അമ്പലവയൽ ∙ എടയ്ക്കലിൽ സന്ദർശകർക്കു നിയന്ത്രണം ഏർപെടുത്തിയതു വിനോദസഞ്ചാരമേഖലയ്ക്കു തിരിച്ചടിയാകുന്നു. വിദൂര ജില്ലകളിൽനിന്നടക്കം എത്തുന്ന ഒട്ടേറെപ്പേരാണ് എടയ്ക്കൽ കാണാനാകാതെ മടങ്ങുന്നത്.
നൂറ്റാണ്ടുകൾ പഴക്കമുള്ള ശിലാലിഖിതങ്ങളുള്ള എടയ്ക്കൽ ഗുഹയിൽ പുരാവവസ്തു വകുപ്പാണ് വർഷങ്ങൾക്ക് മുൻപ് സന്ദർശകരുടെ എണ്ണത്തിൽ നിയന്ത്രണമേർപ്പെടുത്തിയത്.
1920 പേർക്കു മാത്രമേ ദിവസേന പ്രവേശനമുള്ളൂ. ക്രിസ്മസ്–പുതുവർഷ വിനോദ സഞ്ചാര സീസൺ ആരംഭിച്ചതോടെ ജില്ലയിലേക്ക് സഞ്ചാരികൾ ഒഴുകിയെത്തുമ്പോഴും എടക്കലിലേക്ക് എല്ലാ സന്ദർശകരെയും പ്രവേശിപ്പിക്കാനാകാത്ത സാഹചര്യമാണുള്ളത്.
കുറേ ദിവസങ്ങളായി ഉച്ചയോടെ 1920 പേർ സന്ദർശനത്തിനായി എത്തുന്നതിനാൽ പിന്നീട് എത്തുന്നവരെല്ലാം നിരാശരായി മടങ്ങേണ്ടിവരുന്നു.
ജില്ലയിലെ മറ്റു കേന്ദ്രങ്ങൾ സന്ദർശിച്ച് എടയ്ക്കലിക്ക് എത്തുമ്പോഴേക്കും സന്ദർശകരുടെ എണ്ണം പൂർത്തിയാകുകയാണ്. മണിക്കൂറുകളോളം യാത്ര ചെയ്ത് എത്തുന്ന പലരും ഏറെനേരം സന്ദർശനത്തിനായി വരിയിൽ നിന്ന ശേഷമാണ് മടങ്ങേണ്ട
സാഹചര്യമുണ്ടാകുന്നത്. നടന്നുമുകളിലേത്തി ഗുഹ സന്ദർശിക്കേണ്ടതിനാൽ വിനോദ സഞ്ചാരികൾ ഉച്ചകഴിഞ്ഞോ അവസാനത്തെ സന്ദർശന കേന്ദ്രമായോ ആണ് എടയ്ക്കലിനെ ഉൾപ്പെടുത്തുന്നത്.
എന്നാൽ ഇവിടെയെത്തുമ്പോഴെക്കും പ്രതിദിന സഞ്ചാരികളുടെ എണ്ണം പൂർത്തിയായിട്ടുണ്ടാകും.
2018ലെ പ്രളയകാലത്ത് ഗുഹയുടെ ഉള്ളിലേക്ക് വെള്ളവും കല്ലും ഒലിച്ചിറങ്ങി എഴുത്തുകൾക്ക് കേടുപാടുകൾ വരുമെന്ന പുരാവസ്തു വകുപ്പിന്റെ കണ്ടെത്തലിന് പിന്നാലെയാണ് താൽക്കാലികമായി സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. എന്നാൽ, മഴക്കാലം പലതു കഴിഞ്ഞിട്ടും നിയന്ത്രണം പിൻവലിച്ചിക്കാത്തതാണു വിനോദ സഞ്ചാര മേഖലയ്ക്കു തിരിച്ചടിയായത്.
ജില്ലയിൽ ഡിടിപിസിയുടെ കീഴിലുള്ള കേന്ദ്രങ്ങളിൽ ഏറ്റവും കൂടുതൽ സന്ദർശകരെത്തുന്ന കേന്ദ്രമാണിത്.
എന്നാൽ, പഴയ ശിലാലിഖിതങ്ങൾ കാണാനും അറിയാനും മനസിലാക്കാനുമെത്തുന്ന വിദ്യാർഥികൾ ഉൾപ്പെടെയുള്ള സംഘങ്ങളാണു നിരാശയോടെ മടങ്ങുന്നത്.
ഏറെക്കാലമായി നിയന്ത്രണം നിലനിൽക്കുന്നതിനാൽ എടയ്ക്കലിനോട് ചേർന്ന് ഉപജീവനം നടത്തുന്നവരും പ്രതിസന്ധിയിലാണ്. സന്ദർശകർ മടങ്ങുന്നതു വ്യാപാരത്തെയും കാര്യമായി ബാധിക്കുന്നുണ്ട്.
ശിലാലിഖിതങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളൊന്നുമില്ലാത്തതിനാൽ സന്ദർശകരുടെ എണ്ണത്തിലെ നിയന്ത്രണം എടുത്തു കളയണമെന്ന ആവശ്യം ശക്തമാവുകയാണ്.
ഏഴുവർഷമായിട്ടും എങ്ങുമെത്താതെ പഠനം
പഠനം നടത്തിയശേഷം സന്ദർശക നിയന്ത്രണം എടുത്തുകളയുമെന്ന് പ്രളയകാലത്ത് നിയന്ത്രണം ഏർപെടുത്തിയപ്പോൾ പ്രഖ്യാപനമുണ്ടായിരുന്നു. എന്നാൽ, 7 വർഷമായിട്ടും പഠനം എവിടെയുമെത്തുകയോ നിയന്ത്രണം പിൻവലിക്കുകയോ ചെയ്തില്ല.
സഞ്ചാരികളെ നിയന്ത്രിച്ച് ഗുഹയ്ക്കുള്ളിലേക്കു തിരക്ക് ആകാത്തവിധം കടത്തിവിടാൻ സൗകര്യം ഏർപെടുത്താമെന്നിരിക്കെ, സന്ദർശകരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നതു യുക്തിസഹമല്ലെന്ന വിലയിരുത്തൽ അധികൃതർക്കുണ്ടായിരുന്നു. എന്നാൽ, പുരാവസ്തു വകുപ്പിന്റെ നിലപാട് ആണു നിയന്ത്രണം പിൻവലിക്കാൻ തടസ്സമാകുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

