
കൽപറ്റ ∙ വയനാട്ടിലെ കുറുക്കന്മാർക്കു ഭീഷണിയായി കൃഷിയിടങ്ങളിലെ കീടനാശിനി പ്രയോഗം. രാസകീടനാശിനികളുടെ അമിതോപയോഗം മൂലം വയനാട്ടിൽ പലയിടത്തും കുറുക്കന്മാർ അപ്രത്യക്ഷമായതായി ആരണ്യകം നേച്ചർ ഫൗണ്ടേഷന്റെ പഠനത്തിൽ കണ്ടെത്തി. കർഷകരുടെ ജീവനും സ്വത്തിനും വൻ നാശനഷ്ടമുണ്ടാക്കുന്ന തരത്തിൽ കാട്ടുപന്നികളുടെ എണ്ണം ക്രമാതീതമായി വർധിച്ചതിനു പ്രധാന കാരണം കുറുക്കന്മാരുടെ സാന്നിധ്യം കുറഞ്ഞതാണെന്നും പഠനത്തിൽ പറയുന്നു.
നേരത്തേ തോട്ടങ്ങളിലും നെൽവയലുകളിലും ധാരാളമായിരുന്ന കുറുക്കന്മാർ കാട്ടുപന്നിക്കുഞ്ഞുങ്ങളെ വേട്ടയാടിയിരുന്നതു കാട്ടുപന്നികളുടെ എണ്ണം കുറയ്ക്കാൻ സഹായിച്ചിരുന്നു.
എന്നാൽ, കാലക്രമേണ കുറുക്കന്മാരുടെ എണ്ണം കുറഞ്ഞതോടെ കാട്ടുപന്നികൾ കൂട്ടത്തോടെ പെറ്റുപെരുകി. മയിലുകളുടെ എണ്ണം കൂടുന്നതിനും കുറുക്കന്മാർ കുറയുന്നതു കാരണമാകുന്നുണ്ടെന്നു വിലയിരുത്തലുണ്ട്.
ഇത്തരം നിരീക്ഷണങ്ങൾ അനുഭവങ്ങളിൽനിന്ന് ക്രോഡീകരിച്ചെടുത്തതും ശ്രദ്ധേയവുമാണെങ്കിലും കേരളത്തിലെ ആവാസവ്യവസ്ഥയിൽ അവയുടെ അടിസ്ഥാനം ഉറപ്പാക്കാൻ ശാസ്ത്രീയ പഠനം ആവശ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു.വളർത്തുപക്ഷികളെ പിടിക്കുമെന്നതൊഴിച്ചാൽ കാട്ടുപന്നികളുമായി താരതമ്യം ചെയ്യുമ്പോൾ കർഷകർക്ക് അത്ര ഉപദ്രവകാരിയല്ലാത്ത ജീവിയാണു കുറുക്കൻ.
സർവേയിൽ പങ്കെടുത്ത ഭൂരിഭാഗം പേരും കുറുക്കനെ ശല്യമായി കാണുന്നില്ലെന്ന് അഭിപ്രായപ്പെട്ടവരാണ്.
എലി, പന്നി തുടങ്ങിയ ജീവികളെ നിയന്ത്രിക്കുന്നതിലൂടെ അവ മനുഷ്യർക്ക് ഉപകാരിയാണെന്നും വിശ്വസിക്കുന്നു. പേവിഷബാധയ്ക്കുള്ള സാധ്യത, കോഴികളെ പിടികൂടുന്നത് എന്നിവ മൂലം ആശങ്കയോടെ കാണുന്നവരുമുണ്ട്. ഡോ.
പി.എസ്. ഈസ, എസ്.
ധ്രുവരാജ്, ഡോ. സന്ദീപ് ദാസ് എന്നിവരാണു പഠനം നടത്തിയത്.
വയൽ ഞണ്ടുകൾ ഇല്ലാതായത്
മിശ്രഭോജികളായ കുറുക്കന്മാരുടെ പ്രധാന ഭക്ഷണങ്ങളിൽ ഒന്ന് വയൽ ഞണ്ടുകളായിരുന്നു.
എളുപ്പത്തിൽ ധാരാളമായി ലഭിച്ചിരുന്നതുകൊണ്ട് ഞണ്ടുകൾ കുറുക്കന്മാരുടെ നിലനിൽപിന് അത്യന്താപേക്ഷിതമായിരുന്നു. എന്നാൽ, കീടനാശിനിപ്രയോഗം മൂലം ഞണ്ടുകളിൽ മാരകമായ വിഷാംശം അടിഞ്ഞുകൂടി.
ഈ ഞണ്ടുകളെ ഭക്ഷിച്ച കുറുക്കന്മാരുടെ ശരീരത്തിലേക്ക് ഈ വിഷം പകർന്നു. ഇത് കുറുക്കന്മാരിൽ പലതരം ആരോഗ്യപ്രശ്നങ്ങൾക്കും മരണത്തിനുവരെയും കാരണമായി.
ശരീരത്തിൽ വിഷാംശം കൂടിയത് കുറുക്കന്മാരുടെ പ്രത്യുൽപാദന സംവിധാനത്തെ തകരാറിലാക്കുകയും വംശവർധനവ് തടയുകയും ചെയ്തുവെന്നു നേരത്തെയും പഠനങ്ങളുണ്ടായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]