മാനന്തവാടി ∙ വിവാദങ്ങൾക്കിടെ ഒരു കിലോ പന്നിയിറച്ചി വില 350 രൂപയായി നിജപ്പെടുത്തിയെന്ന് പിഗ് ഫാർമേഴ്സ് അസോസിയേഷൻ.വില ഏകീകരണം ഇന്നു മുതൽ നിലവിൽ വരുമെന്നും വില ഏകീകരണത്തോടെ ജില്ലയിൽ എല്ലായിടത്തും 350 രൂപയ്ക്ക് പന്നിയിറച്ചി ഉപഭോക്താക്കൾക്ക് ലഭ്യമാകുമെന്നും ഭാരവാഹികൾ അറിയിച്ചു. അതേ സമയം അന്യായമായ വില വർധന അംഗീകരിക്കില്ലെന്നും നിലവിലെ വിലയായ 300 രൂപയ്ക്ക് തന്നെ വിൽപന തുടരുമെന്നും ഒരു വിഭാഗം അറിയിച്ചു.
കഴിഞ്ഞ ദിവസം എരുമത്തെരുവിലെ, 300 രൂപയ്ക്ക് വിൽപന നടത്തുന്ന കടയിൽ അസോസിയേഷൻ പ്രവർത്തകർ എത്തി പ്രതിഷേധിച്ചിരുന്നു.
എന്നാൽ കർഷകരിൽ നിന്ന് 150 രൂപയ്ക്ക് വാങ്ങുന്ന പന്നി 300 രൂപയ്ക്ക് വിറ്റാലും മാന്യമായ ലാഭം കിട്ടുമെന്ന് വയനാട് പിഗ് മീറ്റ് ട്രേഡേഴ്സ് അസോസിയേഷന്റെ അംഗമായ സുനിൽ മാളിയേക്കൽ പറഞ്ഞു.ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പന്നിയിറച്ചി പല വിലകളിൽ വിൽക്കുന്നത് തർക്കങ്ങൾക്ക് ഇടയാക്കിയതിനെ തുടർന്നാണ് സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ പിഗ് ഫാർമേഴ്സ് അസോസിയേഷൻ, പന്നി മാംസ വ്യാപാരികൾ എന്നിവരെ ഉൾപ്പെടുത്തി മാനന്തവാടിയിൽ ഇന്നലെ യോഗം ചേർന്നത്.
മാനന്തവാടി, പുൽപള്ളി, ബത്തേരി, വൈത്തിരി, അമ്പലവയൽ തുടങ്ങി വിവിധ ഭാഗങ്ങളിലെ കർഷകരും വ്യാപാരികളും യോഗത്തിന് എത്തിയിരുന്നു. വില ഏകീകരണത്തിന് മുൻപ് ഒരു കിലോഗ്രാം പന്നി മാംസത്തിന് 300 രൂപ മുതൽ 380 രൂപ വരെയായിരുന്നു ഈടാക്കിയിരുന്നത്.
ഒരു സ്ഥലത്ത് തന്നെ പല വിലകളിലുള്ള വിൽപന കഴിഞ്ഞ ദിവസങ്ങളിൽ തർക്കങ്ങൾക്കും തുടർന്ന് ചർച്ചയിലേക്കും വഴി തുറക്കുകയായിരുന്നു.കേരള വ്യാപാരി വ്യവസായി സമിതി ജില്ലാ ജോ. സെക്രട്ടറി എം.ആർ.സുരേഷ്, വൈസ് പ്രസിഡന്റ് ശ്രീധരൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.എം.
സലീം, കെ.ജി.സുനിൽ, പിഗ് ഫാർമേഴ്സ് സംസ്ഥാന സെക്രട്ടറി വിശ്വപ്രകാശ്, ജില്ലാ സെക്രട്ടറി ഷിജോ, പിഗ് മീറ്റ് മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് റെജി എടത്തറ, സെക്രട്ടറി എം.സനൽ, ഷാജി മാനന്തവാടി, ഷാനിൽ പുൽപള്ളി എന്നിവർ പങ്കെടുത്തു.
സാധാരണക്കാരായ ജനങ്ങൾക്ക് ആവശ്യമായ ഭക്ഷണ വസ്തുക്കൾ അതിന്റെ ഗുണനിലവാരം ഉറപ്പ് വരുത്തി വില കുറച്ചു കൊടുക്കുന്നതിൽ തെറ്റില്ലെന്ന വാദവുമായി എരുമത്തെരുവിൽ ജനകീയ കൂട്ടായ്മയും രൂപം കൊണ്ടിട്ടുണ്ട്. കച്ചവട മാഫിയകളെ നിലനിർത്തുമെന്നും അവരുടെ കൊള്ള അനുവദിക്കില്ലെന്നും വ്യക്തമാക്കി നവമാധ്യമങ്ങളിലും ചർച്ച സജീവമാണ്.
പന്നി ഇറച്ചിക്ക് കൊള്ളലാഭം കൊയ്യുന്നവർ വില കുറച്ചു വിൽക്കുന്നു എന്ന പേരിൽ കട പൂട്ടാൻ വരികയും ഗുണ്ടായിസം കാട്ടുകയും ചെയ്താൽ ജനങ്ങൾ അംഗീകരിക്കില്ലെന്നും 300 രൂപയ്ക്ക് വിൽക്കുന്ന എരുമത്തെരുവിലെ ബത്തേരിക്കാരന്റെ പന്നിക്കട
അവിടെ ‘തുടരും’ എന്നും ജനകീയ സമിതിയുടെ പോസ്റ്റിൽ പറയുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]