കൽപറ്റ ∙ ജില്ലയിൽ ജനുവരി മുതൽ ജൂലൈ വരെ എലിപ്പനി ബാധിച്ച് മരിച്ചത് 18 പേർ. ഇക്കാലയളവിൽ 45 രോഗം സ്ഥിരീകരിച്ച കേസുകളും 102 രോഗം സംശയിക്കുന്ന കേസുകളുമുണ്ടായി.
2024ൽ എലിപ്പനി ബാധിച്ച് 25 പേരാണ് മരിച്ചത്. 403 സ്ഥിരീകരിച്ച എലിപ്പനി കേസുകളും 129 സംശയിക്കുന്ന കേസുകളും കഴിഞ്ഞവർഷമുണ്ടായി.മരിച്ചവരിൽ ഭൂരിഭാഗവും യുവാക്കളും മധ്യവയസ്കരുമാണ്.
പട്ടികവർഗ മേഖലയിലുള്ളവരും ഉൾപ്പെടുന്നു. ഇൗ സാഹചര്യത്തിൽ, പനി അടക്കമുള്ള രോഗലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടാൻ വൈകരുതെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.ടി.മോഹൻദാസ് അറിയിച്ചു.
ലക്ഷണങ്ങളുണ്ടായിട്ടും ചികിത്സ നീട്ടിക്കൊണ്ടു പോയവരാണ് ഭൂരിഭാഗവും.
എലിപ്പനി ബാധയ്ക്ക് സാധ്യതയുള്ള സാഹചര്യത്തിൽ ജോലി ചെയ്യുമ്പോഴും ഡോക്സിസൈക്ലിൻ പ്രതിരോധ ഗുളിക കഴിക്കാത്തവരും ഇതിൽ ഉൾപ്പെടുന്നു. പ്രായഭേദമന്യേ ആർക്കും എലിപ്പനി ബാധിക്കാമെന്നും നേരത്തേ ചികിത്സ തേടിയില്ലെങ്കിൽ രോഗം ഗുരുതരമായി മരണം സംഭവിക്കാമെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
സ്ഥിര മദ്യപാനവും ലഹരി ഉപയോഗവും ലക്ഷണങ്ങളെ അവഗണിക്കുന്നതിനും രോഗം മൂർഛിക്കുംവരെ ചികിത്സ നീട്ടിക്കൊണ്ടു പോകുന്നതിനും ഇടയാക്കും. ഇത്തരം ശീലങ്ങളുള്ളവരിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. മൃഗങ്ങളുടെ മൂത്രവുമായി സമ്പർക്കമുണ്ടാകാവുന്ന സാഹചര്യങ്ങൾ ജില്ലയിലെ വനാതിർത്തികളിലും തോട്ടങ്ങളിലും മറ്റും കൂടുതലാണ്.
എലിപ്പനി ബാധിക്കുന്നത് ഇങ്ങനെ
തലവേദനയോടു കൂടിയ പനിയും ശരീരവേദനയുമാണ് പ്രധാന ലക്ഷണം.
രോഗാവസ്ഥ അനുസരിച്ച് കണ്ണിൽ ചുവപ്പ് നിറമുണ്ടാകുന്നു. നേരത്തേ കണ്ടെത്തി ചികിത്സിച്ചിച്ചില്ലെങ്കിൽ കരൾ, വൃക്ക, ശ്വാസകോശം എന്നിവയെയൊക്കെ ബാധിച്ച് മരണം സംഭവിച്ചേക്കാം.പനി അടക്കമുള്ള ലക്ഷണങ്ങൾ കണ്ടാൽ എത്രയും പെട്ടെന്ന് ഡോക്ടറെ കാണുകയും ശരിയായ ചികിത്സയ്ക്ക് വിധേയമാക്കുകയും ചെയ്യുക എന്നതാണ് രോഗം ഗുരുതരമാകാതിരിക്കുന്നതിനും മരണം തടയുന്നതിനുമുള്ള മാർഗം.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
ശരിയായ ബൂട്ടുകളും ഗ്ലൗസുമില്ലാതെ ശുചീകരണ പ്രവർത്തനങ്ങളിലേർപ്പെടരുത്. കുട്ടികളെ ചെളിയിലും വെള്ളത്തിലും കളിക്കാൻ വിടരുത്.
വീട്ടിൽ കഴിച്ച് ബാക്കിയുള്ള ഭക്ഷണം തുറന്നിടരുത്. വീടും പരിസരവും പൊതുയിടങ്ങളും വൃത്തിയായി സൂക്ഷിക്കുകയും എലികൾ പെരുകുന്ന സാഹചര്യങ്ങൾ സൃഷ്ടിക്കാതിരിക്കുകയും ചെയ്യണം. മാലിന്യവുമായും മലിന ജലവുമായും സമ്പർക്കമുണ്ടായാൽ സോപ്പിട്ട് നന്നായി കഴുകുക. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.
മണ്ണുമായും മാലിന്യങ്ങളുമായും സമ്പർക്കമുണ്ടാകുന്ന തൊഴിലുകളിലേർപ്പെടുന്നവർ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ നിന്നു സൗജന്യമായി ലഭിക്കുന്ന എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ, ആരോഗ്യപ്രവർത്തകർ പറയുന്ന അളവിലും രീതിയിലും കഴിക്കണം.
ഡോക്സിസൈക്ലിൻ എലിപ്പനി വരാതെ പ്രതിരോധിക്കുന്നതിനും രോഗം ഗുരുതരമാകാതിരിക്കുന്നതിനും സഹായിക്കും.
ഇതാണ് രോഗം
എലി, കന്നുകാലികൾ, നായ, പൂച്ച, പന്നി തുടങ്ങിയ മൃഗങ്ങളുടെ മൂത്രത്തിലൂടെ മനുഷ്യരിലേക്ക് പകരുന്ന മാരകമായ ജന്തുജന്യ രോഗമാണ് എലിപ്പനി. വെള്ളത്തിലും ചെളിയിലും കലരുന്ന മൃഗമൂത്രത്തിൽ അടങ്ങിയിരിക്കുന്ന ലെപ്റ്റോസ്പൈറ ബാക്ടീരിയകൾ കാലിലെയും മറ്റും ചെറിയ മുറിവുകളിലൂടെയോ നേർത്ത തൊലിയിലൂടെയോ ശരീരത്തിലെത്തി എലിപ്പനി രോഗബാധയുണ്ടാക്കുന്നു.
എലി മാത്രമല്ല എലിപ്പനിയുണ്ടാക്കുന്നത്.
നനവുള്ള പ്രദേശങ്ങൾ, കെട്ടിക്കിടക്കുന്ന വെള്ളം, അഴുക്കുചാലുകൾ, വയലുകൾ, കുളങ്ങൾ, മലിനമായ സ്ഥലങ്ങൾ തുടങ്ങി എവിടെയും മൃഗങ്ങളുടെ മലമൂത്ര വിസർജ്യങ്ങൾ കലർന്നിട്ടുണ്ടാവാം. അവിടെ ചെരിപ്പിടാതെ നടക്കുന്നത് എലിപ്പനി ക്ഷണിച്ചു വരുത്തും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]