
കൽപറ്റ ∙ ദുരന്തബാധിതർക്കായി എൽസ്റ്റൺ എസ്റ്റേറിലെ ടൗൺഷിപ് ഭൂമിയിൽ പണിത മാതൃകാവീടിന്റെ നിർമാണച്ചെലവിനെച്ചൊല്ലി രാഷ്ട്രീയവിവാദം. മാതൃകാവീടിന് 30 ലക്ഷം രൂപയാണു സർക്കാർ കണക്കാക്കിയിരിക്കുന്നത്.
എന്നാൽ, നിലവിൽ നിർമാണം പൂർത്തിയാക്കിയ വീടിന്റെ വലിപ്പവും സൗകര്യങ്ങളും വച്ചുനോക്കുമ്പോൾ ഇത്രയധികം തുക ഒരിക്കലും ചെലവഴിക്കേണ്ടി വരില്ലെന്നാണു പ്രതിപക്ഷസംഘടനകളുടെയും ദുരന്തബാധിതരുടെ കൂട്ടായ്മയായ ജനശബ്ദം ആക്ഷൻ കൗൺസിലിന്റെയും നിലപാട്. മാതൃകാവീടിനു തുല്യമായോ അതിനെക്കാളേറെ സൗകര്യങ്ങളോടെയോ സന്നദ്ധസംഘടനകൾ നിർമിച്ചു നൽകിയ വീടുകൾക്കു പരമാവധി 20–25 ലക്ഷം രൂപയേ ചെലവായിട്ടുള്ളൂവെന്നു ചൂണ്ടിക്കാണിക്കുന്നവരുണ്ട്.
അത്യാവശ്യം സൗകര്യങ്ങളോടുകൂടിയ വീടിന് പരമാവധി 1800 രൂപയാണ് ഒരു ചതുരശ്ര അടിക്കു ചെലവ്.
എന്നാൽ, 30 ലക്ഷം ചെലവഴിച്ചിട്ടും മേൽക്കൂരയിൽനിന്നു മഴവെള്ളം നേരെ ചുമരുകളിലേക്കു വീഴുന്ന തരത്തിലാണു നിർമാണരീതിയെന്നാണ് ഉയരുന്ന ആരോപണങ്ങളിലൊന്ന്. രണ്ടാംനിലയിലേക്ക് വീടിനുള്ളിൽനിന്നു ചവിട്ടുപടി വേണമെന്ന ആവശ്യം പരിഗണിച്ചിട്ടില്ല.
എന്നാൽ, പണി പൂർത്തിയായ ദിവസം മന്ത്രി കെ. രാജനൊപ്പം എത്തിയ ദുരന്തബാധിതർ മാതൃകാവീടിന്റെ നിർമാണരീതിയിലും സൗകര്യങ്ങളിലും സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.
1000 ചതുരശ്ര അടി വലുപ്പത്തിൽ 2 ബെഡ്റൂമും (ഒരെണ്ണം ബാത്ത് അറ്റാച്ച്ഡ്), ലിവിങ് ഏരിയ, ഡൈനിങ് ഏരിയ, അടുക്കള, വരാന്ത, സ്റ്റഡി റൂം, സ്റ്റോർ ഏരിയ എന്നിവയുൾപ്പെടെ ഭാവിയിൽ ഇരുനില നിർമിക്കാനുള്ള അടിത്തറയോടെ തയാറാക്കിയ വീടിന് 30.79 ലക്ഷം രൂപ(നികുതി കൂടാതെ)യാണു സർക്കാർ കണക്കാക്കുന്ന ചെലവ്. ചുറ്റുമതിൽ, ലാൻഡ്സ്കെയ്പ്, കിച്ചൻ കബോർഡുകൾ, കിടപ്പുമുറികളിലെ വാഡ്രോബ്, ഫാൻ–ലൈറ്റുകൾ എന്നിവയും നിർമാണച്ചെലവിൽ ഉൾപ്പെടും.
വീട് നിർമാണത്തെ സഹായിക്കാനെത്തിയ സ്പോൺസർമാരുടെ അഭിപ്രായം കണക്കിലെടുത്ത് സ്പോൺസർമാർ നൽകേണ്ട തുക 20 ലക്ഷമാക്കാനും അധികം തുക സർക്കാർ കണ്ടെത്തണമെന്നും മന്ത്രിസഭ നിശ്ചയിച്ചിരുന്നു.
ഭൂകമ്പമുൾപ്പെടെയുള്ള പ്രകൃതിദുരന്തങ്ങൾ പ്രതിരോധിക്കുകയെന്ന ലക്ഷ്യത്തോടെ 3 മീറ്ററോളം താഴ്ചയിൽ കോൺക്രീറ്റ് അടിത്തറയൊരുക്കിയാണ് വീടുകൾ നിർമിച്ചതെന്നും ആകെ ചെലവിന്റെ 40 ശതമാനത്തോളം ഇതിനു മാത്രം െചലവാകുന്നുണ്ടെന്നും നിർമാണ കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി വിശദീകരിക്കുന്നു. 3 നിലകൾ വരെ മുകളിലേക്കു പണിയാവുന്ന തരത്തിലാണു വീടുകളുടെ ഫൗണ്ടേഷൻ.
ഓരോ വീടുകൾക്കും പ്രത്യേകമായല്ല, ടൗൺഷിപ് പദ്ധതി മൊത്തമായാണു കരാർ എന്നും മാതൃകാവീടായതിനാൽ വേണ്ട മെച്ചപ്പെടുത്തലുകൾ ഇനിയും ഉണ്ടാകുമെന്നും ഉരാളുങ്കൽ അധികൃതർ പറഞ്ഞു.
എല്ലാം ബ്രാൻഡഡ്; ഗുണമേൻമയ്ക്ക് അധികൃതരുടെ ഉറപ്പ്
കൽപറ്റ ∙ ദുരന്തബാധിതർക്കായി എൽസ്റ്റൺ എസ്റ്റേറ്റിൽ ഉയരുന്നതു ഭൂകമ്പം പ്രതിരോധിക്കുന്ന ഷിയർ ഭിത്തികളോടു കൂടിയ ഉറപ്പുള്ള വീടുകൾ.
ബ്രാൻഡഡ് കമ്പനികളുടെ വാറന്റിയുള്ള നിർമാണസാമഗ്രികൾ ഉപയോഗിച്ചും ഉറപ്പും ബലവും ഗുണമേന്മയും ഈടും ഉറപ്പാക്കിയാണു നിർമാണമെന്ന് അധികൃതർ അറിയിച്ചു. ബലമുള്ളതും ഈടുനിൽക്കുന്നതുമായ റീ ഇൻഫോഴ്സ് സിമന്റ് കോൺക്രീറ്റ് (ആർസിസി) ഫ്രെയിമിലാണു മാതൃകാവീടിന്റെ ഘടനയൊരുക്കിയത്.
സോളിഡ് ബ്ലോക്ക് നിർമാണരീതിയിലാണു ചുവരുകൾ ഒരുക്കിയത്.
ലാമിനേറ്റഡ് മറൈൻ പ്ലൈവുഡിൽ അടുക്കളകളുടെ മേൽഭാഗത്തെ സ്റ്റോറേജ് സൗകര്യമൊരുക്കി. പിയു പെയ്ന്റ് ചെയ്ത ഹൈ ഡെൻസിറ്റി മൾട്ടിവുഡ് ഉപയോഗിച്ചാണു കബോർഡുകൾ. പ്ലാസ്റ്റിക് ചെയ്യാത്ത, 20 വർഷം വാറന്റിയുള്ള പോളിവിനൈൽ ക്ലോറൈഡ് (യുപിവിസി) ജനലുകളാണു വീടുകൾക്ക്.
അടുക്കളയിലും വർക്ക് ഏരിയയിലും കറുത്ത പോളിഷ് ചെയ്ത ഗ്രാനൈറ്റ് ഇട്ടു. സിറ്റ്ഔട്ടിലെയും പടികളിലെയും തറയ്ക്കു ഗ്രാനൈറ്റ് പാകി.
തീയും ചൂടും പ്രതിരോധിക്കുന്ന എഫ്ആർപി (ഫൈബർഗ്ലാസ് റീഇൻഫോഴ്സ്ഡ് പ്ലാസ്റ്റിക്) വാതിലാണു ശുചിമുറിക്ക്.
ശുചിമുറിയിലെ ടൈലുകളും താങ്ങുപണിക്കുള്ള സ്റ്റീൽ ട്യൂബുകളും പെയിന്റും പൂട്ടുകളും വാതിലും ബാത്റൂം ഫിറ്റിങ്സും വയറിങ് കേബിളുകളും സ്വിച്ചുകളും ഫാനുകളും സർക്യൂട്ട് ബ്രേക്കറുകളും മീറ്റർ ബോർഡുകളുമെല്ലാം ബ്രാൻഡഡ് ഉൽപന്നങ്ങളാണ്. 1000 ചതുരശ്രയടിയിൽ ഒറ്റ നിലയിൽ പണി തീരുന്ന വീടിന് ഭാവിയിൽ ഇരുനില നിർമിക്കാനുള്ള അടിത്തറയുണ്ടെന്നും അധികൃതർ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]