ്രകൃതി ഭംഗി ആവോളം ആസ്വദിക്കാൻ കഴിയുന്ന അണക്കെട്ടിനെ മികച്ച ടൂറിസം കേന്ദ്രമാക്കി മാറ്റണമെന്ന വർഷങ്ങളായുള്ള ആവശ്യത്തിന് ഇനിയെങ്കിലും നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണു നാട്ടുകാർ.